രാത്രി ഒരു മണിക്ക് നടന്‍ വാതിലിൽ വന്നു മുട്ടി; പരാതി പറഞ്ഞ ശേഷം ചൈന ടൗൺ സെറ്റിൽ വിളിച്ച് ഭീഷണിപ്പെടുത്തി-നടി ശിവാനി
''ചൈനാ ടൗൺ സെറ്റിലേക്കു നിരന്തരം വിളിച്ച് ഞാൻ അഭിനയിക്കുന്നതു തടയണമെന്ന് നടൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ തിരുവനന്തപുരത്ത് തിയറ്ററിൽ സിനിമ വരുമ്പോൾ കൂവുമെന്നു ഭീഷണിപ്പെടുത്തി.''
കോഴിക്കോട്: ഹേമ കമ്മിറ്റിൽ റിപ്പോർട്ടിൽ വെളിപ്പെടുത്തിയ നടന്മാര്‍ വാതിലിൽ മുട്ടുന്ന സംഭവം സിനിമയില്‍ നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്ന് നടി ശിവാനി. സംഭവത്തിൽ പരസ്യമായി പ്രതികരിച്ച ശേഷം നടൻ സിനിമ ഇടപെട്ടു മുടക്കാന്‍ ശ്രമിച്ചെന്നും അഡ്വാൻസ് തുക ലഭിച്ച ശേഷം പോലും നിരവധി പടങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. അതേസമയം, ഇപ്പോൾ ആരോപിക്കപ്പെട്ടവരിൽ ആരും മോശമായി പെരുമാറിയിട്ടില്ലെന്നും നടി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ശിവാനി ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വാതിലിൽ മുട്ടി ഓടിപ്പോകുന്ന ഒരു പരിപാടിയുണ്ടായിരുന്നു. രാത്രി പന്ത്രണ്ടു മണിക്കും ഒരു മണിക്കുമൊക്കെയാണ് ഇതു ചെയ്യുന്നത്. അന്നു മുറിയിൽ കൂടെ അമ്മയും ഉണ്ടായിരുന്നു. ആളെ കണ്ടുപിടിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. ഒരു തവണ അമ്മ അതു നേരിൽകണ്ടു. അങ്ങനെ സംവിധായകനോടും നിർമാതാവിനോടും പറഞ്ഞെന്നും നടി പറഞ്ഞു.
പകൽസമയത്ത് ഭയങ്കര സൗഹൃദത്തോടെ പെരുമാറുന്നയാളാണ് ഇതു ചെയ്തത്. നല്ല രീതിയിലാണു പെരുമാറിയിരുന്നത്. എന്നാൽ, രാത്രിയാകുമ്പോൾ അയാൾക്കു മറ്റേ ബാധ കയറുകയാണെന്നു തോന്നുന്നു. വാതിലിൽ മുട്ടി ഓടുകയാണു ചെയ്യുന്നത്. എന്നാൽ, ഇതിനുശേഷം കുറേകാലത്തേക്കു സിനിമയൊന്നും ഉണ്ടായിരുന്നില്ലെന്നും അവർ വെളിപ്പെടുത്തി.
''ഒന്നര കൊല്ലത്തിനുശേഷം 'ചൈനാ ടൗൺ' സിനിമയ്ക്കു വേണ്ടി വിളിച്ചു. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലായിരുന്നു ഷൂട്ട്. ഞാനും അമ്മയും ഹൈദരാബാദിൽ വിമാനമിറങ്ങുമ്പോൾ അവിടെയും ഇതേ നടനുണ്ട്. വൈരാഗ്യം സൂക്ഷിക്കുന്ന ശീലമില്ലാത്തതുകൊണ്ട് അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തു. അദ്ദേഹം ഇങ്ങോട്ട് ചിരിക്കുകയുമെല്ലാം ചെയ്തു. സിനിമയുടെയും ഷൂട്ടിന്റെയും കാര്യമെല്ലാം പറഞ്ഞിരുന്നു.
ആദ്യദിവസം തന്നെ ഷൂട്ട് ഉണ്ടാകുമെന്നായിരുന്നു ഞങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ, അവിടെ എത്തി ആദ്യത്തെ ദിവസം ഷൂട്ടില്ലെന്നു പറഞ്ഞു. രണ്ടാമത്തെയും മൂന്നാമത്തെയും ദിവസവും ഞാനും അമ്മയും വെറുതെ മുറിയിൽ ഇരുന്നു. നാലാമത്തെ ദിവസം ഷൂട്ടുണ്ടെന്നു പറയുകയും ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്തു. സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ആയിരുന്നു. നീയും ആ നടനും തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നു ചോദിച്ചു അദ്ദേഹം. ആ നടൻ സെറ്റിലേക്കു നിരന്തരം വിളിക്കുന്നുണ്ട്. ഞാൻ അഭിനയിക്കുന്നതു തടയണമെന്നും ഇല്ലെങ്കിൽ തിരുവനന്തപുരത്ത് തിയറ്ററിൽ സിനിമ വരുമ്പോൾ കൂവുമെന്നും ഈ നടൻ ഭീഷണിപ്പെടുത്തിയത്രെ. അദ്ദേഹത്തിന്റെ സമ്മർദത്തിലാണു മൂന്നു ദിവസം ഷൂട്ടിങ് വൈകിയത്.''
അന്നു മോഹൻലാലിന്റെ നിർബന്ധത്തിലാണ് എന്നെ ആ സിനിമയിൽ അഭിനയിപ്പിച്ചതെന്നും ശിവാനി വെളിപ്പെടുത്തി. ഒരു പെൺകുട്ടിയാണെന്നും ഇവിടെ വിളിച്ചുവരുത്തി തിരിച്ചയച്ചാൽ അവർക്കതു നാണക്കേടാകുമെന്നും അദ്ദേഹം പറഞ്ഞു. വേതനം പറഞ്ഞാണു വിളിക്കുന്നത്. അവർ അതിൽ പലതും കണക്കുകൂട്ടി വച്ചിട്ടുണ്ടാകും. അതു നൽകാതെ തിരിച്ചയച്ചാൽ അവർക്കുണ്ടാകുന്ന വിഷമവും അതിന്റെ ശാപവുമുണ്ടാകുമെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.
അതേസമയം, സംഭവം നടന്നു പതിനഞ്ചും ഇരുപതും വർഷം കഴിഞ്ഞ് ഒരാളെപേരെടുത്തു പറയുമ്പോൾ പ്രശ്‌നമുണ്ടെന്നും അവർ പറഞ്ഞു. അന്നത്തെ അയാളുടെ മാനസികാവസ്ഥയാകില്ല ഇന്നുള്ളത്. കുട്ടികളും പേരക്കുട്ടികളും കുടുംബവുമൊക്കെയുണ്ടാകും. അവരെയൊക്കെ ഇതു ബാധിക്കും. അതുകൊണ്ട് പേരെടുത്തു പറയാൻ താൽപര്യപ്പെടുന്നില്ല. ഇപ്പോഴും സജീവമായി ഉള്ളയാൾ തന്നെയാണ് അയാൾ. അദ്ദേഹം ഇടപെട്ട് വേറെയും ചിത്രങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ, മലയാളം മാത്രമല്ലല്ലോ നമുക്കുള്ളത്. താൻ വ്യക്തിവൈരാഗ്യം കൊണ്ടുനടക്കാറില്ലെന്നും നടി പറഞ്ഞു.
ഇപ്പോൾ ധൈര്യം ലഭിച്ചിരുന്നതുകൊണ്ടാകാം ഒരുപാടുപേർ തുറന്നുപറയുന്നതെന്നും അവർ പറഞ്ഞു. എന്നാൽ, വേട്ടക്കാരുടെ എല്ലാവരുടെയും രീതി ഒരുപോലെയാണ്. അവർ നേരത്തെ വെളിപ്പെടുത്തിയിരുന്നെങ്കിൽ ഒരുപാട് പെൺകുട്ടികൾ രക്ഷപ്പെടുമായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.
ഇപ്പോൾ രാഷ്ട്രീയത്തിലും ക്രിക്കറ്റിലും സജീവമാണെന്നും ശിവാനി പറഞ്ഞു. സമാജ്‌വാദി പാർട്ടിയുടെ സാംസ്‌കാരിക വിഭാഗത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിയാണ്. അഖിലേഷ് യാദവ് നല്ല നേതാവാണ്. അദ്ദേഹം ഒരുപാട് കാഴ്ചപ്പാടുള്ള നേതാവാണ്. പാർട്ടിയിൽനിന്നു ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനാണു ശ്രമിക്കുന്നത്. ഇതോടൊപ്പം ഭിന്നശേഷിക്കാരുടെ ക്രിക്കറ്റ് സംഘമായ ഡിഫരന്റ്‌ലി ഏബിൾഡ് ക്രിക്കറ്റ് കൗൺസിൽ ഓഫ് ഇന്ത്യയിൽ അംഗമാണ്. അതിന്റെ പ്രവർത്തനങ്ങളുമായും സജീവമാണെന്നും ശിവാനി കൂട്ടിച്ചേർത്തു.
Summary: Actress Shivani reveals that she has directly experienced the incident of actors knocking on doors as per revealed in the Hema Committee report
Adjust Story Font
16