സിദ്ധാര്‍ഥും അദിതി റാവുവും വിവാഹിതരായി
അദിതിയുടെയും സിദ്ധാര്‍ഥിന്‍റെയും രണ്ടാം വിവാഹമാണിത്
അദിതി റാവുവും സിദ്ധാര്‍ഥും
ഹൈദരാബാദ്: തെന്നിന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ഥും അദിതി റാവു ഹൈദരിയും വിവാഹിതരായി. അദിതിയുടെ ജന്‍മദേശമായ തെലങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപുരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ ഇരുവരും വിവാഹിതരായതായി ദ ഗ്രേറ്റ് ആന്ധ്ര റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സിദ്ധാര്‍ഥും അതിഥിയും വിവാഹവാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സിദ്ധാർത്ഥിൻ്റെ ജന്മനാടായ തമിഴ്‌നാട്ടിൽ നിന്നുള്ള പൂജാരിമാരുടെ സാന്നിധ്യത്തില്‍ ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നതെന്നാണ് റിപ്പോർട്ട്. അതിനാൽ താര വിവാഹം വ്യത്യസ്തമായ പാരമ്പര്യങ്ങളുടെയും സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും മിശ്രിതമായിരുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒരുമിച്ചു താമസിക്കുകയായിരുന്നു. അദിതിയുടെയും സിദ്ധാര്‍ഥിന്‍റെയും രണ്ടാം വിവാഹമാണിത്. നടന്‍ സത്യദീപ് മിശ്രയുമായുള്ള വിവാഹബന്ധം 2013ലാണ് വേര്‍പെടുത്തിയത്. സത്യദീപ് കഴിഞ്ഞ വര്‍ഷം ഫാഷന്‍ ഡിസൈനറായ മസാബ ഗുപ്തയെ വിവാഹം കഴിച്ചിരുന്നു. മേഘ്നയാണ് സിദ്ധാര്‍ഥിന്‍റെ ആദ്യഭാര്യ.
അജയ് ഭൂപതിയുടെ 2021 ലെ തെലുങ്ക് റൊമാൻ്റിക് ആക്ഷൻ ചിത്രമായ മഹാ സമുദ്രത്തിൻ്റെ സെറ്റിൽ വച്ചാണ് അദിതി സിദ്ധാർഥിനെ പരിചയപ്പെടുന്നത്. ഹിന്ദി,തമിഴ്,തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദിതി പ്രജാപതി, സൂഫിയും സുജാതയും എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ്. യേ സാലി സിന്ദഗി, റോക്ക്സറ്റാര്‍, മര്‍ഡര്‍ 3, വസീര്‍, പത്മാവത്, കാട്രു വെളിയാടൈ, ചെക്ക ചിവന്ത വാനം എന്നിവയാണ് മറ്റ് ശ്രദ്ധേയ സിനിമകള്‍. സഞ്ജയ് ലീല ബൻസാലിയുടെ നെറ്റ്ഫ്ലിക്‌സ് പരമ്പരയായ ഹീരമാണ്ടി: ദി ഡയമണ്ട് ബസാറാണ് അദിതിയുടെ പുതിയ പ്രോജക്ട്.
2003ലെ ഹിറ്റ് ചിത്രം ബോയ്സിലൂടെയാണ് സിദ്ധാര്‍ഥ് സിനിമയിലെത്തുന്നത്. അഭിനയത്തിന് പുറമേ, തിരക്കഥാകൃത്ത്, നിർമ്മാതാവ് , പിന്നണി ഗായകൻ എന്നീ നിലകളിലും കയ്യൊപ്പ് പതിപ്പിച്ചിട്ടുള്ള നടനാണ് സിദ്ധാര്‍ഥ്. ആയുധ എഴുത്ത്, ജിഗർതാണ്ഡ , കാവ്യ തലൈവൻ, ശിവപ്പു മഞ്ഞൾ പച്ചൈ ,കമ്മാര സംഭവം എന്നിവയാണ് പ്രധാന സിനിമകള്‍.
Adjust Story Font
16