Quantcast

നാലു വര്‍ഷത്തെ ഇടവേള, വിലക്കിന് ശേഷം ഡബ്ബിംഗ് രംഗത്തേക്ക്; ലിയോയില്‍ തൃഷയുടെ ശബ്ദമാകുന്നത് ചിന്‍മയി

ലിയോ ട്രെയിലര്‍ റിലീസിനു പിന്നാലെയാണ് ചിന്‍മയി ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്

MediaOne Logo

Web Desk

  • Published:

    6 Oct 2023 12:07 PM GMT

Chinmayi
X

ചിന്‍മയി

ചെന്നൈ: പ്രശസ്ത ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്‍മയി ഡബ്ബിംഗ് രംഗത്തേക്ക് മടങ്ങിയെത്തുന്നു. ദക്ഷിണേന്ത്യൻ സിനി, ടെലിവിഷൻ ആർട്ടിസ്റ്റ് ആൻഡ് ഡബ്ബിംഗ് ആർട്ടിസ്റ്റ് യൂണിയനില്‍ നിന്നും (SICTADAU) നേരിട്ട നാലു വര്‍ഷത്തെ വിലക്കിന് ശേഷം വിജയ്-ലോകേഷ് ചിത്രം ലിയോയിലൂടെയാണ് ഗായികയുടെ മടങ്ങിവരവ്. ചിത്രത്തില്‍ തമിഴ്,കന്നഡ,തെലുഗ് ഭാഷകളില്‍ നായിക തൃഷക്ക് ശബ്ദം നല്‍കുന്നത് ചിന്‍മയിയാണ്.

ലിയോ ട്രെയിലര്‍ റിലീസിനു പിന്നാലെയാണ് ചിന്‍മയി ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. “ഈ നിലപാട് സ്വീകരിച്ചതിന് ലോകേഷ് കനകരാജിനോടും ലളിതിനോടും ഞാൻ മില്യണ്‍ തവണ നന്ദിയുള്ളവളാണ്. ലിയോയില്‍ തൃഷക്ക് ശബ്ദമാകുന്നത് ആരാണെന്ന് ഊഹിക്കാമോ? അത് ഞാനാണ്. തമിഴ്,തെലുഗ്,കന്നഡ ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്'' ചിന്‍മയി കുറിച്ചു. നിങ്ങളോടും നന്ദിയുണ്ടെന്നും നടി തൃഷ പ്രതികരിച്ചു. സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങൾക്കെതിരായ അവളുടെ പോരാട്ടത്തെ പിന്തുണയ്‌ക്കുന്ന നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ചു.ഏറെ കാലങ്ങള്‍ക്ക് ശേഷം മൈക്കിനു മുന്നിലെത്തിയപ്പോള്‍ താന്‍ കരഞ്ഞുപോയെന്നും ചിന്‍മയി വ്യക്തമാക്കി.'' ഞാനത് ചെയ്തു, ഏറെക്കാലത്തിനു ശേഷം സ്റ്റുഡിയോയില്‍ മൈക്കിനെ അഭിമുഖീകരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞുപോയി. എന്‍റെ ശബ്ദം നിലനിൽക്കുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എന്നെ ജോലി ചെയ്യാൻ അനുവദിച്ചില്ല. ഭാവി എന്തായിരിക്കുമെന്ന് എനിക്കറിയില്ല. എങ്കിലും ഞാൻ സന്തോഷവതിയാണ്'' ചിന്‍മയി എക്സില്‍ കുറിച്ചു. തൃഷയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായി വിണ്ണൈത്താണ്ടി വരുവായാ,96 എന്നീ ചിത്രങ്ങളില്‍ തൃഷക്ക് ശബ്ദം നല്‍കിയത് ചിന്‍മയി ആയിരുന്നു

കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെയാണ് ഡബ്ബിങ് അസോസിയേഷനില്‍ നിന്ന് ചിന്മയിയെ പുറത്താക്കിയത്. മാസത്തില്‍ 10 മുതല്‍ 15 പാട്ടുകള്‍ വരെ പാടിയിരുന്ന തനിക്ക് തമിഴില്‍ ഇപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞെന്ന് ചിന്മയി വെളിപ്പെടുത്തുകയുണ്ടായി. ഇതിനകം കരാറില്‍ ഏര്‍പ്പെട്ട രണ്ട് സിനിമകളുടെ ഡബ്ബിങില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും ചിന്മയി നേരത്തെ പറഞ്ഞിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഒരു ആല്‍ബത്തില്‍ പാടാനായി പോയപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയതോടെയാണ് ചിന്മയിക്ക് അവസരങ്ങള്‍ ഇല്ലാതായത്. കൂടെയുള്ളവരെ പറഞ്ഞയച്ച് തന്നോടും അമ്മയോടും മാത്രം നില്‍ക്കാന്‍ പറഞ്ഞ സംഘാടകര്‍ വൈരമുത്തുവിനെ ഹോട്ടലില്‍ ചെന്ന് കാണാന്‍ പറഞ്ഞു. 'സഹകരിക്കണം' എന്നായിരുന്നു ആവശ്യം. എന്തിന് സഹകരിക്കണം എന്ന് തിരിച്ചുചോദിച്ചു. അവരുടെ ആവശ്യം നിരാകരിച്ചു. നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നിങ്ങളുടെ കരിയര്‍ ഇതോടെ തീരും എന്നായിരുന്നു ഭീഷണിയെന്നും ചിന്മയി വെളിപ്പെടുത്തിയിരുന്നു.

TAGS :

Next Story