മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് ശേഷം ബ്ലാക്ക് ആൻഡ് വൈറ്റിൽ ദുൽഖർ ചിത്രം? 'കാന്താ'യെക്കുറിച്ച് സംവിധായകൻ
ദുൽഖറിന് വേണ്ടി കാത്തിരിക്കുകയാണെന്നും മണിരത്നത്തിന്റെ 'തഗ് ലൈഫി'ന്റെ ചിത്രീകരണം കഴിഞ്ഞാലുടൻ 'കാന്താ' ആരംഭിക്കുമെന്നും സെൽവമണി സെൽവരാജ് പറഞ്ഞു.
ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ കഥപറഞ്ഞ് വിജയകരമായി പ്രദർശനം തുടരുകയാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ മികച്ച പ്രേക്ഷക പ്രതികരണം നേടുമ്പോൾ ദുൽഖർ സൽമാന്റെ 'കാന്താ' എന്ന ചിത്രമാണ് സിനിമാ പ്രേമികൾക്കിടയിൽ ചർച്ച. സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിലാണോ ഒരുങ്ങുന്നതെന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഇപ്പോഴിതാ അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ സെൽവമണി സെൽവരാജ്.
ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ഒരു പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ 'കാന്താ' എന്ന ചിത്രം പ്രഖ്യാപിച്ചത്. എന്നാൽ, ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമാകുന്ന ത്രില്ലർ ചിത്രം സംബന്ധിച്ച് പ്രചരിക്കുന്ന വാർത്ത ശരിയല്ലെന്നാണ് സംവിധായകൻ സെൽവമണി പറയുന്നത്. ഒ.ടി.ടി പ്ലേക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, സിനിമയെക്കുറിച്ച് മറ്റൊന്നും വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
ദുൽഖറിന് വേണ്ടി കാത്തിരിക്കുകയാണെന്നും മണിരത്നത്തിന്റെ 'തഗ് ലൈഫി'ന്റെ ചിത്രീകരണം കഴിഞ്ഞാലുടൻ 'കാന്താ' ആരംഭിക്കുമെന്നും സെൽവമണി സെൽവരാജ് പറഞ്ഞു. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയുമായി ചേർന്നാണ് 'കാന്താ' നിർമിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുക. ലൈഫ് ഓഫ് പൈ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പ്രവർത്തിച്ച സെൽവമണി സെൽവരാജും ദുൽഖർ സൽമാനും ഒന്നിക്കുമ്പോൾ ആരാധകരിൽ പ്രതീക്ഷകളേറെയാണ്.
Adjust Story Font
16