അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ ഇടം നേടി ഐഷ സുൽത്താനയുടെ 'ഫ്ലഷ്'
അതിശക്തമായ നായിക കഥാപാത്രവുമായി സിനിമയിലെത്തുന്നത് മുംബൈ മോഡലായ ഡിമ്പിൾപോൾ ആണ്
അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ ഇടം നേടി ഐഷ സുൽത്താനയുടെ ഫ്ലഷ്. ചിത്രം ഈ മാസം 17 ന് കോഴിക്കോട് കൈരളി തിയറ്ററിൽ വെച്ച് ചിത്രം പ്രദർശിപ്പിക്കും. പൂർണമായി ലക്ഷദ്വീപിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ സിനിമയാണ് " ഫ്ലഷ് "
കടലും കരയും ഒരുപോലെ കഥകൾ പറയുന്ന സിനിമയാണ് " ഫ്ലഷ് ". കടലിലുള്ള ജീവികളുടെ സ്വഭാവം കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന കണ്ടെത്തൽ കൂടിയാണ് ഈ സിനിമ. പ്രകൃതിയോട് ഉപമിച്ചു കൊണ്ടാണ് ഫ്ലഷ് സിനിമയിൽ സ്ത്രീകളെ അവതരിപ്പിക്കുന്നത്. എന്തിനും ഏതിനും ആത്മഹത്യയെന്ന ചിന്ത മനസ്സിൽ കൊണ്ട് നടക്കുന്ന പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിതെന്ന് സംവിധായിക ഐഷ സുൽത്താന പറയുന്നു.
അതിശക്തമായ നായിക കഥാപാത്രവുമായി സിനിമയിലെത്തുന്നത് മുംബൈ മോഡലായ ഡിമ്പിൾപോൾ ആണ്. പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ കൊച്ചു സിനിമയാണിത്. പൂർണമായും ലക്ഷദ്വീപിൽ വെച്ച് ചിത്രീകരിച്ച ആദ്യ സിനിമയെന്ന പ്രത്യേകതയും ഫ്ലഷിനുണ്ട്. സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പോലും ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്നും നേരിട്ട പല ബുദ്ധിമുട്ടുകളും തരണം ചെയ്താണ് ഈ സിനിമ പൂർത്തിയാക്കാൻ സാധിച്ചതെന്ന് സംവിധായിക ഐഷാ സുൽത്താന പറയുന്നു.
"ഞാൻ ഒരു വെള്ളപേപ്പറിൽ നല്ലൊരു ചിത്രം വരച്ചുണ്ടാക്കാനാണ് ലക്ഷദ്വീപിലേക്ക് പോയത്, ചിത്രം വരച്ച് തുടങ്ങിയപ്പോൾ തന്നെയവർ ആ പേപ്പർ വാങ്ങി ചുരുട്ടി കൂട്ടി എനിക്ക് നേരെ തന്നെ എറിഞ്ഞു തന്നു, അതേ പേപ്പർ നിവർത്തിയെടുത്താണ് ഞാനീ ചിത്രം വരച്ച് തീർത്തത് " യുവ സംവിധായികയായ ഐഷാ സുൽത്താന തന്‍റെ ആദ്യ ചിത്രത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ബീന കാസിം പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കെ.ജി രതീഷ് ആണ്, ചിത്ര സംയോജനം നൗഫൽ അബ്‌ദുള്ള, വില്യം ഫ്രാൻസിസും കൈലാഷ് മേനോനുമാണ് സിനിമയുടെ സംഗീത സംവിധായകർ.
Adjust Story Font
16