അമ്മ പണക്കാരിയല്ലേ, ഇങ്ങനെ കഷ്ടപ്പെടണോ? ,സോപ്പു കച്ചവടത്തെ വിമര്‍ശിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി നടി ഐശ്വര്യ ഭാസ്കരന്‍
വയസ് അൻപത് കഴിഞ്ഞ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളാണ്, അത് പറ്റിയില്ലെങ്കിൽ സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തിയെങ്കിലും വേണം
ഐശ്വര്യയും ലക്ഷ്മിയും
ചെന്നൈ: ഒരു കാലത്ത് തെന്നിന്ത്യയില്‍ നിറഞ്ഞു നിന്ന നടിയാണ് ഐശ്വര്യ ഭാസ്കരന്‍. നരസിംഹം പോലുള്ള ഹിറ്റ് ചിത്രങ്ങളില്‍ നായികയായിട്ടുള്ള താരം ഇപ്പോള്‍ സോപ്പ് കച്ചവടം നടത്തിയും സീരിയലില്‍ അഭിനയിച്ചുമാണ് ഉപജീവനം നടത്തുന്നത്. ഇപ്പോള്‍ തന്‍റെ സോപ്പ് കച്ചവടത്തെ വിമര്‍ശിച്ചയാള്‍ക്ക് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് ഐശ്വര്യ.
അമ്മ ലക്ഷ്മി ഇത്രയും വലിയ പണക്കാരിയായിട്ടും ഇങ്ങനെ കഷ്ടപ്പെടേണ്ട ആവശ്യമുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. വയസ് അൻപത് കഴിഞ്ഞ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളാണ്, അത് പറ്റിയില്ലെങ്കിൽ സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തിയെങ്കിലും വേണം. ഞങ്ങളുടെ കുടുംബത്തിൽ അത് ശീലമില്ലെന്നായിരുന്നു ഐശ്വര്യയുടെ മറുപടി.
തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ മറുപടി. 'ഞാൻ കഷ്ടപ്പെടുന്നുണ്ടെന്ന് നിന്റെ അടുത്തുവന്ന് പറഞ്ഞോ? എന്റെ അമ്മ സമ്പാദിക്കുന്ന കാശും ഇതും തമ്മിൽ എന്താണ് ബന്ധം. നിന്നെ പ്രസവിച്ചെന്നു കരുതി പ്രായം അൻപത് കഴിഞ്ഞാലും അച്ഛനമ്മമാരുടെ ചിലവിൽ ജീവിക്കണമെന്നാണോ കരുതുന്നത്. നിന്റെ മക്കൾ ചിലപ്പോൾ അങ്ങനെയായിരിക്കും. ഞങ്ങളുടെ വീട്ടിൽ പക്ഷേ അങ്ങനെയല്ല.
വയസ്സായ അച്ഛനെയും അമ്മയെയും ഞങ്ങൾ കഷ്ടപ്പെടുത്താറില്ല. അൻപത് വയസ്സിന് മുകളിലുള്ള അച്ഛനെയും അമ്മയെയും സംരക്ഷിക്കാൻ മക്കൾക്കു കഴിയണം. അതിന് സാധിക്കുന്നില്ല എങ്കിൽ സ്വന്തം കാര്യമെങ്കിലും നോക്കാൻ സാധിക്കണം. അതല്ലാതെ അച്ഛനമ്മമാരുടെ നിഴലിൽ കഴിയരുത്. ഇപ്പോൾ എന്റെ കാര്യം നോക്കാൻ എനിക്കറിയാം'ഐശ്വര്യ ഭാസ്‌കരൻ പറഞ്ഞു.
നേരത്തെ ഒരു അഭിമുഖത്തില്‍ അമ്മ ലക്ഷ്മിയുമായി ഒരു പ്രശ്നവുമില്ലെന്ന് ഐശ്വര്യ വ്യക്തമാക്കിയിരുന്നു. അമ്മ എന്നെ വളർത്തി, പഠിപ്പിച്ചു. പിന്നീട് ജീവിക്കാനുള്ളത് കണ്ടെത്തേണ്ടത് തന്‍റെ കടമയാണ്. താൻ തന്‍റെ മകളെ നോക്കിയെന്നും അവൾ ഇനി അദ്ധ്വാനിച്ച് ജീവിച്ചോളുമെന്നും ഐശ്വര്യ വ്യക്തമാക്കി. മാതാപിതാക്കളെയോ മക്കളെയോ ആശ്രയിച്ച് ഒരിക്കലും ജീവിക്കരുതെന്നുമാണ് ഐശ്വര്യ പറഞ്ഞത്.
Adjust Story Font
16