'ഐ ലൗ യൂ, സി.എം'; മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
ഐശ്വര്യ ലക്ഷ്മിക്ക് കഴിഞ്ഞ ഏപ്രില്‍ എട്ടിന് കോവിഡ് ബാധിച്ചിരുന്നു
ഒരു കോടി കോവിഡ് വാക്സിനുകള്‍ പുറത്തുനിന്നു വാങ്ങുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനത്തെ പിന്തുണച്ച് നടി ഐശ്വര്യ ലക്ഷ്മി. 483 കോടി ചെലവഴിച്ചാണ് അടുത്ത മൂന്ന് മാസക്കാലത്തെ വാക്സിനേഷന്‍ നടപടികള്‍ക്കായി ഒരു കോടി വാക്സിനുകള്‍ വാങ്ങുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതിനെ പിന്തുണച്ചാണ് ഐശ്വര്യ ലക്ഷ്മി രംഗത്തുവന്നത്. 'ഐ ലൗ യൂ ചീഫ് മിനിസ്റ്റർ', എന്ന മുഖവുരയോടെ മുഖ്യമന്ത്രിയുടെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളെ താരം അഭിനന്ദിച്ചു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അനുഭാവമില്ലെന്നും പക്ഷേ നമ്മുടെ സംസ്ഥാനത്തെ കാര്യങ്ങൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ അതീവ സന്തോഷം തോന്നുന്നതായും ഐശ്വര്യ ലക്ഷ്മി കുറിച്ചു, കഠിനകാലഘട്ടം അവസാനിക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ കോവിഡ് നിയന്ത്രണ നടപടികള്‍ പ്രത്യാശ നല്‍കുന്നതായും താരം കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലൂടെയാണ് ഐശ്വര്യ ലക്ഷ്മി മുഖ്യമന്ത്രിയെ അഭിനന്ദിച്ച് രംഗത്തുവന്നത്.
ഐശ്വര്യ ലക്ഷ്മിയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ്:
'ഐ ലൗ യൂ ചീഫ് മിനിസ്റ്റർ. എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അനുഭാവമില്ല. എങ്കിലും നമ്മുടെ സംസ്ഥാനത്തെ കാര്യങ്ങൾ നിങ്ങള്‍ കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ അതീവ സന്തോഷം തോന്നുന്നു. കഠിന സമയം അവസാനിക്കുന്നില്ലെങ്കിലും ഇത് പ്രത്യാശയുടെ കണിക തരുന്നു.'
ഐശ്വര്യ ലക്ഷ്മിക്ക് കഴിഞ്ഞ ഏപ്രില്‍ എട്ടിന് കോവിഡ് ബാധിച്ചിരുന്നു. നിരവധി ദിവസം വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിഞ്ഞ താരം പിന്നീട് രോഗമുക്തയാവുകയും ചെയ്തു.
മലയാളത്തിലും തമിഴിലുമായി സജീവമായ ഐശ്വര്യയുടേതായി ഇനി ഒരുപിടി ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വൻ, ധനുഷിനൊപ്പമുള്ള ആക്ഷന്‍ ത്രില്ലർ, മലയാളത്തിൽ അർച്ചന 31 നോട്ട് ഔട്ട്, ബിസ്മി സ്പെഷ്യൽ, കാണെക്കാണെ, കുമാരി എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
Adjust Story Font
16