Quantcast

അങ്ങനെയൊരു സിനിമയ്ക്കായി കാത്തിരിക്കുന്നു: ഐശ്വര്യ ലക്ഷ്മി

ആർടിസ്റ്റ് ആയപ്പോൾ നേരത്തെ ശീലിച്ച ഒരുപാട് കാര്യങ്ങൾ മറക്കേണ്ടി വന്നു

MediaOne Logo

Web Desk

  • Published:

    25 Sep 2021 11:06 AM GMT

അങ്ങനെയൊരു സിനിമയ്ക്കായി കാത്തിരിക്കുന്നു: ഐശ്വര്യ ലക്ഷ്മി
X

നല്ല പാട്ടും ഡാൻസുമൊക്കെയുള്ള സിനിമയ്ക്കായി കാത്തിരിക്കുകയാണെന്ന് നടി ഐശ്വര്യ ലക്ഷ്മി. നൃത്തം ചെയ്യാൻ ആദ്യം പേടിയായിരുന്നെന്നും അതൊക്കെ ഇപ്പോൾ മാറിയെന്നും നടി പറഞ്ഞു. അഭിനയത്തിന്റെ നാലാം വർഷത്തിൽ മനോരമ ഓൺലൈൻ നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

'ഡാൻസ് ചെയ്യാൻ പേടിയായിരുന്നു. ഞാൻ മോശം ഡാൻസർ ആയതുകൊണ്ടല്ല. ഒരു സദസ്സിന് മുമ്പിൽ ഡാൻസ് ചെയ്യേണ്ടി വരുമ്പോൾ, അല്ലെങ്കിൽ പെട്ടെന്ന് സ്റ്റെപ്‌സ് തരുമ്പോൾ ഒക്കെയാണ് എനിക്ക് പേടി. ഇപ്പോൾ ആ ടെൻഷനും പേടിയുമൊക്കെ മാറി. ഡാൻസ് ചെയ്യാൻ പറ്റുമെന്ന ആത്മവിശ്വാസമുണ്ട്. സത്യം പറഞ്ഞാൽ, നല്ല ഡാൻസും പാട്ടുമൊക്കെയുള്ള ഒരു സിനിമയ്ക്കായി ഞാൻ കാത്തിരിക്കുകയാണ്.' - അവർ പറഞ്ഞു.


തന്റെ കഥാപാത്രങ്ങൾ ബോൾഡ് ആണെങ്കിലും ജീവിതത്തിൽ താൻ അങ്ങനെയല്ലെന്നും നടി കൂട്ടിച്ചേർത്തു. 'ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നാണ് വരുന്നത്. സ്ട്രിക്ട് ആയ വിദ്യാഭ്യാസമാണ് ലഭിച്ചത്. സമൂഹം പഠിപ്പിച്ച വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങൾ മനസ്സിലുണ്ടായിരുന്നു. ആർടിസ്റ്റ് ആയപ്പോൾ നേരത്തെ ശീലിച്ച ഒരുപാട് കാര്യങ്ങൾ മറക്കേണ്ടി വന്നു. ക്യാമറയുടെ മുമ്പിൽ നമുക്കൊരു രീതിയിലും നാണിച്ചു നിൽക്കാൻ കഴിയില്ല. ഓരോ സിനിമ കഴിയുമ്പോഴും വ്യക്തി എന്ന നിലയിലും നടി എന്ന നിലയിലും കൂടുതൽ ആത്മവിശ്വാസം നേടി' - ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

മണിരത്‌നം സിനിമ പൊന്നിയിൻ സെൽവനിലെ അനുഭവവും നടി പങ്കുവച്ചു. മണിരത്‌നം, എആർ റഹ്‌മാൻ, രവിവർമൻ തുടങ്ങിയവർക്കൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിക്കുമെന്ന് വിചാരിച്ചില്ലെന്നും നടി പറഞ്ഞു. പുതിയ സിനിമ അർച്ചന 31 നോട്ടൗട്ട് തിയേറ്ററിൽ മാത്രമേ റിലീസ് ചെയ്യൂ എന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.


'ഒരുപാട് പ്രതീക്ഷയുള്ള, വർക്ക് ചെയ്തപ്പോഴും കഥ കേട്ടപ്പോഴും ഒരുപാട് ആസ്വദിച്ചു ചെയ്ത സിനിമയാണിത്. ഒത്തിരി ചെറുപ്പക്കാരുടെ ആദ്യസിനിമ. അഭിനയജീവിതത്തിൽ ആദ്യമായി ഒരു സ്ത്രീകേന്ദ്രീകൃത കഥാപാത്രത്തെ ചെയ്യണമെന്ന ആഗ്രഹം വരുകയും, അതിനനുസരിച്ചൊരു കഥ വരുകയും, ആ രീതിയിൽ തന്നെ ഷൂട്ടിങ് പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്തിരുന്നു. ആ ഒരു ഔട്ട്പുട്ട് എല്ലാവരേയും കാണിക്കാൻ ഞങ്ങളും കാത്തിരിക്കുകയാണ്. പക്ഷേ, അത് തിയറ്ററിൽ മാത്രമേ പ്രദർശിപ്പിക്കൂ എന്നത് പ്രൊഡ്യൂസേഴ്‌സിന്റെ ശക്തമായ തീരുമാനമാണ്.' - അവർ വ്യക്തമാക്കി.

2017ൽ നിവിൽ പോളി നായകനായ ഞണ്ടുകളുടെ ഇളവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യലക്ഷ്മി സിനിമാ രംഗത്തെത്തിയത്. സോണി ലൈവിൽ റിലീസ് ചെയ്ത കാണെക്കാണെയാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.

TAGS :

Next Story