Quantcast

ഒറ്റയടിക്ക് ഞങ്ങൾ നാല് പേരും ആയിനത്തിൽ ലാഭിച്ചത് ലക്ഷങ്ങൾ വരും; കുറിപ്പുമായി സംവിധായകന്‍ അഖില്‍ സത്യന്‍

ഈയടുത്ത് വരെ ഒരു സിഗരറ്റിന് അഞ്ചോ ഏഴോ രൂപയോ മറ്റോ ആയിരിക്കും എന്നാണ് ഞാൻ കരുതിയിരുന്നത്

MediaOne Logo

Web Desk

  • Published:

    7 Aug 2023 3:48 AM GMT

Akhil Sathyan
X

അഖില്‍ സത്യനും സത്യന്‍ അന്തിക്കാടും

സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മകനും സംവിധായകനുമായ അഖില്‍ സത്യന്‍. പുകവലിയും മദ്യപാനവുമില്ലാത്ത ഒരു അച്ഛനുണ്ടാവുക എന്നത് ഒരു ഭാഗ്യമാണെന്ന് അഖില്‍ കുറിക്കുന്നു. ഇന്ന് സിനിമയിലുള്ള ഞങ്ങളുടെ സമപ്രായക്കാർ മലയാളം എഴുതാൻ പോലും കഷ്ടപെടുമ്പോൾ, സ്വന്തമായി തിരക്കഥയും സംഭാഷണവുമെഴുതാൻ ഞങ്ങൾക്ക് കഴിയുന്നതിന് കാരണം അച്ഛൻ തന്ന പുസ്തകങ്ങളാണെന്നും അഖിലിന്‍റെ കുറിപ്പില്‍ പറയുന്നു.

അഖില്‍ സത്യന്‍റെ കുറിപ്പ്

ഈയടുത്ത് വരെ ഒരു സിഗരറ്റിന് അഞ്ചോ ഏഴോ രൂപയോ മറ്റോ ആയിരിക്കും എന്നാണ് ഞാൻ കരുതിയിരുന്നത്. സിഗരറ്റിൽ പിടിക്കുന്ന അതേ തീ അതിന്റെ വിലയിലുമുണ്ടെന്ന് അറിഞ്ഞത് വളരെ വൈകിയാണ്. മാക്സിമം ഒരു വൈൻ ബോട്ടിലിന്റെ വിലയറിയാം എന്നതൊഴിച്ചാൽ മദ്യകുപ്പികളുടെ ചെലവിനെ പറ്റി ഇപ്പോഴും എനിക്കറിയില്ല. ഈ അറിവില്ലായ്മയാണ് അച്ഛൻ എനിക്കും അനൂപിനും ചേട്ടൻ അരുണിനും പകർന്നു തന്ന ആദ്യത്തെ അറിവും സമ്പാദ്യവും. ഒറ്റയടിക്ക് ഞങ്ങൾ നാല് പേരും ആയിനത്തിൽ ലാഭിച്ചത് ലക്ഷങ്ങൾ വരും. പുകവലിയും മദ്യപാനവുമില്ലാത്ത ഒരു അച്ഛനുണ്ടാവുക എന്നത് ഒരു ഭാഗ്യമാണ്. എനിക്കും ഇപ്പോൾ മൂന്നു വയസ്സുള്ള എന്‍റെ മകനും ആ ഭാഗ്യമുണ്ടാക്കിയതിന് അച്ഛനോടാണ് ആദ്യം നന്ദി പറയേണ്ടത്.

സ്‌കൂൾ കാലം കഴിയുന്നത് വരെയുള്ള ഓർമ്മകളിൽ കൂടുതലും അമ്മയാണ്. അച്ഛൻ നിറയെ സിനിമകൾ ചെയ്യുന്ന സമയം. ‘പിൻഗാമി’യുടെ ക്ലൈമാക്സ് ഫൈറ്റ് ഷൂട്ട് കണ്ടതൊഴിച്ചാൽ കാര്യമായിട്ട് സിനിമ സാന്നിധ്യമൊന്നും ജീവിതത്തിൽ ഉണ്ടായിട്ടില്ല. മിനിമം ഗ്യാരന്റിയുള്ള മലയാളം മീഡിയം അമ്മക്കുട്ടികളായി അത്യാവശ്യം മാർക്കോട് കൂടി പഠിത്തം കഴിഞ്ഞു കൊണ്ടിരിക്കുന്ന സമയത്താണ്‌ അച്ഛൻ വർഷത്തിൽ ഒരു സിനിമ മതിയെന്ന തീരുമാനവുമായി കൂടുതൽ സമയവും വീട്ടിലുണ്ടാവുന്നത്. അതും, അനായാസമായി ഒരു സൗഹൃദം ഞങ്ങൾ മൂന്നു പേരുമായി സ്ഥാപിച്ചെടുത്തു കൊണ്ട്. സ്‌കൂൾ കാലം മുതൽ എനിക്കും അനൂപിനും വായനയിൽ താല്പര്യമുണ്ടെന്ന് മനസ്സിലാക്കി ബഷീറിന്റെയും എം ടി യുടെയും വി കെ എന്നിന്റെയും പുസ്തകങ്ങൾ അച്ഛൻ ഞങ്ങൾക്ക് തന്നിരുന്നു.

ഇന്ന് സിനിമയിലുള്ള ഞങ്ങളുടെ സമപ്രായക്കാർ മലയാളം എഴുതാൻ പോലും കഷ്ടപെടുമ്പോൾ, സ്വന്തമായി തിരക്കഥയും സംഭാഷണവുമെഴുതാൻ ഞങ്ങൾക്ക് കഴിയുന്നതിന് കാരണം അച്ഛൻ അന്നെടുത്ത് തന്ന പുസ്തകങ്ങളാണ്. തിരിഞ്ഞു നോക്കുമ്പോൾ, അച്ഛൻ ഞങ്ങൾക്ക് തന്നിട്ടുള്ള വലിയൊരു സമ്പത്ത് മലയാള ഭാഷ തന്നെയാണ്. ലാളിത്യവും മിതത്വവും തരുന്ന സമാധാനവും സന്തോഷവുമാണ് ഒരു മനുഷ്യന് വേണ്ട ഏറ്റവും വലിയ ലക്ഷ്വറി എന്ന് ഞങ്ങൾ പഠിച്ചെടുത്തത് അച്ഛനിൽ നിന്നാണ്. ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ റൂമിൽ കയറുന്ന അതേ സന്തോഷമാണ് തിരക്കുള്ള ബസ്സിൽ പെട്ടന്ന് സീറ്റു കിട്ടിയാലും എനിക്കുള്ളത്‌. 34 വയസ്സുള്ള ഞങ്ങളുടെ മാരുതി കാറിന് റോഡിൽ കാണുന്ന ഏതു പുതിയ കാറിനേക്കാളും ഭംഗി തോന്നുന്നതും അത് കൊണ്ട് തന്നെയായിരിക്കും.

‘കഥ തുടരുന്നു’ മുതൽ ‘ഞാൻ പ്രകാശൻ’ വരെ ഏഴ് സിനിമകളിലാണ് ഞാനച്ഛനോടോപ്പം അസിസ്റ്റ് ചെയ്തിട്ടുള്ളത്. വെറുമൊരു പേപ്പറിലും പേനയിലും തുടങ്ങി നൂറു കൂട്ടം മനുഷ്യരിലൂടെയും സാങ്കേതിക പ്രക്രിയകളിലൂടെയും കടന്നു പോയി അവസാനം സ്ക്രീനിലെത്തുന്നത് വരെ ഒരു സിനിമക്ക് വേണ്ടി വരുന്ന എല്ലാ കാര്യങ്ങളിലും എനിക്ക് വ്യക്തമായ ധാരണ ഉണ്ടായത് ആ ഒൻപത് വർഷങ്ങൾ കൊണ്ടാണ്. അച്ഛന്‍റെ കൂടെയുള്ള ആ ഏഴു സിനിമകളാണ് ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന സിനിമ അതിന്റെ എല്ലാ കടമ്പകളും ചാടി കടന്ന് ഹാപ്പി എൻഡിങ്ങിലെത്താൻ കാരണം.

ഒരു സത്യൻ അന്തിക്കാട് സിനിമ ഷൂട്ട് തീരുമ്പോൾ അതിലെ താരങ്ങൾ മുതൽ ഏറ്റവും ചെറിയ ജോലി ചെയ്യുന്നവർ വരെ നിറഞ്ഞ മനസ്സോടെയും ഇനിയെപ്പോഴാണ് അടുത്ത സിനിമയെന്ന വിഷമത്തോടെയുമാണ് പിരിയുക. ‘പാച്ചു’ ഷൂട്ടിംഗ് തീർന്ന ദിവസം ലൈറ്റ് യൂണിറ്റിലെ ചേട്ടന്മാർ “അച്ഛന്‍റെ സിനിമ തീർന്നത് പോലെ” എന്ന് പറഞ്ഞതാണ് എനിക്കേറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളിലൊന്ന്. അച്ഛനിൽ നിന്നും ഞാൻ പഠിച്ചെടുത്തത് സംവിധാനം മാത്രമല്ലന്ന് മനസ്സിലായത് അന്നാണ്.

നാൽപതു വർഷത്തോളമായി സിനിമ സംവിധാനം പോലെ ശ്രമകരമായ ഒരു ജോലി വിജയകരമായി ചെയ്യാൻ സാധിക്കുക എന്നത് ഭൂമിയിൽ ഒരു ശതമാനം പേർക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. കഴിവും ഭാഗ്യവും കൊണ്ട് മാത്രം ഇത്രയും വർഷങ്ങൾ താണ്ടാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ജീവിതത്തിലുള്ള അച്ചടക്കവും, ഒരല്പം പോലും കലർപ്പില്ലാത്ത അർപ്പണ ബോധവും, സ്വയം പുതുക്കലും, 57 സിനിമകൾ ചെയ്തിട്ടും അടുത്തൊരു സിനിമ ചെയ്യാനുള്ള അടങ്ങാത്ത കൊതിയുമുള്ളതുകൊണ്ടാവണം അച്ഛനിതിന് കഴിയുന്നത്. ഒരു സംവിധായകൻ തന്റെ പ്രായവും പരിചയവും കൂടിക്കഴിഞ്ഞാൽ പണ്ട് ചെയ്തതിന്റെ ഇരട്ടി അധ്വാനം ചെയ്തു കൊണ്ടാണ് പുതിയ സിനിമകളുണ്ടാകേണ്ടത് എന്ന് അച്ഛൻ വിശ്വസിക്കുന്നു.

മത്സ്യത്തൊഴിലാളികൾ കടലിനെ കാണുന്ന പോലെയാണ് നമ്മൾ സിനിമയെ കാണേണ്ടത് എന്നച്ഛൻ പറയാറുണ്ട്. അഹങ്കാരത്തിനും അമിതമായ ആത്മവിശ്വാസത്തിനും മുക്കിക്കളയുന്ന ചുഴികളും, ആത്മാർത്ഥതക്കും അധ്വാനത്തിനും തിയറ്ററുകൾ നിറക്കുന്ന ചാകരയും കാത്ത് വക്കുന്ന കടൽ തന്നെയാണ് സിനിമ. മലയാള സിനിമയിലെ ഏറ്റവും നല്ലൊരു കപ്പിത്താൻ ഇത് പറയുമ്പോൾ എങ്ങിനെ വിശ്വസിക്കാതിരിക്കും!

TAGS :

Next Story