ലോക്ഡൌണില്‍ ദുരിതത്തിലായ 3600 നര്‍ത്തകര്‍ക്ക് റേഷനുമായി അക്ഷയ് കുമാര്‍
ഗണേഷ് ആചാര്യ ഫൌണ്ടേഷന്‍ വഴിയാണ് സഹായമെത്തിക്കുന്നത്
കോവിഡിന്‍റെ ആദ്യതരംഗം രാജ്യത്തെ ബാധിച്ചപ്പോള്‍ മുതല്‍ ദുരിതത്തിലായ സാധാരണക്കാര്‍ക്ക് സഹായവുമായി എത്തിയ നടനാണ് അക്ഷയ് കുമാര്‍. ഇപ്പോള്‍ രണ്ടാം തരംഗത്തില്‍ ശ്വാസം മുട്ടുമ്പോഴും കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് താരം. ലോക്ഡൌണ്‍ മൂലം ദുരിതത്തിലായ 3600 നര്‍ത്തകര്‍ക്ക് സൌജന്യ റേഷന്‍ നല്‍കാനാണ് അക്ഷയിന്‍റെ തീരുമാനം.
ഗണേഷ് ആചാര്യ ഫൌണ്ടേഷന്‍ വഴിയാണ് സഹായമെത്തിക്കുന്നത്. ''അക്ഷയ് ശരിക്കും ദയാലുവായ വ്യക്തിയാണ്. ഇന്നലെ എന്‍റെ അമ്പതാം ജന്മദിനമായിരുന്നു. ഈ അവസരത്തിൽ ഞാൻ എന്ത് സമ്മാനമാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു, 1600 ജൂനിയർ കൊറിയോഗ്രാഫർമാരെയും പ്രായമായ നർത്തകരെയും ഒരു മാസത്തെ റേഷനുമായി 2000 ഓളം പശ്ചാത്തല നർത്തകരെയും സഹായിക്കാമോ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം അത് സമ്മതിക്കുകയായിരുന്നു'' ഗണേഷ് ആചാര്യ ബോംബെ ടൈംസിനോട് പറഞ്ഞു.
തങ്ങളുടെ ഫൌണ്ടേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡാന്‍സേഴ്സിനും നൃത്തസംവിധായകര്‍ക്കും പണമായോ പ്രതിമാസ റേഷനായോ സഹായം സ്വീകരിക്കാമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ ഗൌതം ഗംഭീറിന്‍റെ ഫൌണ്ടഷനിലേക്ക് കോവിഡ് രോഗികളെ സഹായിക്കുന്നതിനായി അക്ഷയ് കുമാര്‍ 1 കോടി രൂപ സംഭാവന നല്‍കിയിരുന്നു. അക്ഷയും ഭാര്യ ട്വിങ്കിളും ചേര്‍ന്ന് 100 ഓക്സിജൻ കോൺസെൻട്രേറ്ററുകളും സംഭാവന ചെയ്തിരുന്നു.
Adjust Story Font
16