ഡ്രൈവിങ് ലൈസന്‍സിന്റെ കലക്ഷന്‍ പോലും കിട്ടിയില്ല; അക്ഷയ് കുമാറിന്റേത് വന്‍ വീഴ്ച, സെല്‍ഫി ബോക്സ് ഓഫീസില്‍ ദുരന്തം
'സെല്‍ഫി' ആഗോള വ്യാപകമായി 28 കോടി രൂപ മാത്രമാണ് പെട്ടിയിലാക്കിയത്, 150 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിച്ചിരുന്നത്
അക്ഷയ് കുമാര്‍ നായകനായി പുറത്തിറങ്ങിയ പുതിയ ചിത്രം 'സെല്‍ഫി' ബോക്സ് ഓഫീസില്‍ സമ്പൂര്‍ണ പരാജയമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് ഒറിജിനല്‍ സിനിമയായ മലയാളത്തിലെ ഡ്രൈവിങ് ലൈസന്‍സിന്റെ കലക്ഷന്‍ പോലും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ചിത്രം ആഗോള വ്യാപകമായി 28 കോടി രൂപ മാത്രമാണ് പെട്ടിയിലാക്കിയത്. 150 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിച്ചിരുന്നത്. ചിത്രം പുറത്തിറങ്ങിയ ആദ്യ ദിവസം 2.55 കോടി രൂപ മാത്രമാണ് സ്വന്തമാക്കാന്‍ കഴിഞ്ഞത്.
അക്ഷയ് കുമാറിന്റേതായി പരാജയപ്പെടുന്ന തുടര്‍ച്ചയായ നാലാമത്തെ ചിത്രമാണ് 'സെല്‍ഫി'. കോവിഡിന് ശേഷം തിയറ്ററുകളിലെത്തിയ അക്ഷയ് കുമാര്‍ ചിത്രങ്ങളെല്ലാം തന്നെ പരാജയം രുചിച്ചിരുന്നു. അടുത്തിടെ അക്ഷയ് കുമാറിന്റേതായി പുറത്തിറങ്ങിയ സാമ്രാട്ട് പൃഥ്വിരാജ്, രാമസേതു, രക്ഷാബന്ധന് എന്നീ ചിത്രങ്ങളും തിയറ്ററുകളില്‍ പരാജയമായിരുന്നു.
മലയാളത്തില്‍ പുറത്തിറങ്ങിയ 'ഡ്രൈവിങ് ലൈസന്‍സ്' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് 'സെല്‍ഫി'. 2019ല്‍ റിലീസ് ചെയ്ത 'ഡ്രൈവിങ് ലൈസന്‍സ്' മികച്ച വിജയം സ്വന്തമാക്കിയിരുന്നു. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമായിരുന്നു ഡ്രൈവിങ് ലൈസന്‍സിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിൽ ഇമ്രാൻ ഹാഷ്മിയുമാണ് അഭിനയിക്കുന്നത്. രാജ് മെഹ്ത സംവിധാനം ചെയ്യുന്ന ചിത്രം ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹറും പൃഥ്വിരാജും ലിസ്റ്റിന് സ്റ്റീഫനുമാണ് നിർമിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിച്ച ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് സെല്‍ഫി.
സച്ചി തിരക്കഥ എഴുതിയ ചിത്രം മലയാളത്തിൽ സംവിധാനം ചെയ്തത് ജീൻ പോൾ ലാൽ ആയിരുന്നു. മിയ, ദീപ്തി സതി, സൈജു കുറുപ്പ്, ലാലു അലക്സ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.
Adjust Story Font
16