അക്ഷയ് കുമാർ ചിത്രം 'പൃഥ്വിരാജി'ന് ഒമാനിലും കുവൈത്തിലും വിലക്കെന്ന് റിപ്പോർട്ട്
ഇന്ത്യൻ രാജാക്കന്മാരെ കുറിച്ച് ചരിത്ര പാഠപുസ്തകങ്ങളിൽ പരാമർശിക്കുന്നില്ലെന്നും പുസ്തകങ്ങളിൽ മുഴുവൻ അധിനിവേശക്കാരെ കുറിച്ചാണെന്നും അക്ഷയ് കുമാര്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു
മുംബൈ: അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം 'പൃഥ്വിരാജി'ന് ഒമാനിലും കുവൈത്തിലും വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. 12-ാം നൂറ്റാണ്ടിൽ പഴയ വടക്കുപടിഞ്ഞാറൻ ഇന്ത്യ ഭരിച്ച രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം നാളെ തിയറ്ററുകളിൽ ആദ്യ പ്രദർശനത്തിനെത്താനിരിക്കെയാണ് നിരോധനം.
ട്രേഡ് അനലിസ്റ്റായ ഗിരീഷ് ജോഹറിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ വാർത്ത റിപ്പോർട്ട് ചെയ്തു. കുവൈത്ത്, ഒമാൻ സർക്കാരുകളാണ് ചിത്രം നിരോധിച്ചതെന്നും ഇരുരാജ്യങ്ങളിലും ചിത്രത്തിന്റെ റിലീസുണ്ടാകില്ലെന്നുമാണ് ഗിരീഷ് ജോഹർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നത്. അതേസമയം, നിരോധനത്തിന് കാരണം വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യൻ രാജാക്കന്മാരെ കുറിച്ച് ചരിത്ര പാഠപുസ്തകങ്ങളിൽ പരാമർശിക്കുന്നില്ലെന്നും പുസ്തകങ്ങളിൽ മുഴുവൻ അധിനിവേശക്കാരെ കുറിച്ചാണ് പറയുന്നതെന്നുമുള്ള അക്ഷയ് കുമാറിന്റെ അഭിപ്രായ പ്രകടനം വിവാദമായിരുന്നു. കഴിഞ്ഞ ദിവസം 'പൃഥ്വിരാജ്' ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു അഭിപ്രായ പ്രകടനം.
'നിർഭാഗ്യവശാൽ നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളിൽ പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് രണ്ടോ മൂന്നോ വരികൾ മാത്രമേയുള്ളൂ. നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും നമ്മുടെ മഹാരാജാക്കന്മാരെ കുറിച്ചും ചരിത്ര പുസ്തകങ്ങളിൽ ഒന്നും തന്നെയില്ല. നമ്മുടെ ചരിത്രപുസ്തകങ്ങളിൽ ഇതേക്കുറിച്ച് എഴുതാൻ ആരുമില്ല. എന്നാൽ അധിനിവേശക്കാരെ കുറിച്ച് ധാരാളം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഈ വിഷയം പരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്. മുഗളന്മാരെക്കുറിച്ച് അറിയണം. പക്ഷേ നമ്മുടെ രാജാക്കന്മാരെക്കുറിച്ച് കൂടി അറിയണം. ഇക്കാര്യത്തിൽ സന്തുലിതാവസ്ഥ വേണം'- അക്ഷയ് കുമാർ വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യൻ സിനിമാ വ്യവസായം ആഗോളതലത്തിൽ എത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള നന്ദി അക്ഷയ് കുമാർ പ്രകാശിപ്പിച്ചു- 'അന്താരാഷ്ട്ര തലത്തിൽ നമ്മളെ ഇത്രയും ഉയരങ്ങളിൽ എത്തിച്ച നമ്മുടെ പ്രധാനമന്ത്രിക്ക് നന്ദി. നമ്മുടെ രാജ്യത്തെ കാര്യങ്ങൾ മാറുകയാണ്'.
അക്ഷയ് കുമാറും മാനുഷി ചില്ലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സമ്രാട്ട് പൃഥ്വിരാജ്' എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വരാണാസിയിലെ ഗംഗാതീരത്തെത്തിയ അക്ഷയ് കുമാർ ആരതി ഉഴിയുകയും ഗംഗയിൽ മുങ്ങുകയും ചെയ്തു. ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസ് വേൾഡ് മാനുഷി ചില്ലറും മറ്റ് അണിയറപ്രവർത്തകരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചിത്രത്തിൽ സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തൻവാർ, ലളിത് തിവാരി, അജോയ് ചക്രവർത്തി, ഗോവിന്ദ് പാണ്ഡെ തുടങ്ങിയവരുമുണ്ട്. ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെട്ടതാണ്.
Summary: Akshay Kumar's movie Samrat Prithviraj banned in Oman, Kuwait
Adjust Story Font
16