നിമിഷ സജയനും റോഷൻ മാത്യുവും ഒന്നിക്കുന്ന 'പോച്ചർ'; നിർമാതാവായി ആലിയ ഭട്ടും
ഫെബ്രുവരി 23ന് ആമസോൺ പ്രൈമിലാണ് സീരിസ് റിലീസ് ചെയ്യുന്നത്.
കേരളത്തിലെ വനങ്ങളില്‍ നടന്ന സംഭവങ്ങളുടെ നേർക്കാഴ്ചയുമായി ഒരുങ്ങുന്ന ക്രൈം സീരിസ് പോച്ചറിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി ആലിയ ഭട്ട്. ക്യുസി എന്റർടെയ്ൻമെന്റ് നിർമിക്കുന്ന സീരിസ്, ഇന്ത്യൻ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടസംഘത്തെകുറിച്ചുള്ള സംഭവങ്ങളുടെ സാങ്കൽപ്പിക നാടകീകരണമാണ്. സീരിസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി ആലിയ എത്തുന്ന കാര്യം പ്രൈം വീഡിയോ തന്നെയാണ് പ്രഖ്യാപിച്ചത്.
ഫെബ്രുവരി 23ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലുമായി ആമസോണ്‍ പ്രൈം വീഡിയോ പോച്ചര്‍ സ്ട്രീം ചെയ്യും. ഡല്‍ഹി ക്രൈം ക്രിയേറ്റര്‍ റിച്ചി മേത്തയാണ് പോച്ചറിന്റെ സംവിധായകന്‍. നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരടങ്ങുന്ന വൈവിധ്യമാർന്ന കഴിവുറ്റ അഭിനേതാക്കളാണ് പ്രധാന വേഷത്തിലുള്ളത്.
“അവിശ്വസനീയമാംവിധം പ്രാധാന്യമുള്ള ഈ പ്രോജക്റ്റിന്റെ ഭാഗമാകുന്നത് എനിക്കും എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസിലെ മുഴുവൻ ടീമിനും ഒരു ബഹുമതിയാണ്. പോച്ചർ വളരെ വ്യക്തിപരമായി സ്വാധീനിച്ചു. വന്യജീവികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വെളിച്ചം വീശുന്ന റിച്ചിയുടെ ചിത്രീകരണം എനിക്കും എന്റെ ടീമിനും ശക്തമായ പ്രതിധ്വനിയായി അനുഭവപ്പെട്ടു. നമ്മുടെ വനങ്ങളിൽ നടക്കുന്ന ക്രൂരമായ കുറ്റകൃത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പോച്ചറിലെ, കഥപറച്ചിൽ എന്നെ ആത്മാർത്ഥമായി ആകർഷിച്ചു" പോച്ചറിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി വരുന്നതിനെക്കുറിച്ച് ആലിയ ഭട്ട് പറയുന്നതിങ്ങനെയാണ്.
എല്ലാ ജീവജാലങ്ങളോടും കൂടുതൽ അനുകമ്പയും പരിഗണനയും ഉള്ളവരായിരിക്കാനുള്ള ശക്തമായ സന്ദേശം നൽകിക്കൊണ്ട് പോച്ചർ നമ്മുടെ കണ്ണ് തുറപ്പിക്കുമെന്ന് ഉറപ്പുണ്ട്. സഹവർത്തിത്വത്തെ ആശ്ലേഷിക്കാനുള്ള ആഹ്വാനമാണിത്. റിച്ചി, ക്യുസി, പ്രൈം വീഡിയോ എന്നിവയുമായി സഹകരിക്കുന്നതിലും ഈ കഥയിലേക്ക് തന്റേതായ സംഭാവന നൽകുന്നതിലും ആവേശത്തിലാണെന്നും ആലിയ കൂട്ടിച്ചേർക്കുന്നുണ്ട്. പ്രകൃതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കും വേണ്ടി നിരന്തരം ശബ്ദമുയർത്തുന്നയാളാണ് ആലിയ ഭട്ട്.
എട്ട് എപ്പിസോഡുള്ള പോച്ചറിന്റെ ആദ്യ മൂന്ന് എപ്പിസോഡുകള്‍ 2023ലെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജൊഹാന്‍ ഹെര്‍ലിന്‍ എയ്ഡ് ക്യാമറ ചലിപ്പിക്കുന്ന സീരീസിന് സംഗീതം നല്‍കിയത് ആന്‍ഡ്രൂ ലോക്കിംഗ്ടണാണ്. ബെവര്‍ലി മില്‍സ്, സൂസന്‍ ഷിപ്പ്ടണ്‍, ജസ്റ്റിന്‍ ലി എന്നിവരാണ് സീരീസിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.
Adjust Story Font
16