"ഇതാണ് ഈ വർഷത്തെ ഏറ്റവും നല്ല സമയം..."; കുടുംബത്തോടൊപ്പം ക്രിസ്‌മസ് ആഘോഷിച്ച് ആലിയ
ആലിയയ്ക്ക് സ്നേഹചുംബനം നൽകുന്ന രൺബീറിന്റെ ചിത്രത്തിലാണ് എല്ലാവരുടെയും കണ്ണുടക്കിയത്
വിവാഹത്തിന് ശേഷം കപൂർ കുടുംബത്തിനൊപ്പമുള്ള ആദ്യ ക്രിസ്മസ് ആഘോഷമാക്കുകയാണ് ബോളിവുഡ് നടി ആലിയ ഭട്ട്. പ്രിയപ്പെട്ടവർക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രങ്ങൾ ആലിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
"ഈ വർഷത്തെ ഏറ്റവും നല്ല സമയമാണിത്, ലോകത്തെ ഏറ്റവും മികച്ച ആളുകൾക്കൊപ്പം"; ഫോട്ടോ പങ്കുവെച്ചുകൊണ്ട് നടി കുറിച്ചു. ഭർത്താവ് രണ്‍ബീര്‍ കപൂര്‍, ആലിയയുടെ സഹോദരി ഷഹീന്‍ ഭട്ട്, അമ്മ സോണി രാസ്ദാന്‍, രണ്‍ബീറിന്റെ അമ്മ നീതു കപൂര്‍, രൺബീറിന്റെ ബന്ധുവും നടിയുമായ കരിഷ്മ കപൂര്‍ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് ആലിയ പങ്കുവെച്ചത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
ആലിയയ്ക്ക് സ്നേഹചുംബനം നൽകുന്ന രൺബീറിന്റെ ചിത്രത്തിലാണ് എല്ലാവരുടെയും കണ്ണുടക്കിയത്. മനോഹരമായ ചിത്രം, കണ്ണെടുക്കാൻ കഴിയുന്നില്ല തുടങ്ങിയ കമന്റുകൾ കൊണ്ട് പോസ്റ്റ് നിലച്ചിരിക്കുകയാണ് ആരാധകർ. ഒരു സാന്താ തൊപ്പിയും ചുവന്ന ടോപ്പുമാണ് ആലിയ ധരിച്ചിരിക്കുന്നത്. ക്രിസ്മസ് ദിനത്തിൽ ആലിയയുടെ അമ്മ സോണി റസ്ദാൻ പങ്കുവെച്ച വീഡിയോയും ശ്രദ്ധനേടിയിരുന്നു. നീതു കപൂർ, ഷഹീൻ ഭട്ട്, പൂജാ ഭട്ട്, ബ്രഹ്മാസ്ത്ര സംവിധായകൻ അയാൻ മുഖർജി എന്നിവരും ക്രിസ്മസ് ആഘോഷിക്കാൻ ഇവർക്കൊപ്പം ഉണ്ടായിരുന്നു.
നീണ്ട പ്രണയത്തിന് ശേഷം ഈ വര്‍ഷം ഏപ്രില്‍ 14ന് മുംബൈയിലെ വസതിയായ വാസ്തുവില്‍ വെച്ചായിരുന്നു ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ ആലിയ ഗർഭിണിയാണെന്ന വാർത്ത ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. നവംബർ ആറിന് ആലിയ പെൺകുഞ്ഞിന് ജന്മം നൽകി. റാഹ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും കുഞ്ഞുറാഹയ്ക്കും ആരാധകർ ഏറെയാണ്.
ഗര്‍ഭിണിയായിരിക്കെയാണ് ആലിയയും രണ്‍ബീര്‍ കപൂറും നായികാനായകരായി ബ്രഹ്മാസ്ത്ര എന്ന ചിത്രം തിയറ്ററുകളിലെത്തുന്നത്. ചിത്രം തിയറ്ററുകളില്‍ വലിയ വിജയം നേടുകയും ചെയ്തിരുന്നു. 'ഹാർട്ട് ഓഫ് സ്റ്റോൺ' എന്ന ഹോളിവുഡ് ചിത്രമാണ് ആലിയയുടെതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. രൺവീർ സിങ്ങിനൊപ്പം കരൺ ജോഹറിന്‍റെ 'റോക്കി ഔർ റാണി കി പ്രേം കഹാനി'യും അടുത്ത വർഷം പുറത്തിറങ്ങും.
Adjust Story Font
16