ആലിയ-രണ്‍ബീര്‍ വിവാഹം നാളെ; മെഹന്ദി ചടങ്ങുകള്‍ പകര്‍ത്താതിരിക്കാന്‍ ജീവനക്കാരുടെ ഫോണുകളില്‍ സ്റ്റിക്കര്‍ ഒട്ടിച്ചു, വീഡിയോ
നാലു ദിവസത്തെ വിവാഹച്ചടങ്ങുകള്‍ 17 വരെ നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്
മുംബൈ: ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹത്തിന്‍റെ ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നാളെയാണ് രണ്‍ബീര്‍ കപൂറിന്‍റെയും ആലിയ ഭട്ടിന്‍റെയും വിവാഹം. ഇന്ന് മെഹന്ദി ചടങ്ങുകള്‍ നടക്കും. വിവാഹച്ചടങ്ങുകളുടെ ഫോട്ടോകളും ദൃശ്യങ്ങളും മാധ്യമങ്ങള്‍ക്ക് ചോരാതിരിക്കാന്‍ ഇരുവരുടെയും ജീവനക്കാരുടെ ഫോണുകളില്‍ സ്റ്റിക്കറൊട്ടിച്ചിരിക്കുകയാണ്.
ക്യാമറയുടെ ഭാഗത്താണ് സ്റ്റിക്കറൊട്ടിച്ചിരിക്കുന്നത്. ഫോണുകളില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. വിവാഹത്തിനു മുന്നോടിയായി കനത്ത സുരക്ഷയാണ് രണ്‍ബീറിന്‍റെ വസതിയായ വാസ്തുവിനു സമീപം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിനു ശേഷമാണ് ആലിയയും രണ്‍ബീറും വിവാഹിതരാകുന്നത്. എട്ടു വജ്രങ്ങള്‍ പതിച്ച മോതിരമാണ് രണ്‍ബീര്‍ പ്രിയതമക്ക് വിവാഹസമ്മാനമായി നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് ആഡംബര ജൂവലറി കമ്പനിയായ വാൻ ക്ലീഫ് & ആർപെൽസ് ആണ് ആഭരണം ഡിസൈന്‍ ചെയ്തിരിക്കുന്നത്. സെലിബ്രിറ്റികളുടെ ഇഷ്ട ബ്രാന്‍ഡാണ് വാന്‍ ക്ലീഫ്.
നാലു ദിവസത്തെ വിവാഹച്ചടങ്ങുകള്‍ 17 വരെ നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. 14ന് ഉച്ചക്ക് മൂന്നു മണിക്കായിരിക്കും വിവാഹം നടക്കുകയെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന മെഹന്തി ചടങ്ങോടെയാണ് വിവാഹ ചടങ്ങുകൾ ആരംഭിക്കുന്നത്.
Adjust Story Font
16