'ജയ് അല്ലു അർജുൻ' വിളിച്ചില്ല; യുവാവിന് ആരാധകരുടെ ക്രൂരമർദനം- വീഡിയോ
ബംഗളൂരു സിറ്റി പൊലീസിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു വീഡിയോ പ്രചരിച്ചത്.
ബംഗളൂരു: തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന് ജയ് വിളിക്കമെന്നാവശ്യപ്പെട്ട് യുവാവിന് ആരാധകരുടെ ക്രൂരമർദനം. ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം. ‘ജയ് അല്ലു അർജുൻ’ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടാണ് മർദനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
കൂട്ട ആക്രമണത്തിൽ മുഖത്തടക്കം പരിക്കേറ്റ യുവാവിനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. യുവാവിനോട് ജയ് അല്ലു അർജുൻ എന്നുപറയാൻ അക്രമികൾ ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാം. ബംഗളൂരു സിറ്റി പൊലീസിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു വീഡിയോ പ്രചരിച്ചത്.
. @BlrCityPolice you should take action on this kind of people, just for online far wars this is not acceptable, kindly take proper action. pic.twitter.com/kfn4GlxmiO
— Bhairava J3👦 (@Jack_JackParr) March 10, 2024
സംഭവത്തിനെതിരെ പ്രതികരിച്ച് നിരവധി പേർ രംഗത്തെത്തി. അക്രമികൾക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. അതേസമയം, തെലുങ്കിലെ മറ്റൊരു സൂപ്പർതാരമായ പ്രഭാസിന്റെ ആരാധകനാണ് മർദനമേറ്റതെന്നും പ്രഭാസിന്റെയും അല്ലു അർജുന്റെയും ആരാധകർ തമ്മിലുള്ള സംഘർഷമാണ് നടന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു.
സുകുമാർ സംവിധാനംചെയ്ത പുഷ്പ 2: ദ റൂൾ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ഇപ്പോൾ അല്ലു അർജുൻ. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണമാണ് പുരോഗമിക്കുന്നത്. ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിൽ മറ്റുവേഷങ്ങളിലെത്തുന്നത്.
Adjust Story Font
16