Quantcast

'പിക്കറ്റ് 43' പോലൊരു സിനിമ ചെയ്യൂ, ഇക്കാര്യം ഇനി പൃഥ്വിയോട് പറയണോ: മേജർ രവിയോട് അൽഫോൺസ് പുത്രൻ

ഈ ചിത്രം കണ്ടപ്പോൾ ആദ്യം കരുതിയത് ഇത് യുദ്ധത്തെക്കുറിച്ച് പറയുന്ന സിനിമയാണെന്നാണ് എന്നാൽ ചിത്രം കണ്ടപ്പോൾ ആ ചിന്തയെല്ലാം മാറി

MediaOne Logo

Web Desk

  • Published:

    23 Jun 2022 9:38 AM GMT

പിക്കറ്റ് 43 പോലൊരു സിനിമ ചെയ്യൂ, ഇക്കാര്യം ഇനി പൃഥ്വിയോട് പറയണോ: മേജർ രവിയോട് അൽഫോൺസ് പുത്രൻ
X

പട്ടാളം പ്രമേയമായി അതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായൊരു ചിത്രമായിരുന്നു പിക്കറ്റ് 43. അതിർത്തിയിൽ ഒറ്റയ്ക്ക് കഴിയുന്ന ഇന്ത്യയുടെയും പാകിസ്താന്‍റെയും രണ്ടു പട്ടാളക്കാർക്കിടയിൽ ഉടലെടുക്കുന്ന സൗഹൃദത്തിന്‍റെ കഥ പറഞ്ഞ ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മേജര്‍ രവിയായിരുന്നു സംവിധാനം. ഇപ്പോഴിതാ പിക്കറ്റ് 43 പോലൊരു ചിത്രം ഒന്നുകൂടി ചെയ്യൂവെന്ന് മേജർ രവിയോട് ആവശ്യപ്പെടുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായം പ്രകടിപ്പിച്ച അൽഫോൺസ് പുത്രൻ ഇനി ഇക്കാര്യം താൻ പൃഥ്വിരാജിനോട് സംസാരിക്കണമോ എന്നും ചോദിക്കുന്നുണ്ട്.


മേജർ രവി സാർ, ദയവായി പിക്കറ്റ് 43 പോലൊരു ചിത്രം കൂടി ചെയ്യൂ, ഈ ചിത്രം കണ്ടപ്പോൾ ആദ്യം കരുതിയത് ഇത് യുദ്ധത്തെക്കുറിച്ച് പറയുന്ന സിനിമയാണെന്നാണ് എന്നാൽ ചിത്രം കണ്ടപ്പോൾ ആ ചിന്തയെല്ലാം മാറി. താങ്കളെപ്പോലൊരു ഓഫീസറിൽ നിന്ന് പട്ടാളക്കാരുടെ വളരെ വ്യത്യസ്തമായ ഒരു വീക്ഷണം കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. അത്തരത്തിൽ ഒരു ചിത്രം ചെയ്യാൻ ഞാൻ ഇനി പൃഥ്വിരാജിനോട് പറയേണ്ടി വരുമോ..? വളരെയധികം ഹൃദയസ്പർശിയായ ചിത്രമായിരുന്നു അത്. ഞാൻ പറയുന്നത് വെറുമൊരു വിഡ്ഢിത്തമല്ലെന്ന് ഈ പോസ്റ്റിന് താഴെ വരുന്ന കമന്‍റില്‍ നിന്നും വ്യക്തമാകുമെന്നും അൽഫോൺസ് പുത്രൻ കുറിച്ചു.

മറുപടിയുമായി മേജർ രവിയും രംഗത്തെത്തിയിട്ടുണ്ട്. പിക്കറ്റ് 43 തനിക്കും ഒരു അത്ഭുതമായിരുന്നുവെന്നും അത്തരത്തിൽ മറ്റൊരു പ്രൊജക്ടിന്‍റെ പിന്നാലെയാണ് കഴിഞ്ഞ നാല് വര്ഷമായി താനെന്നും പറഞ്ഞ മേജർ രവി താൻ അത് ഉടനെ വെളിപ്പെടുത്തുമെന്നും അത് താങ്കൾക്കും ഇഷ്ടപ്പെടുമെന്നും ഉടൻതന്നെ നമുക്ക് നേരിൽ കാണാമെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

2015 ജനുവരി 23നാണ് പിക്കറ്റ് 43 തിയറ്ററുകളിലെത്തിയത്. ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ പിക്കറ്റ് 43 എന്ന ഔട്ട്‌പോസ്റ്റിൽ കാവലിന് നിയോഗിക്കപ്പെടുന്ന ഹവീൽദാർ ഹരീന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ചത്. പാക് പട്ടാളക്കാരനായി ഹിന്ദി നടൻ ജാവേദ് ജാഫ്രിയാണ് അഭിനയിച്ചത്.

TAGS :

Next Story