മലര്‍ മിസിന് ശരിക്കും ഓര്‍മ നഷ്ടമായിരുന്നോ? രഹസ്യം വെളിപ്പെടുത്തി അല്‍ഫോണ്‍സ് പുത്രന്‍
'പ്രേമം' ആരാധകരുടെ സംശയത്തിന് ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം മറുപടി നല്‍കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍
ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത സിനിമയാണ് പ്രേമം. നിവിന്‍ പോളിയും സായി പല്ലവിയും അനുപമ പരമേശ്വരനും മഡോണയും തകര്‍ത്തഭിനയിച്ച, യുവതലമുറ ഏറ്റെടുത്ത ചിത്രം. എന്നാൽ സിനിമ കണ്ടിറങ്ങിയവരുടെ മനസ്സില്‍ ചില ചോദ്യങ്ങള്‍ ബാക്കിയായിരുന്നു. ആ ചോദ്യങ്ങള്‍ക്ക് ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം മറുപടി നല്‍കുകയാണ് സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്‍.
മലര്‍ മിസിന് ശരിക്കും ഓര്‍മ നഷ്ടമായിരുന്നോ, അതോ അങ്ങനെ അഭിനയിച്ചതാണോ അതോ ഓര്‍മ തിരിച്ചുകിട്ടിയ മലര്‍ മിസ് ആണോ ജോര്‍ജിന്‍റെ കല്യാണത്തിന് വന്നത് എന്നൊക്കെയാണ് ആരാധകരുടെ മനസ്സില്‍ ബാക്കിയായ സംശയങ്ങള്‍. സ്റ്റീവന്‍ മാത്യു എന്നയാളുടെ ചോദ്യം ഇങ്ങനെയായിരുന്നു- 'പ്രേമത്തിൽ, ജോർജിനോട് ഒന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് മലർ ഒടുവിൽ പറയുന്നു. മൂന്ന് തവണ സിനിമ കണ്ടതിനു ശേഷവും ഞങ്ങൾ ആശയക്കുഴപ്പത്തിലാണ്. മലരിന് ശരിക്കും ഓർമ നഷ്ടപ്പെട്ടതാണോ? അതോ മനഃപൂർവം ജോര്‍ജിനെ ഒഴിവാക്കാൻ ആഗ്രഹിച്ചതാണോ? അതോ ഓർമ തിരികെ ലഭിച്ച മലര്‍, ജോർജ് വിവാഹിതനാകുന്നതിനാൽ അക്കാര്യം വെളിപ്പെടുത്താൻ ആഗ്രഹിക്കാതിരുന്നതാണോ?' ഇക്കാര്യത്തില്‍ സുഹൃത്തുമായി പന്തയം വെച്ചിട്ടുണ്ടെന്നും സ്റ്റീവന്‍ പറഞ്ഞു.
ചോദ്യത്തിന് അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്- 'അവളുടെ ഓർമ നഷ്ടപ്പെട്ടു. ഓർമ തിരിച്ചു കിട്ടിയപ്പോൾ അവൾ അറിവഴകനുമായി സംസാരിച്ചിരിക്കും. അവിടെ എത്തിയപ്പോൾ സെലിനുമൊത്ത് ജോർജ് സന്തോഷവാനാണെന്ന് അവൾക്ക് തോന്നിക്കാണും. കൈ കൊണ്ട് 'സൂപ്പർ' എന്ന് പറഞ്ഞതിൽ നിന്നും മലരിന് ഓർമ തിരിച്ചു കിട്ടിയെന്ന് ജോർജിനും മനസിലായി. എന്നാൽ ഇത് സംഭാഷണങ്ങളിലൂടെ പറയുന്നില്ല. ആംഗ്യത്തിലൂടെയും സംഗീതത്തിലൂടെയും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. നിങ്ങളുടെ സംശയം മാറിയെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള അവസാന ഉത്തരം ഇതാണ്.. മലരിന് ഓർമ തിരികെ ലഭിച്ചു'.
Adjust Story Font
16