Quantcast

ആമസോണില്‍ ഫെബ്രുവരി 1 മുതല്‍ പുനീതിന്‍റെ അഞ്ചു സിനിമകള്‍ സൗജന്യമായി കാണാം

പുനീത് രാജ്കുമാറിനോടുള്ള ആദരസൂചകമായി, നടന്‍റെ പ്രൊഡക്ഷൻ ബാനറായ പി.ആർ.കെ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന മൂന്ന് പുതിയ സിനിമകൾ പ്രീമിയർ ചെയ്യുമെന്ന് ആമസോൺ പ്രൈം വീഡിയോ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    22 Jan 2022 3:23 AM GMT

ആമസോണില്‍ ഫെബ്രുവരി 1 മുതല്‍ പുനീതിന്‍റെ അഞ്ചു സിനിമകള്‍ സൗജന്യമായി കാണാം
X

അന്തരിച്ച കന്നഡ താരം പുനീത് രാജ്കുമാറിനോടുള്ള ആദരസൂചകമായി, നടന്‍റെ പ്രൊഡക്ഷൻ ബാനറായ പി.ആർ.കെ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന മൂന്ന് പുതിയ സിനിമകൾ പ്രീമിയർ ചെയ്യുമെന്ന് ആമസോൺ പ്രൈം വീഡിയോ അറിയിച്ചു. ഇതോടൊപ്പം പുനീത് നായകനായി അഭിനയിച്ച അഞ്ച് ജനപ്രിയ സിനിമകൾ പ്ലാറ്റ്‌ഫോം സബ്‌സ്‌ക്രൈബ് ചെയ്യാത്ത പ്രേക്ഷകർ ഉൾപ്പെടെ എല്ലാവർക്കും സൗജന്യമായി കാണാനാകുമെന്നും ആമസോണ്‍ വ്യക്തമാക്കി.

മാൻ ഓഫ് ദി മാച്ച്, വൺ കട്ട് ടു കട്ട്, ഫാമിലി പാക്ക് എന്നിവയാണ് ആമസോൺ പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യുന്ന മൂന്ന് പുതിയ കന്നഡ ചിത്രങ്ങൾ. അതേസമയം, പുനിതീന്‍റെ ലോ, ഫ്രഞ്ച് ബിരിയാണി, കവലുദാരി, മായാബസാർ, അടുത്തിടെ പുറത്തിറങ്ങിയ യുവരത്‌ന എന്നിവയുൾപ്പെടെ അഞ്ച് സിനിമകൾ ഫെബ്രുവരി 1 മുതൽ ഒരു മാസത്തേക്ക് എല്ലാവർക്കും ആമസോണിലൂടെ കാണാം. ''പുനീതിന്‍റെ സിനിമാ സ്വപ്നം മുന്നോട്ട് കൊണ്ടുപോകാനും അദ്ദേഹത്തിന്‍റെ ചില മികച്ച ചിത്രങ്ങള്‍ ആരാധകരിലേക്ക് എത്തിക്കാനുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന്'' ആമസോണ്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

''സിനിമയെക്കുറിച്ചുള്ള പുനീത് രാജ്കുമാറിന്‍റെ വേറിട്ട കാഴ്ചപ്പാട് വർഷങ്ങളോളം പ്രേക്ഷകരെ ആകർഷിച്ചു, അദ്ദേഹത്തിന് അർഹതപ്പെട്ട ആരാധകരെയും ബഹുമതിയും നേടിക്കൊടുത്തു.ആ പൈതൃകം മുന്നോട്ട് കൊണ്ടുപോകാനുള്ള ഞങ്ങളുടെ ശ്രമമാണ് ഇപ്പോൾ അവശേഷിക്കുന്നത്. പ്രൈം വീഡിയോയുമായുള്ള ഞങ്ങളുടെ വിജയകരമായ ബന്ധം തുടരുന്നതിലും ഞങ്ങളുടെ സിനിമകൾ ലോകമെമ്പാടുമുള്ള കാഴ്ചക്കാരിലേക്ക് എത്തിക്കുന്നതിലും ഞങ്ങൾക്ക് സന്തോഷമുണ്ട്'' ആമസോണും പിആര്‍കെ പ്രൊഡക്ഷനുമായുള്ള സഹകരണത്തെക്കുറിച്ച് പുനീതിന്‍റെ ഭാര്യയും നിര്‍മാതാവുമായ അശ്വതി പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ 29നാണ് 46കാരനായ പുനീത് ഹൃദയാഘാതം മൂലം അന്തരിക്കുന്നത്. ജെയിംസ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കാനിരിക്കെയായിരുന്നു താരത്തിന്‍റെ അപ്രതീക്ഷിത വിയോഗം. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയിലെത്തി രണ്ടു മണിക്കൂറിന് ശേഷം മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

TAGS :

Next Story