'ട്വിറ്റർ ആന്റി...എന്റെ പണം പോയി....ഇനി ഞാൻ എന്തു ചെയ്യും? '; മസ്‌കിനോട് ബിഗ് ബി
ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ളവർക്ക് ബ്ലൂ ടിക്കുകൾ നഷ്ടപ്പെടില്ലെന്ന് ട്വിറ്റർ അറിയിച്ചിരുന്നു
മുംബൈ: സിനിമ താരങ്ങളും കായിക താരങ്ങളും അടക്കമുള്ള സെലിബ്രിറ്റികളുടെ ട്വിറ്റർ ബ്ലൂ ടിക് പെട്ടന്ന് അപ്രത്യക്ഷമായതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ നിറഞ്ഞു നിന്ന വാർത്ത. അമിതാഭ് ബച്ചൻ, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി തുടങ്ങി നിരവധി സെലിബ്രിറ്റികൾക്ക് അവരുടെ ബ്ലൂ ടിക്കുകൾ നഷ്ടപ്പെട്ടിരുന്നു.
ട്വിറ്റർ ബ്ലൂ ടിക് സബ്‌സ്‌ക്രിപ്ഷൻ സർവീസിന്റെ ഭാഗമായിരുന്നു ബ്ലൂ ടിക് ഒഴിവാക്കിയതെന്നായിരുന്നു ട്വിറ്ററിന്റെ വിശദീകരണം. ബ്ലൂ ടിക്കിന് പണം അടക്കേണ്ടിവരുമെന്നും നേരത്തെ മസ്‌ക് വ്യക്തമാക്കിയിരുന്നു. ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ളവർക്ക് ബ്ലൂ ടിക്കുകൾ നഷ്ടപ്പെടില്ലെന്ന് പിന്നീട് ട്വിറ്റർ അറിയിച്ചിരുന്നു.
അതേസമയം, ചില സെലിബ്രിറ്റികൾ ബ്ലൂടിക് നില നിർത്താനായി പണം അടച്ചിരുന്നു. അമിതാഭ് ബച്ചനും ബ്ലൂ ടിക്കിന് വേണ്ടി പണമടച്ചവരുടെ കൂട്ടത്തിൽ പെടും. എന്നാൽ 48.4 മില്യൺ ഫോളോവേഴ്സ് ഉണ്ടായിട്ടും വെറുതെ സബ്സ്‌ക്രിപ്ഷന് പണം നൽകിയത് എന്തിനായിരുന്നു എന്ന ചോദ്യവുമായാണ് അമിതാഭ് ബച്ചൻ രംഗത്തെത്തിയത്. തന്റെ നിരാശ ബിഗ് ബി ട്വീറ്റിലൂടെ പങ്കുവെക്കുകയും ചെയ്തു.
'ട്വിറ്റർ ആന്റി, ബ്ലൂ ടിക്കിന് ഞങ്ങൾ പണം നൽകണമെന്ന് പറഞ്ഞു. ഞങ്ങൾ പണമടക്കുകയും ചെയ്തു. ഇപ്പോൾ നിങ്ങൾ വീണ്ടും പറയുന്നു, ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ളവരുടെ അക്കൗണ്ടിന് ബ്ലൂ ടിക്ക് നൽകുമെന്ന്. എനിക്ക് 48.4 മില്യൻ ഫോളോവേഴ്‌സ് ഉണ്ട്. എന്റെ പണം പോയി...ഇനി ഞാൻ എന്ത് ചെയ്യും....അദ്ദേഹം ട്വീറ്റ് ചെയ്തു.
നേരത്തെ അപ്രത്യക്ഷമായ ബ്ലൂ ടിക്ക് തിരികെ നൽകിയതിന് ബച്ചൻ മസ്‌കിനോട് നന്ദി പറഞ്ഞിരുന്നു. 'മസ്‌ക് ഭയ്യ...എന്റെ ബ്ലൂ ടിക്ക് പുനസ്ഥാപിച്ചതിന് നന്ദി. എനിക്കൊരു പാട്ടുപാടാൻ തോന്നുന്നു..'തു ചീസ് ബഡി ഹേ മസ്‌ക് മസ്‌ക്...'എന്നായിരുന്നു ബച്ചൻ ട്വീറ്റ് ചെയ്തത്.
Adjust Story Font
16