'ബച്ചന് വേണ്ടി ഇപ്പോഴും കഥകളെഴുതുന്നു, ഞങ്ങൾക്ക് കിട്ടുന്നത് അമ്മ, മുത്തശ്ശി റോളുകൾ മാത്രം'; ആശാ പരേഖ്
'50ഉം 55ഉം വയസ് പ്രായമുള്ള നായകന്മാർ ഇപ്പോഴും അഭിനയിക്കുന്നത് 20 കാരികളുടെ കൂടെയാണ്. അതിന് ഇന്നും മാറ്റം വന്നിട്ടില്ല'
മുംബൈ: അറുപതുകളിലെയും എഴുപതുകളിലെയും ഹിന്ദി സിനിമകളിലെ പ്രധാന നായികമാരായിരുന്നു തനൂജയും ആശാ പരേഖും. മുതിർന്ന നടിമാരായതോടെ തങ്ങൾക്ക് സിനിമയിൽ അവഗണനാണെന്ന് തുറന്ന് പറഞ്ഞിക്കുകയാണ് ഇരുവരും. തങ്ങളുടെ സമകാലികനായ അമിതാഭ് ബച്ചന് ഇപ്പോഴും പ്രധാന വേഷങ്ങൾ ലഭിക്കുന്നുണ്ടെന്നും ഇന്നും സിനിമകളിലെ പ്രധാന കഥാപാത്രവുമാണ്. എന്നാൽ തങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത് മുത്തശ്ശി, അമ്മ വേഷങ്ങളാണെന്നും ഇവരും പറഞ്ഞു.
മൈത്രി- ഫീമെയിൽ ഫസ്റ്റ് കളക്ടീവിന്റെ ചർച്ചയിലാണ് ഇരുവരും തുറന്ന് പറഞ്ഞത്. അമിതാഭ് ബച്ചന് ഈ പ്രായത്തിലും അദ്ദേഹത്തിന് മാത്രമായി വേഷങ്ങൾ എഴുതുന്നു. എന്തുകൊണ്ടാണ് ആളുകൾ നമുക്കായി അത്തരം റോളുകൾ എഴുതാത്തത്? സിനിമയ്ക്ക് പ്രാധാന്യമുള്ള ചില വേഷങ്ങൾ നമുക്കും ലഭിക്കണം. അതില്ല. ഒന്നുകിൽ നമ്മൾ അമ്മ, മുത്തശ്ശി അല്ലെങ്കിൽ സഹോദരി..ഇതാണ് ലഭിക്കുന്നത്. ഹിന്ദി സിനിമാ വ്യവസായത്തിലെ നിലവിലെ അവസ്ഥയിൽ അസ്വസ്ഥയാണെന്നും ഇരുവരും വ്യക്തമാക്കി.80 വയസ്സുള്ള അമിതാഭ് ബച്ചന്റെ അഞ്ചുസിനിമകളാണ് 2022-ൽ റിലീസ് ചെയ്തത്.
ഇൻഡസ്ട്രിയിൽ ഇപ്പോഴും നിലനിൽക്കുന്ന നായകന്മാരും നായികമാരും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചും ആശാ പരേഖ് പറഞ്ഞു. 'അന്നത്തെ നടിമാർക്ക് വിവാഹിതരായാൽ അവരുടെ കരിയർ അവസാനിച്ചതുപോലെയായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. 50ഉം 55ഉം വയസ് പ്രായമുള്ള നായകന്മാർ ഇപ്പോഴും അഭിനയിക്കുന്നത് 20 വയസുള്ള നായികമാരോടൊപ്പമാണ്. അതിന് ഇന്നും മാറ്റം വന്നിട്ടില്ലെന്നും അവർ പറഞ്ഞു.
സിനിമാ വ്യവസായത്തിലെ പ്രായപരിധി, വേതന തുല്യത, ശുചിത്വമില്ലായ്മ തുടങ്ങിയവയിൽ ചിലതൊക്കെ മാറിയിട്ടുണ്ടെന്നും എന്നാൽ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ വേതനത്തിലെ അന്തരം ഇപ്പോഴും അതേപടി തുടരുന്നെന്നും ഇരുവരും വ്യക്തമാക്കി.
2020 ലെ ദാദാസാഹിബ് ഫാൽക്കേ പുരസ്‌കാര ജേതാവാണ് ആശാ പരേഖ്. 1992 ൽ രാജ്യം പത്മശ്രീ നൽകിയും ആദരിച്ചിരുന്നു.
Adjust Story Font
16