'പ്രേക്ഷകരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുന്നു, എന്റെ വാക്കുകൾ ആശയക്കുഴപ്പമുണ്ടാക്കി'; വിശദീകരണവുമായി അഞ്ജലി മേനോൻ
''സാധാരണക്കാരായ പ്രേക്ഷകർ വളരെ രസകരമായി വിശദമായ നിരൂപണങ്ങൾ എഴുതുന്ന സമയമാണിത്''
സിനിമയെക്കുറിച്ച് പഠിച്ചിട്ട് റിവ്യൂ ചെയ്യുവെന്ന പരാമർശത്തിൽ വിശദീകരണവുമായി സംവിധായിക അഞ്ജലി മേനോൻ. 'വണ്ടർ വുമൺ' എന്ന പുതിയ സിനിമയുടെ പ്രമോഷനിടെ ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വിവാദമായ പരാമർശങ്ങൾ നടത്തിയത്.
സിനിമ ലാഗ് ചെയ്യുന്നുണ്ടെന്ന് റിവ്യൂ ചെയ്യുന്നവർ പറയുന്നത് കേൾക്കുമ്പോൾ ചിരി വരാറുണ്ടെന്നും സിനിമയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് പഠിച്ച് മനസ്സിലാക്കിയതിന് ശേഷമാണ് നിരൂപണം നടത്തേണ്ടെന്നും അഞ്ജലി മേനോൻ പറഞ്ഞിരുന്നു. ഇത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സോഷ്യൽമീഡിയയിലൂടെയാണ് സംവിധായകയുടെ വിശദീകരണം.
'സിനിമ കാണാനും നല്ലതോ ചീത്തതോ ആയ അഭിപ്രായം പ്രകടിപ്പിക്കാനും പ്രേക്ഷകർക്ക് എല്ലാ അവകാശവും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. സാധാരണ പ്രേക്ഷകർ തന്നെ വിശദമായ നിരൂപണങ്ങൾ എഴുതുന്ന സമയമാണിത്. അതുകൊണ്ട് പ്രൊഫഷണൽ നിരൂപകർ അതിനേക്കാളും നിലവാരം പുലർത്തണമെന്നാണ് ഞാൻ ഉദ്ദേശിച്ചതെന്നും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. അഭിമുഖത്തിൽ ഞാൻ പരാമർശിച്ച കാര്യങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് ഈ പോസ്‌റ്റെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
''ഫിലിം മേക്കിങ്ങിനെക്കുറിച്ച് നല്ല ധാരണയുണ്ടെങ്കിൽ അത് പ്രൊഫഷണലായി സിനിമാ നിരൂപണം നടത്താൻ സഹായിക്കുമെന്നാണ് ആ അഭിമുഖത്തിൽ ഞാൻ പറഞ്ഞത്. ഫിലിം ജേണലിസ്റ്റായ എം.ഡി.എം ഉദയ താര നായരെപ്പോലുള്ളവരാണ് അതിന് നല്ല ഉദാഹരണം. സാധാരണക്കാരായ പ്രേക്ഷകർ വളരെ രസകരമായി വിശദമായ നിരൂപണങ്ങൾ എഴുതുന്ന സമയമാണിത്, അതിനാൽ പ്രൊഫഷനൽ സിനിമാ നിരൂപകർ അതിനേക്കാൾ കുറച്ചുകൂടി നിലവാരം പുലർത്തണമെന്നാണ് ഞാൻ ഉദ്ദേശിച്ചത്. പ്രേക്ഷകരുടെ നല്ലതോ ചീത്തയോ ആയ അഭിപ്രായങ്ങളെയും അവലോകനങ്ങളെയും ഞാൻ എല്ലായ്പ്പോഴും മാനിക്കുന്നു.ഞാൻ പ്രേക്ഷകരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുന്നു. സിനിമ കാണാനും വിമർശിക്കാനും അവർക്കു അവകാശമുണ്ട്. മാത്രമല്ല കാണികളിൽ നിന്നുളള അഭിപ്രായങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്. അഭിമുഖത്തിൽ ഞാൻ പറഞ്ഞ കാര്യങ്ങളിൽ ആശയക്കുഴപ്പമുണ്ടെന്ന് ഞാൻ പരാമർശിച്ച കാര്യങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് ഞാൻ ഈ കുറിപ്പ് പങ്കുവയ്ക്കുന്നത് .''അഞ്ജലി മേനോൻ പറഞ്ഞു.
പാർവതി തിരുവോത്ത്, പത്മപ്രിയ, നിത്യ മേനൻ, സയനോര എന്നിവരാണ് വണ്ടര്‍ വുമണില്‍ പ്രധാന വേഷത്തിലെത്തുന്നത്. 2018ൽ പുറത്തിറങ്ങിയ 'കൂടെ' എന്ന ചിത്രത്തിനു ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വണ്ടർ വുമണ്‍'. സോണി ലൈവിലൂടെ നവംബർ 18ന് ചിത്രം റിലീസിനെത്തും. നദിയ മൊയ്തു, അർച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗർഭിണികളായ ആറ് സ്ത്രീകൾ ഒരു ഗർഭകാല ക്ലാസിൽ പങ്കെടുക്കാനെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
Adjust Story Font
16