Quantcast

അന്നയും അർജുനും ഒന്നിക്കുന്ന ത്രിശങ്കു: ഫസ്റ്റ് ലുക്കെത്തി

റൊമാന്‍റിക് ഹാസ്യ ചിത്രമാണിത്

MediaOne Logo

Web Desk

  • Published:

    23 March 2023 3:20 PM GMT

അന്നയും അർജുനും ഒന്നിക്കുന്ന ത്രിശങ്കു: ഫസ്റ്റ് ലുക്കെത്തി
X

അന്ന ബെന്നും അർജുൻ അശോകനും ആദ്യമായി ഒന്നിക്കുന്ന ത്രിശങ്കു എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അച്യുത് വിനായക് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. റൊമാന്‍റിക് ഹാസ്യ ചിത്രമായ ത്രിശങ്കു മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവരാണ് നിർമിച്ചത്. വിഷ്ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്സ്, ഗായത്രി എം, ക്ലോക്ക്ടവർ പിക്ചേഴ്സ് & കമ്പനി എന്നിവരാണ് മറ്റു നിർമാതാക്കൾ.

സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയേഷ് മോഹൻ, അജ്മൽ സാബു എന്നിവർ ഛായാഗ്രഹണവും രാകേഷ് ചെറുമഠം എഡിറ്റിംഗും നിർവഹിക്കുന്നു. ജെ.കെയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്. സൗണ്ട് ഡിസൈൻ ധനുഷ് നയനാരാണ്. തിങ്ക് മ്യൂസിക് ഗാനങ്ങൾ പുറത്തിറക്കും.

പ്രശസ്ത നിയോ-നോയിർ ചലച്ചിത്ര നിർമാതാവ് ശ്രീറാം രാഘവന്റെ നേതൃത്വത്തിലാണ് പ്രൊഡക്ഷൻ ഹൗസ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല ഉള്ളടക്കമുള്ളതാണ് മലയാളം സിനിമകളെന്നും 'ജോണി ഗദ്ദാർ', 'അന്താധുൻ', 'മോണിക്ക, 'ഓ മൈ ഡാർലിംഗ്' തുടങ്ങിയ സമീപകാലത്ത് ഏറ്റവും നിരൂപക പ്രശംസ നേടിയതും സാമ്പത്തികമായി വിജയിച്ചതുമായ ചില ഹിന്ദി സിനിമകൾ സ്‌ക്രീനിൽ കൊണ്ടുവരാന്‍ തങ്ങള്‍ക്കു കഴിഞ്ഞെന്നും സഞ്ജയ് റൗത്രേ പറഞ്ഞു. ത്രിശങ്കുവിലൂടെ മലയാള സിനിമാ ലോകത്തിലേക്ക് പ്രവേശിക്കാനാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സരിത പാട്ടീൽ മലയാള സിനിമാ മേഖലയെ കുറിച്ച് പറഞ്ഞതിങ്ങനെ- "ഒരുപക്ഷേ മറ്റൊരു ഇന്ത്യൻ പ്രാദേശിക ചലച്ചിത്ര വ്യവസായത്തെയും മലയാള സിനിമയുമായി താരതമ്യപ്പെടുത്താനാകില്ല. മലയാള സിനിമകളിലെ സാങ്കേതിക വൈദഗ്ധ്യവും കഥപറച്ചിലിന്റെ ഉയർന്ന നിലവാരവും ഞങ്ങൾ എല്ലായ്‌പ്പോഴും വിലമതിച്ചിട്ടുണ്ട്. ഈ മേഖലയിലേക്കുള്ള ഞങ്ങളുടെ ചുവടുവയ്പ്പ് മലയാളത്തിൽ നിന്ന് പഠിക്കാനുള്ള അവസരം നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ത്രിശങ്കു പ്രേക്ഷകർക്ക് പുതുമയുള്ളതും ആകർഷകവുമായ അനുഭവം നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു". മാച്ച്‌ബോക്‌സ് ഷോട്ട്സ് മലയാളത്തിലെ മറ്റ് പ്രോജക്ടുകളുമായി സഹകരിക്കാൻ താല്പര്യപ്പെടുന്നുവെന്നും അവർ വ്യക്തമാക്കി.

TAGS :

Next Story