Quantcast

'അന്തരം' ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക്

വിവിധ ഭാഷകളില്‍ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളില്‍ മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങളാണുള്ളത്

MediaOne Logo

Web Desk

  • Published:

    11 Nov 2021 7:04 AM GMT

അന്തരം  ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക്
X

ഫോട്ടോ ജേർണലിസ്റ്റ് പി .അഭിജിത്ത് സംവിധാനം ചെയ്ത അന്തരം ജയ്പൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തു. വിവിധ ഭാഷകളില്‍ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളില്‍ മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങളാണുള്ളത്. അതിലൊന്നാണ് അന്തരം. ഇന്ത്യയ്ക്ക് പുറമെ ചൈന,ജപ്പാന്‍, റഷ്യ, സ്വിറ്റ്സര്‍ലന്‍റ്, ജര്‍മ്മനി,നെതര്‍ലന്‍റ്, കാനഡ, ബ്രസീല്‍, പോര്‍ച്ചുഗല്‍,കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും പതിനാലാമത് ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവെലില്‍(ജെ ഐ എഫ് എഫ്- 2022) അരങ്ങേറും.

2022 ജനുവരി 7 മുതല്‍ 11 വരെയാണ് ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവെല്‍ നടക്കുന്നത്. ചെന്നൈയിൽ നിന്നുള്ള ട്രാൻസ് വുമൺ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന 'അന്തരം' ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി ജിയോ, രേണുക അയ്യപ്പന്‍, എ ശോഭില എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. എ.മുഹമ്മദാണ് ഛായാഗ്രാഹകൻ. കോള്‍ഡ് കേസ്, എസ് ദുര്‍ഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ നായരാണ് ചിത്രത്തിലെ നായകന്‍. രക്ഷാധികാരി ബൈജുവിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവിസ്റ്റുമായ എ രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്‍റെ ജീവിതം പ്രമേയമായി വിവിധ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് അന്തരമെന്ന് സംവിധായകന്‍ പി. അഭിജിത്ത് പറഞ്ഞു. കുടുംബ പശ്ചാത്തലത്തിനൊപ്പം ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്‍റെ സോഷ്യല്‍ പൊളിറ്റിക്സും ചിത്രം പറയുന്നു. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്സിബിഷനുകളും ഡോക്യുമെന്‍ററികളും തയ്യാറാക്കി ശ്രദ്ധേയനായ ഫോട്ടോ ജേർണലിസ്റ്റാണ് അഭിജിത്ത്.

TAGS :

Next Story