മന്ത്രിയെ തള്ളി ആന്‍റണി പെരുമ്പാവൂര്‍, മരക്കാര്‍ റിലീസിന് തിയറ്ററുടമകള്‍ക്ക് മുന്നില്‍ ഉപാധികള്‍
ഡിസംബർ രണ്ട് മുതൽ മരക്കാർ ദിവസവും നാല് ഷോകൾ കളിക്കണമെന്നതാണ് നിര്‍മാതാവിന്‍റെ ആദ്യ ഉപാധി
മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം റിലീസിന് ഉപാധികള്‍ വെച്ച് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. സിനിമക്ക് മിനിമം ഗ്യാരന്‍റി എന്ന ഉപാധിയാണ് തിയറ്ററുടമകള്‍ക്ക് മുന്നില്‍ ആന്‍റണി പെരുമ്പാവൂര്‍ വെച്ചിരിക്കുന്നതെന്ന് ദ ക്യൂ റിപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച നടത്തിയ ചര്‍ച്ചയില്‍ റിലീസിന് ആന്‍റണി പെരുമ്പാവൂര്‍ ഒരു ഉപാധിയും വെച്ചിലെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ അറിയിച്ചിരുന്നത്.
ഡിസംബർ രണ്ട് മുതൽ മരക്കാർ ദിവസവും നാല് ഷോകൾ കളിക്കണമെന്നതാണ് നിര്‍മാതാവിന്‍റെ ആദ്യ ഉപാധി. ആദ്യവാരം സിനിമയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്‍റെ 60 ശതമാനവും രണ്ടാം വാരത്തിൽ 55 ശതമാനവും മൂന്നാം വാരവും അതിന് ശേഷം എത്ര നാൾ പ്രദർശിപ്പിക്കുന്നുവോ അതിന്‍റെ 50 ശതമാനവും നൽകണമെന്നാണ് മറ്റു വ്യവസ്ഥകള്‍. മരക്കാരിന് മിനിമം ഗ്യാരന്‍റി കൂടി ഉറപ്പുനല്‍കണമെന്നും ആന്‍റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടു.
അതെ സമയം ആന്‍റണി പെരുമ്പാവൂരിന്‍റെ ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫിയോക് വ്യക്തമാക്കി. ഇത്തരം ഉപാധികളോടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് സംഘടന അറിയിക്കുന്നത്. ഡിസംബര്‍ രണ്ടിനാണ് മരക്കാരിന്‍റെ തിയറ്റര്‍ റിലീസ്.
കോവിഡ് പശ്ചാത്തലത്തില്‍ റിലീസ് പലകുറി മാറ്റിവെക്കേണ്ടിവന്ന മലയാളചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മരക്കാര്‍. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം രണ്ടു വർഷം കൊണ്ട് ഏതാണ്ട് 100 കോടിക്കടുത്ത് ചിലവിട്ടാണ് നിർമിച്ചത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍വന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Adjust Story Font
16