'അപ്പയും അമ്മയും കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ടാണ് കല്യാണം നടത്തിയത്, കുടുംബത്തെ വെറുതെവിടൂ'; ജൂഡിനെതിരെ വീണ്ടും ആന്‍റണി വർഗീസ്
'എന്‍റെ ഭാര്യയുടെയും പെങ്ങളുടെയും സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അവർ കേട്ട അനാവശ്യങ്ങൾ കുറച്ചൊന്നുമല്ലാ... ദയവു ചെയ്ത് അവരെ വെറുതെവിടൂ'
കോഴിക്കോട്: സംവിധായകൻ ജൂഡ് ആന്റണിയുടെ ആരോപണങ്ങൾക്കു മറുപടി പറഞ്ഞതിനു പിന്നാലെ തെളിവുകൾ നിരത്തി യുവനടൻ ആന്റണി വർഗീസ്. കടം വാങ്ങിയ പണം തിരിച്ചുകൊടുത്ത ശേഷമാണ് പെങ്ങളുടെ വിവാഹം നടന്നതെന്ന് ആന്റണി പറഞ്ഞു. അച്ഛനും അമ്മയും വർഷങ്ങളോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ടാണ് കല്യാണം നടന്നത്. തനിക്കെതിരെ എന്തു പറഞ്ഞാലും കുടുംബത്തെ വെറുതെവിടണമെന്നും താരം ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൂടുതൽ വിശദീകരണവുമായി ആന്റണി രംഗത്തെത്തിയത്. കടം വാങ്ങിയ പണം തിരിച്ചുകൊടുത്തതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റും പെങ്ങളുടെ വിവാഹത്തിന്റെ കത്തും അന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രവും അടക്കം പോസ്റ്റ് ചെയ്താണ് വിശദീകരണം. പണം തിരികെക്കൊടുത്ത തിയതിയും വിവാഹം നടന്ന തിയതിയുമെല്ലാം ഇതിൽനിന്നു വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്തെങ്കിലും അറിഞ്ഞു കഴിഞ്ഞാൽ കുടുംബത്തെ മൊത്തം ആക്ഷേപിക്കുന്നത് അത്ര നല്ലതല്ല. ഇത്രയും ദിവസം എന്റെ ഭാര്യയുടെയും പെങ്ങളുടെയും സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അവർ കേട്ട അനാവശ്യങ്ങൾ കുറച്ചൊന്നുമല്ലാ. ദയവു ചെയ്ത് അവരെ വെറുതെവിടൂ-ആന്റണി അഭ്യർത്ഥിച്ചു.
വിവാദം വിശദീകരിക്കാനായി രാവിലെ ആന്റണി വർഗീസ് പ്രത്യേക വാർത്താസമ്മേളനം വിളിച്ചുചേർത്തിരുന്നു. പ്രശ്‌നങ്ങൾ വേണ്ടെന്ന് കരുതിയാണ് മിണ്ടാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജൂഡ് തന്റെ അമ്മയ്ക്കും ഭാര്യയ്ക്കും ഉണ്ടാക്കിയ വിഷമം വളരെ വലുതാണെന്ന് ആന്റണി പറഞ്ഞു. ജൂഡിന്റെ വിവാദ പരാമർശങ്ങൾക്കെതിരെ ആന്റണിയുടെ അമ്മ കോടതിയെ സമീപിച്ചിട്ടുണ്ട്.
ജൂഡ് ഒരു നല്ല സിനിമ ചെയ്ത്, ഒരു വലിയ വിജയത്തിന്റെ ഭാഗമായി നിൽക്കുകയാണ്. എന്നാൽ, ആ വിജയം ദുരുപയോഗം ചെയ്ത് എന്നെ വ്യക്തിഹത്യ ചെയ്യുകയും എന്റെ അമ്മയ്ക്കോ പെങ്ങൾക്കോ പുറത്തിറങ്ങി നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്കും ഇപ്പോൾ എത്തിച്ചിരിക്കുകയാണ്. അക്കാര്യത്തിൽ എനിക്ക് അയാളോട് സഹതാപം തോന്നുന്നു. 2019 ജൂലായ് ഏഴിന് അഡ്വാൻസ് വാങ്ങിയ തുക 27 ജനുവരി 2020ൽ തിരികെക്കൊടുത്തതാണ്. 18 ജനുവരി 2021ലായിരുന്നു എൻറെ സഹോദരി അഞ്ജലിയുടെ വിവാഹമെന്നും താരം ചൂണ്ടിക്കാട്ടി. ജൂഡിന്റെ ആരോപണങ്ങൾക്കെതിരെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ഇ-മെയിൽ തെളിവുകളും നിരത്തിയാണ് ആന്റണി വാർത്താസമ്മേളനത്തിൽ സംസാരിച്ചത്.
എനിക്ക് ജൂഡേട്ടനോട് ഒരു ദേഷ്യവുമില്ല. അയാൾ ചെയ്ത സിനിമ ഞാൻ ഫാമിലിയായി കണ്ടു. മലയാളികൾക്ക് അഭിമാനിക്കാവുന്ന സിനിമ തന്നെയാണ് 2018. സംഘടനകൾ വഴി മൂന്നു വർഷങ്ങൾക്കുമുൻപ് ചർച്ച ചെയ്ത് പരിഹരിച്ച വിഷയമാണ് ഒരു വലിയ വിജയചിത്രം ലഭിച്ചപ്പോൾ ജൂഡ് അത് മാനേജ് ചെയ്യാൻ കഴിയാതെ, മറ്റൊരാളുടെ ജീവിതത്തെ അപകീർത്തിപ്പെടുത്താൻ അതുപയോഗിച്ചത്-ആന്റണി പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരി ഉള്ളതുകൊണ്ടാണ് ആന്റണി ജീവിക്കുന്നത്, കഴിവില്ലാത്തവനാണെന്നൊക്കെയുള്ള ആരോപണത്തിന്, മറ്റൊരാൾ കൈപിടിക്കാതെ സിനിമയിലേക്ക് കടന്നുവന്ന ആരാണിവിടെയുള്ളത്, താൻ സ്വപ്നങ്ങളെ പിന്തുടർന്നുവന്നവനാണെന്ന് ആന്റണി പ്രതികരിച്ചു.
ആന്റണി വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എനിക്കെതിരെ ജൂഡേട്ടൻ സോഷ്യൽ മീഡിയയിൽ രണ്ടു ദിവസം മുൻപേ നടത്തിയ പ്രസ്താവനകൾ നിങ്ങൾ കണ്ടതാണല്ലോ, അതിനുള്ള എല്ലാ മറുപടിയും ഇന്ന് രാവിലെ പറഞ്ഞതാണ്. പക്ഷെ പെങ്ങളുടെ കല്യാണത്തിനെ പറ്റി പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ ഇവിടെ കൂടി പറയണമെന്നു തോന്നി..
ജൂഡേട്ടൻ പറഞ്ഞ നിർമ്മാതാവ് തന്ന കാശ് തിരിച്ചുകൊടുത്തത് 2020 ജനുവരി 27ന്. പിന്നെ എന്റെ സഹോദരിയുടെ കല്യാണം നടന്നത് 2021 ജനുവരി 18ന്. ഒരു വർഷം മുൻപേ തിരികെക്കൊടുത്ത കാശ് വച്ച് എങ്ങനെയാണ് ഞാൻ പെങ്ങളുടെ കല്യാണം നടത്തിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കാശ് തിരികെക്കൊടുത്ത തീയതിയും പെങ്ങളുടെ കല്യാണം നടന്ന തീയതിയും തെളിയിക്കുന്ന സ്‌ക്രീൻ ഷോട്ട് ഇതോടൊപ്പം കൊടുക്കുന്നു. ടൈംട്രാവൽ സ്റ്റോറിയിൽ സത്യമുണ്ടെന്ന് തോന്നുന്നു. അങ്ങനെയാണല്ലോ ഇവിടെ നടന്നിരിക്കുന്നത്. ആ കല്യാണം നടത്തിയതിൽ ഏറിയ പങ്ക് വർഷങ്ങളോളം എന്റെ അപ്പയും അമ്മയും കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ് തന്നെയാണ്. വളരെ ചെറിയ പങ്ക് മാത്രമേ ഞാനും പെങ്ങളും ചെലവഴിച്ചുകാണൂ. അങ്ങനെയുള്ളപ്പോൾ ഞാൻ ഇതെങ്കിലും പറഞ്ഞില്ലേൽ അവരോടു ചെയ്യുന്ന തെറ്റല്ലേ?
പിന്നെ എന്തെങ്കിലും അറിഞ്ഞു കഴിഞ്ഞാൽ കുടുംബത്തെ മൊത്തം ആക്ഷേപിക്കുന്നത് അത്ര നല്ലതല്ല. ഇത്രയും ദിവസം എന്റെ ഭാര്യയുടെയും പെങ്ങളുടെയും സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അവർ കേട്ട അനാവശ്യങ്ങൾ കുറച്ചൊന്നും അല്ലാ... ദയവു ചെയ്ത് അവരെ വെറുതെവിടൂ.. പിന്നെ എന്തുകൊണ്ടാണ് ആ പടത്തിൽനിന്ന് മാറിയത്, എപ്പോഴാണ് മാറിയത് എന്നുള്ള കാര്യങ്ങൾ എല്ലാം രാവിലെ പറഞ്ഞുകഴിഞ്ഞു. അതുകൊണ്ട് കൂടുതൽ കാര്യങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല, ഒന്നേ പറയാനുള്ളൂ.. എനിക്കെതിരെ എന്തും പറഞ്ഞോളൂ, പക്ഷെ എന്റെ കുടുംബത്തെ വിട്ടേക്കു... ഇതൊരു അപേക്ഷയാണ്...
Summary:
Adjust Story Font
16