'പകുതി മങ്ങിയ ആ ഫോട്ടോ പോലും ഷെയർ ചെയ്യാൻ പറ്റില്ല'; മണിപ്പൂർ സംഭവത്തിൽ ആന്റണി വർഗീസ്
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു.
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി നടൻ ആന്റണി വർഗീസ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് മണിപ്പൂരിൽ നടന്നതെന്നും നമ്മൾ എന്ന് മനസിലാക്കുമെന്നും ആന്റണി വർഗീസ് ചോദിക്കുന്നു. ആ പകുതി മങ്ങിയ ഫോട്ടോ പോലും ഷെയർ ചെയ്യാൻ പറ്റില്ലെന്നും താരം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയാണ് ആന്റണി വർഗീസിന്റെ പ്രതികരണം.
"മണിപ്പൂർ... എന്ന് നടന്നു എപ്പോൾ നടന്നു എന്നത് അല്ല ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് നടന്നു എന്നതാണ് സത്യം. ഇനിയും നമ്മൾ എന്ന് മനസ്സിലാക്കും? എന്ന് മാറും? ആ പകുതി മങ്ങിയ ഫോട്ടോ പോലും ഷെയർ ചെയ്യാൻ പറ്റില്ല..ഇനിയും കാണാൻ പറ്റാത്തത് കൊണ്ടാണ്.." ആന്റണി വർഗീസ് ഫേസ്ബുക്കിൽ കുറിച്ചു.
മെയ് നാലിന് തലസ്ഥാനനഗരിയായ ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെ കാംഗ്‌പോക്പി ജില്ലയിലാണ് രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോയെടുത്തത്. വീഡിയോ വൈറലായതോടെ സംഭവത്തെ വിമർശിച്ച് നിരവധിപേർ രംഗത്തുവന്നിരുന്നു. മണിപ്പൂർ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നുവെന്നുമായിരുന്നു നടൻ സുരാജ് വെഞ്ഞാറമൂടിന്റെ പ്രതികരണം.
Adjust Story Font
16