Quantcast

'ബോളിവുഡിൽ ഇത്തരം സിനിമകളുടെ റീമേക്ക് മാത്രമേ സാധിക്കൂ'; മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് അനുരാഗ് കശ്യപ്

സമീപകാലത്തിറങ്ങിയ മൂന്ന് മികച്ച മലയാള സിനിമകളുടെ മുന്നിൽ ഹിന്ദി സിനിമ വളരെ പിന്നിലായിപ്പോയെന്നും അനുരാഗ് കശ്യപ് പറയുന്നു.

MediaOne Logo

Web Desk

  • Updated:

    2024-03-06 13:37:16.0

Published:

6 March 2024 1:33 PM GMT

ബോളിവുഡിൽ ഇത്തരം സിനിമകളുടെ റീമേക്ക് മാത്രമേ സാധിക്കൂ; മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് അനുരാഗ് കശ്യപ്
X

നൂറുകോടിയും കടന്ന് ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്ന മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. അസാധാരണമായ നിലവാരം പുലർത്തുന്ന മുഖ്യധാരാ ചിത്രമെന്നാണ് അനുരാഗ് കശ്യപ് മഞ്ഞുമ്മൽ ബോയ്സിനെ വിശേഷിപ്പിച്ചത്. ബോളിവുഡിൽ ഇത്തരം സിനിമകളുടെ റീമേക്കുകൾ മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ. സമീപകാലത്തിറങ്ങിയ മൂന്ന് മികച്ച മലയാള സിനിമകളുടെ മുന്നിൽ ഹിന്ദി സിനിമ വളരെ പിന്നിലായിപ്പോയെന്നും അനുരാഗ് കശ്യപ് സിനിമ റിവ്യൂ ആപ്പായ ലെറ്റർബോക്സ്ഡിയിൽ കുറിച്ചു.

“അസാധാരണമായ നിലവാരം പുലർത്തുന്ന മുഖ്യധാരാ ചിത്രം. ഇന്ത്യയിലെ എല്ലാ ബിഗ് ബജറ്റ് സിനിമകളേക്കാളും വളരെ മികച്ചതാണ് ഈ ചിത്രം. ആത്മവിശ്വാസം നിറഞ്ഞതും അസാധ്യവുമായ കഥപറച്ചിൽ. ഈ ആശയത്തെ എങ്ങനെ ഒരു നിർമാതാവിന് മുന്നിലെത്തിച്ചു എന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു. ഹിന്ദിയിൽ ഇത്തരം സിനിമകളുടെ റീമേക്ക് മാത്രമേ ചെയ്യാൻ കഴിയൂ. ഈ അടുത്ത് റിലീസ് ചെയ്ത മൂന്ന് മികച്ച മലയാള സിനിമകളുടെ മുന്നിൽ ഹിന്ദി സിനിമ ശരിക്കും പിന്നിലാണ്” അനുരാഗ് കശ്യപ് കുറിച്ചു.

2024ലെ മലയാളം റിലീസുകളിൽ ഏറ്റവും വലിയ വിജയമായി മഞ്ഞുമ്മൽ ബോയ്‌സ് മാറിക്കഴിഞ്ഞു. റിലീസ് ചെയ്ത് 12 ദിവസങ്ങൾകൊണ്ടാണ് മഞ്ഞുമ്മൽ ബോയ്സ് നൂറ് കോടി ക്ലബ്ബിലെത്തിയത്. ആത്മബന്ധത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും കഥ പറയുന്ന സിനിമയ്ക്ക് കേരളത്തിൽ മാത്രമല്ല മറിച്ച് തമിഴ്‌നാട്ടിലും മികച്ച സ്വീകരണം തന്നെയാണ് ലഭിച്ചുവരുന്നത്. ഇപ്പോഴിതാ തമിഴ്‌നാട്ടിൽ ഏറ്റവും കലക്ഷൻ നേടിയ മലയാളം സിനിമ എന്ന റെക്കോഡും മഞ്ഞുമ്മൽ ബോയ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞവർഷം റിലീസ് ചെയ്ത ജൂഡ് ആന്റണി ജോസഫിന്റെ 2018 ആയിരുന്നു ഇതുവരെ തമിഴ്‌നാട്ടിൽ നിന്നും ഏറ്റവും പണം വാരിക്കൂട്ടിയ മലയാളം സിനിമ. 2.26 കോടിയായിരുന്നു 2018ന്റെ കലക്ഷൻ. എന്നാൽ ഇതിനെ പിന്നിലാക്കിക്കൊണ്ട് 20 കോടിയാണ് ഇതിനോടകം മഞ്ഞുമ്മൽ ബോയ്‌സ് തമിഴ്‌നാട് ബോക്‌സ് ഓഫീസിൽ നിന്ന് നേടിയത്. ഒപ്പം റിലീസ് ചെയ്ത തമിഴ് സിനിമകളെയെല്ലാം ബഹുദൂരം പിന്നിലാക്കിക്കൊണ്ടായിരുന്നു മഞ്ഞുമ്മൽ ബോയ്‌സിന്റെ ജൈത്രയാത്ര. രജനീകാന്ത് നായകനായ ലാൽ സലാമിനും മഞ്ഞുമ്മൽ ബോയ്‌സിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.

ചിദംബരം സംവിധാനവും രചനയും നിര്‍വഹിച്ച ചിത്രത്തിൽ ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്‌മാന്‍, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ചന്തു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃദ്‍സംഘം കൊടൈക്കനാലിലേക്ക് യാത്രപോകുന്നതും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

TAGS :

Next Story