Quantcast

'ഒരു വശത്ത് ഗുസ്തി താരങ്ങളെ വലിച്ചിഴക്കുന്നു, മറുവശത്ത് ഐ.പി.എൽ പണക്കൊഴുപ്പ്'; വിമർശനവുമായി അപർണ ബാലമുരളി

'മോദിയുടെ പരിപാടിക്ക് പോയതിന് ആളുകളുടെ ചൂട് തീർന്നിട്ടില്ലെന്ന് അച്ഛൻ പറഞ്ഞിരുന്നു. പക്ഷെ താരങ്ങളെ ഒരു വിലയും നൽകാതെ വലിച്ചിഴയ്ക്കുന്നതു കണ്ടപ്പോൾ സങ്കടം തോന്നി. എനിക്ക് പ്രതികരിക്കണമെന്നു തോന്നി.'

MediaOne Logo

Web Desk

  • Published:

    23 Jun 2023 6:49 AM GMT

Aparna Balamurali on wrestlers protest and IPL, Aparna Balamurali, wrestlers protest, IPL
X

കോഴിക്കോട്: ഗുസ്തിതാരങ്ങളുടെ സമരത്തിൽ കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധവുമായി നടി അപർണ ബാലമുരളി. ഒരുവശത്ത് ഇന്ത്യയ്ക്ക് ലോകതലത്തിൽ അംഗീകാരങ്ങൾ നേടിത്തന്നവർക്ക് ഒരു വിലയും നൽകാതെ തെരുവിൽ വലിച്ചിഴക്കുകയാണ്. മറുവശത്ത് ഐ.പി.എൽ പണക്കൊഴുപ്പും നടക്കുന്നു. ഈ രണ്ട് മുഖം അംഗീകരിക്കാൻ കഴിയില്ലെന്ന് അപർണ മീഡിയവണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇന്ത്യയിൽ രണ്ടുതരത്തിലുള്ള സംഗതികൾ കാണുന്നതിൽ ബുദ്ധിമുട്ടുണ്ട്. ഗുസ്തിതാരങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് ഏറ്റവും കൂടുതൽ വിഷമമുണ്ടാക്കിയത്. അവർ ഒരു വിഷയം സംസാരിക്കാൻ പോയി മാന്യമായ രീതിയിൽ പറഞ്ഞു. സംസാരിക്കാൻ താൽപര്യമില്ലെങ്കിൽ അതു വേറെ രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു അവർക്ക്-അപർണ ചൂണ്ടിക്കാട്ടി.

മര്യാദയ്ക്ക് ഇരുന്ന് സംസാരിച്ചിരുന്നെങ്കിൽ ഈ വിഷയം ഇത്രയും ആകുമായിരുന്നില്ല. ഭയങ്കര മോശമായാണ് അവരോട് പെരുമാറിയത്. അവർ ലോകതലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചവരും മെഡൽ വാങ്ങിയവരുമാണ്. അവരെ തീരേ ബഹുമാനമില്ലാതെ പെരുമാറിയത് കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നി. അപ്പോഴാണ് (സോഷ്യൽ മീഡിയയിൽ) പോസ്റ്റിട്ടത്. (മോദിയുടെ) പരിപാടിക്ക് പോയതിന് ആളുകളുടെ ചൂട് തീർന്നിട്ടുണ്ടായിരുന്നില്ലെന്ന് അന്ന് അച്ഛൻ പറഞ്ഞിരുന്നുവെന്നും നടി വെളിപ്പെടുത്തി.

''ഇതേ സമയത്താണ് ഐ.പി.എൽ നടക്കുന്നത്. ഇത്രയും പൈസയുമെല്ലാമായി ഐ.പി.എൽ നിറഞ്ഞുനിൽക്കുന്നു. ഞാനും ഇഷ്ടത്തോടെ കാണുന്നത്. എന്നാൽ, ഇതേസ്ഥലത്ത് മറ്റൊരു വശത്ത് ഇങ്ങനെ കാണുന്നത് ഉൾക്കൊള്ളാനാകുമായിരുന്നില്ല. ഈ രണ്ട് മുഖങ്ങൾ കണ്ടാണ് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടത്.''

ഇത് രാഷ്ട്രീയമല്ല. ഒന്നാമതായി മനുഷ്യരാണ്. രാജ്യത്തിനുവേണ്ടി അന്താരാഷ്ട്രതലത്തിൽ അംഗീകാരം നേടിത്തന്നവരാണ്. ഇത് അവരോട് ചെയ്യുന്ന അനാദരവാണ്. രാഷ്ട്രീയം നോക്കിയല്ല ഞാൻ പോസ്റ്റിട്ടത്. ചിത്രങ്ങളിൽ കാണുന്നതു പോലെ ഒരു വിലയും നൽകാതെ വലിച്ചിഴച്ചുകൊണ്ടുപോകുന്നത് തെറ്റ് തന്നെയാണ്. അതിൽ വേറെ ആലോചിക്കാനില്ല. ഇൻസ്റ്റഗ്രാമിൽ ഞാൻ പോസ്റ്റിട്ടത് കൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റിയിട്ടല്ല. ഇത് ശരിയല്ലെന്ന് എനിക്ക് പ്രതികരിക്കണമായിരുന്നുവെന്നും അപർണ ബാലമുരളി കൂട്ടിച്ചേർത്തു.

Summary: 'There are two faces in India. On one hand wrestlers are being dragged through the streets, on the other IPL is running with huge money'; Says Malayalam actress Aparna Balamurali

TAGS :

Next Story