Quantcast

സെക്‌സും അക്രമങ്ങളും മാത്രമല്ല ജീവിതത്തിലുള്ളത്; വിഷാദത്തില്‍ ആശ്വാസം തരുന്ന പല കാര്യങ്ങളുമുണ്ട്-എ.ആർ റഹ്മാൻ

'നമ്മൾ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോൾ ആത്മഹത്യാ ചിന്തകളൊന്നും വരില്ലെന്നാണ് അമ്മ തന്ന ഏറ്റവും മനോഹരമായ ഉപദേശങ്ങളിലൊന്ന്.'

MediaOne Logo

Web Desk

  • Published:

    28 Nov 2024 4:06 PM GMT

AR Rahman says one should not cater to ‘carnal needs like violence and sex’, discusses depression in first appearance since divorce announcement, AR Rahman divorce controversy, Saira Banu AR Rahman break-up
X

പനാജി: വിവാഹമോചന വാർത്തകൾക്കുശേഷം ആദ്യമായി പൊതുവേദിയിൽ ആരാധകരെ അഭിസംബോധന ചെയ്ത് സംഗീതജ്ഞൻ എ.ആർ റഹ്മാൻ. മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് ആശ്വാസമേകാൻ സംഗീതത്തിനാകുമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ അടിസ്ഥാന ചോദനകൾക്കപ്പുറം പലതും ജീവിതത്തിലുണ്ടെന്നും റഹ്മാൻ പറഞ്ഞു. ഗോവയിൽ 55-ാമത് അന്താരാഷ്ട്ര ഇന്ത്യൻ ചലച്ചിത്രമേളയിൽ(ഐഎഫ്എഫ്‌ഐ) സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നമ്മൾ എല്ലാവരും വിഷാദം ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നവരാണ്. നമ്മൾ എല്ലാവരിലും ഒരു ശൂന്യത ബാക്കികിടക്കുന്നുണ്ട്. കഥപറച്ചിലുകാർക്കും തത്വശാസ്ത്രത്തിനും വിനോദത്തിനുമെല്ലാം ആ ശൂന്യത തീർക്കാനാകും. മരുന്ന് കഴിക്കുകയാണെന്ന തോന്നൽ പോലുമില്ലാതെയാകും അത് ആശ്വാസം പകരുക. അക്രമവും സെക്‌സും പോലെയുള്ള ശാരീരിക ചോദനകൾ പൂർത്തീകരിക്കുന്നതിനുമപ്പുറം പലതുമുണ്ട്'-റഹ്മാൻ ചൂണ്ടിക്കാട്ടി.

യുവാവായിരിക്കെ തനിക്കും ആത്മഹത്യാ ചിന്തകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. നമ്മൾ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോൾ ഇത്തരത്തിലുള്ള ചിന്തകളൊന്നും വരില്ലെന്നാണ് അന്ന് അമ്മ തന്നോട് പറഞ്ഞത്. എന്റെ അമ്മയിൽനിന്നു ലഭിച്ച ഏറ്റവും മനോഹരമായ ഉപദേശങ്ങളിലൊന്നായിരുന്നു അത്. നമ്മൾ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുന്നതോടൊപ്പം സ്വാർഥരുമല്ലെങ്കിൽ ജീവിതത്തിന് അർഥമുണ്ടാകും. ഭാവിയിൽ എന്തു സംഭവിക്കുമെന്നതിനെ കുറിച്ചു പരിമിതമായ അറിവേ നമുക്കുള്ളൂ. ഒരുപക്ഷേ, അസാധാരണമായ എന്തെങ്കിലും നമ്മെ കാത്തിരിപ്പുണ്ടാകുമെന്നും എ.ആർ റഹ്മാൻ പറഞ്ഞു.

ദിവസങ്ങൾക്കുമുൻപ് സൈറാ ബാനുവിന്റെ അഭിഭാഷക വന്ദന ഷായാണ് വിവാഹമോചനത്തെ കുറിച്ചുള്ള സൂചനകളുമായി വാർത്താകുറിപ്പ് പുറത്തിറക്കിയത്. വർഷങ്ങൾ നീണ്ട ദാമ്പത്യജീവിതത്തിനുശേഷം സൈറയും എ.ആർ റഹ്മാനും വേർപിരിയാൻ തീരുമാനിച്ചിരിക്കുകയാണെന്നും അത്യധികം വേദനയോടെയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നുമായിരുന്നു കുറിപ്പിൽ അറിയിച്ചത്. ഇരുവരും തമ്മിലുള്ള ദാമ്പത്യപ്രശ്നങ്ങളെ കുറിച്ചും വാർത്താകുറിപ്പിൽ സൂചിപ്പിച്ചിരുന്നു. പിന്നീട് എ.ആർ റഹ്മാനും സോഷ്യൽ മീഡിയയിലൂടെ വിവാഹമോചന വാർത്തകളോട് പ്രതികരിച്ചു. ദാമ്പത്യം 30 വർഷം പിന്നിടുമെന്ന പ്രതീക്ഷയിലായിരുന്നുവെന്നും എന്നാൽ മറ്റൊരു തലത്തിലേക്കാണു കാര്യങ്ങൾ പോയതെന്നും അദ്ദേഹം പറഞ്ഞു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്റെ സിംഹാസനം പോലും വിറക്കുന്നുണ്ടാകുമെന്നും റഹ്മാൻ കുറിച്ചിരുന്നു.

Summary: AR Rahman says one should not cater to ‘carnal needs like violence and sex’, discusses depression in first appearance since divorce announcement

TAGS :

Next Story