'പുനസൃഷ്ടിക്കാൻ നിങ്ങൾ ആരാണ് ? മാന്യത പുലർത്തണം'; എ.ആർ.റഹ്മാൻ
'മറ്റൊരാളുടെ പാട്ടെടുക്കുമ്പോൾ ഞാൻ വളരെ അധികം ശ്രദ്ധിക്കാറുണ്ട്'
ന്യൂഡൽഹി: മണിരത്നത്തിന്റെ പൊന്നിയിൻ സെൽവന്റെ പ്രമോഷന്റെ തിരക്കിലാണ് സംഗീത സംവിധായകൻ എആർ റഹ്മാൻ. ഇപ്പോഴിതാ റീമിക്‌സ് വിവാദത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഓസ്‌കാർ ജേതാവ്.
റീമിക്‌സുകൾ പാട്ടുകളെ വികലമാക്കുകയാണെന്നും അവയെ പുനസൃഷ്ടിക്കാൻ നിങ്ങൾ ആരാണെന്നും എ.ആർ.റഹ്മാൻ ചോദിച്ചു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് എ.ആർ.റഹ്മാൻ തന്റെ അനിഷ്ടം തുറന്ന്പ്രകടിപ്പിച്ചത്. ഞാൻ കൂടുതൽ തവണ ആ പാട്ട് കാണുന്തോറും അത് വളച്ചൊടിക്കപ്പെടുകയാണ്. സംഗീതസംവിധായകന്റെ ഉദ്ദേശ്യം വികലമാകുന്നു. ആളുകൾ പറയും 'ഞാൻ വീണ്ടും പുനസൃഷ്ടിച്ചതാണെന്ന്.. നിങ്ങൾ ആരാണ് അവ വീണ്ടും പുനസൃഷ്ടിക്കാൻ? അദ്ദേഹം ചോദിച്ചു. മറ്റൊരാളുടെ പാട്ടെടുക്കുമ്പോൾ ഞാൻ വളരെ അധികം ശ്രദ്ധിക്കാറുണ്ട്. അതുപോലെ നിങ്ങളും മാന്യത പുലർത്തണം. ഇത് ഒരു ഇരുണ്ട ഭാഗമാണ്. അത് പരിഹരിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഞങ്ങൾക്ക് ഒരു തെലുങ്ക് സംഗീത പരിപാടിയുണ്ടായിരുന്നു. മണി രത്‌നവും ഞാനും ചെയ്ത എല്ലാ പാട്ടുകളും ഇപ്പോഴും വളരെ പുതുമയുള്ളതായി തോന്നുന്നുവെന്ന് നിർമാതാക്കൾ ആ പരിപാടിയിൽ പറഞ്ഞു.അത് ഡിജിറ്റൽ മാസ്റ്ററിങ്ങ് ചെയ്തതാണ്. ആ പാട്ടുകൾക്ക് ഇപ്പോഴും മേന്മയുണ്ട്. എല്ലാവരും ഇഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബർ 30നാണ് പൊന്നിയിൻ സെൽവൻ റിലീസ് ചെയ്യുന്നത്. തമിഴിന് പുറമെ മലയാളം, ഹിന്ദി,തെലുങ്ക് തുടങ്ങിയ ഭാഷയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ജയം രവി,വിക്രം,കാർത്തി,ജയറാം,ഐശ്വര്യ റായ്,തൃഷ,ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വൻ താരതന്നെ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ പുറത്തിറങ്ങിയ എല്ലാ പാട്ടുകളും ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്.
ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് പൊന്നിയിൻ സെൽവൻ നിർമിച്ചിരിക്കുന്നത്.
Adjust Story Font
16