കുറുപ്പില്‍ ശരിക്കും പൃഥ്വിരാജും ടൊവിനോയുമുണ്ടോ? ദുല്‍ഖര്‍ പറയുന്നു
ദുല്‍ഖര്‍ സല്‍മാന് പുറമെ ഷൈന്‍ ടോം ചാക്കോ, ശോഭിത ധുലിപാല, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കുറുപ്പ് സിനിമയില്‍ ടൊവിനോയും പൃഥ്വിരാജും അഭിനയിക്കുന്നുണ്ടോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. നടന്‍ ഭരതിന്‍റെ ഒരു അഭിമുഖം പുറത്തുവന്നതോടെയാണ് ഈ ചര്‍ച്ച സജീവമായത്.
സിനിമയില്‍ ധാരാളം നടന്മാര്‍ ഗസ്റ്റ് റോള്‍ ചെയ്യുന്നുണ്ടെന്നും ഇതില്‍ പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങിയവരും ഉണ്ടെന്നും ഈ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതോടെ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. ചിത്രത്തിന്‍റെ സസ്‌പെന്‍സ് ഭരത് നശിപ്പിച്ചെന്നായിരുന്നു പ്രചാരണം. ഇപ്പോഴിതാ ഇത്തരം പ്രചാരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍.
ചിത്രത്തിലെ ഗസ്റ്റ് റോളുകളെ കുറിച്ച് ഇപ്പോള്‍ പ്രചാരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്. 'കുറുപ്പിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ കാണുന്നത് പ്രോത്സാഹജനകമാണ്. സിനിമ ഉടന്‍ നിങ്ങളിലേക്ക് എത്തിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നാലും ഇപ്പോള്‍ ധാരാളം വ്യാജ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. സമയമാകുമ്പോള്‍ നിങ്ങള്‍ എല്ലാവരും സിനിമ കാണുകയും കുറുപ്പില്‍ അതിഥി വേഷങ്ങള്‍ ചെയ്യുന്നവരെ നേരിട്ട് കാണുകയും ചെയ്യും. പക്ഷേ ഇപ്പോള്‍ പ്രചരിക്കുന്നത് ശരിയല്ല, ഇത് പ്രചരിപ്പിക്കുന്നത് നിര്‍ത്താന്‍ ഞാന്‍ നിങ്ങളോട് ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ താരങ്ങളുടെ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഉണ്ടാകുന്നതും നമ്മള്‍ അവരെ നിരാശപ്പെടുത്തുന്നതും ന്യായമല്ല' എന്ന് ദുല്‍ഖര്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ദുല്‍ഖര്‍ സല്‍മാന് പുറമെ ഷൈന്‍ ടോം ചാക്കോ, ശോഭിത ധുലിപാല, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെക്കന്‍ഡ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും എം സ്റ്റാർ ഫിലിംസും ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കുന്നത്. 35 കോടി മുടക്കുമുതലുള്ള ചിത്രം ദുല്‍ഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയാണ്. ജിതിന്‍ കെ ജോസ് കഥയും ഡാനിയേല്‍ സായൂജ്, കെ എസ് അരവിന്ദ് എന്നിവര്‍ തിരക്കഥയുമൊരുക്കുന്നു. നിമിഷ് രവിയുടെതാണ് ക്യാമറ. അഞ്ച് വര്‍ഷത്തെ തയ്യാറെടുപ്പിനും ഗവേഷണത്തിനും ശേഷമാണ് ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രമൊരുക്കുന്നത്. പാലക്കാട്, ഹൈദരാബാദ്, ഗുജറാത്ത്, അഹമ്മദാബാദ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ്. വിനി വിശ്വലാല്‍ ആണ് ക്രിയേറ്റീവ് ഡയറക്ടര്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
Adjust Story Font
16