മമ്മൂട്ടിയുമൊത്ത് 'അരിവാള്‍ ചുറ്റിക നക്ഷത്രം', 'കുഞ്ഞാലി മരക്കാര്‍', ഒടുവില്‍ ഭീഷ്മപര്‍വ്വത്തിലെത്തി; പിന്നാമ്പുറ കഥ പറഞ്ഞ് അമല്‍ നീരദ്
'ബിഗ് ബി'യുടെ ചിത്രീകരണം നടക്കവെ മലയാള സിനിമാ ഇന്‍ഡസ്ട്രിയിലുള്ള പലരും 'ഒരു തടിയനും കുറെ പിള്ളേരും കൂടെ ഒരു സിനിമ എടുക്കാന്‍ വന്നിരുന്നു' എന്ന് കളിയാക്കി പറഞ്ഞിരുന്നതായും അമല്‍ നീരദ്
മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമൊത്ത് 'അരിവാള്‍ ചുറ്റിക നക്ഷത്രം' എന്ന സിനിമ ആലോചിച്ചിരുന്നതായും പിന്നീടത് കുഞ്ഞാലി മരക്കാര്‍ ചെയ്യാമെന്നതില്‍ എത്തി അവസാനം ഭീഷ്മപര്‍വ്വത്തിലെത്തിയതാണെന്ന് സംവിധായകന്‍ അമല്‍ നീരദ്. കുഞ്ഞാലി മരക്കാര്‍ ചെയ്യാനുള്ള പ്ലാന്‍ ഉണ്ടായിരുന്നു. ആ സമയത്താണ് ഒരു ഗോഡ് ഫാദര്‍ മീറ്റ്സ് മഹാഭാരതം എന്ന ഒരു സംഗതിയിലേക്ക് ലാന്‍ഡ് ചെയ്യുന്നതെന്നും അമല്‍ നീരദ് പറഞ്ഞു. മാധ്യമം ആഴ്ചപ്പതിപ്പില്‍ രൂപേഷ് കുമാറിന് നല്‍കിയ അഭിമുഖത്തിലാണ് അമല്‍ നീരദ് സിനിമാ പിന്നണി ചര്‍ച്ചകള്‍ പങ്കുവെച്ചത്.
ഇതിനിടയില്‍ ബിലാല്‍ സിനിമ ചെയ്യാന്‍ തീരുമാനിച്ചെങ്കിലും വിദേശത്തൊക്കെ ഷൂട്ട് ചെയ്യേണ്ട സമയത്ത് അത് വിടേണ്ടി വന്നതായും അമല്‍ നീരദ് പറഞ്ഞു. ഇതിനിടയില്‍ വേറെ എന്ത് ചെയ്യാം എന്ന് ആലോചിച്ച സമയത്താണ് ഒരു ചെറിയ ഇതിഹാസ സമാനം ഉള്ള മറ്റൊരു സബ്ജക്റ്റ് മമ്മൂട്ടിയുടെ അടുത്ത് പറയുന്നത്. അതില്‍ മിഡില്‍ ഈസ്റ്റ് ഷൂട്ടെല്ലാമുണ്ടായിരുന്നു. പിന്നീട് മമ്മൂട്ടി പറഞ്ഞതുപ്രകാരമാണ് ഭീഷ്മപര്‍വ്വത്തില്‍ എത്തിയതെന്ന് അമല്‍ നീരദ് പറഞ്ഞു.
ബിഗ് ബി സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന അനുഭവങ്ങളും അമല്‍ നീരദ് പങ്കുവെച്ചു. ബിഗ് ബി സിനിമയുടെ ചിത്രീകരണം നടക്കവെ മലയാള സിനിമാ ഇന്‍ഡസ്ട്രിയിലുള്ള പലരും 'ഒരു തടിയനും കുറെ പിള്ളേരും കൂടെ ഒരു സിനിമ എടുക്കാന്‍ വന്നിരുന്നു' എന്ന് കളിയാക്കി പറഞ്ഞിരുന്നതായും അമല്‍ നീരദ് ഓര്‍ത്തെടുത്തു.
"അന്ന് സമീര്‍ താഹിറും വിവേക് ഹര്‍ഷനും ഒക്കെ അങ്ങനെ മെലിഞ്ഞു കൊച്ചു പിള്ളേര്‍ ആണ്. വിവേക് ഹര്‍ഷന്‍ അതിനു മുമ്പ് കട്ട് ചെയ്ത സിനിമകള്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ല. പക്ഷേ അയാളുമായി എനിക്ക് നല്ല വേവ് ലെങ്ത് കിട്ടിയിരുന്നു. അതുതന്നെയാണ് ഭീഷ്മപര്‍വ്വത്തിന്‍റെ തിരക്കഥ എഴുതിയ ദേവദത്തുമായും ആരുമായും ഉണ്ടായിരുന്നത്. എനിക്ക് സിനിമ മാത്രം സംസാരിക്കാന്‍ അറിയാവുന്നതുകൊണ്ടായിരിക്കാം എനിക്ക് അങ്ങനെ പറ്റുന്നത്. എനിക്ക് മനുഷ്യരെ ഒരു സിനിമ സെറ്റില്‍ തിരിച്ചറിയാന്‍ എളുപ്പമാണ്. വര്‍ക്കിന്‍റെ ഇടയില്‍ ഒരാളെ തിരിച്ചറിയാന്‍ എളുപ്പമാണ്"- അമല്‍ നീരദ് പറഞ്ഞു.
പതിനഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയുമായി ഒന്നിച്ച ഭീഷ്മപര്‍വ്വം സിനിമ നൂറ് കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയിരിക്കുന്നത്. കൂടാതെ കോവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡും ഇനി ഭീഷ്മ പര്‍വ്വത്തിന് സ്വന്തമാണ്.
അമൽ നീരദ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അമൽ നീരദ് തന്നെയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് പുറമേ ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, അബു സലിം, പദ്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, ശ്രിന്‍ദ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ഭീഷ്മ പർവത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. വിവേക് ഹർഷനാണ് ചിത്രസംയോജനം.
Adjust Story Font
16