ഹോളിവുഡ് സൂപ്പര്‍ താരം അര്‍നോള്‍ഡ് ഷ്വാര്‍സനെഗര്‍ വിവാഹമോചിതനായി
അര്‍നോള്‍ഡിന് തന്‍റെ വീട്ടുജോലിക്കാരിയായ സ്ത്രീയില്‍ വര്‍ഷങ്ങള്‍ക്കു മുന്നേ ഒരു കുഞ്ഞ് പിറന്നിരുന്നുവെന്ന വെളിപ്പെടുത്തലോടെയാണ് ഭാര്യ ഷിവര്‍ വിവാഹമോചനം ആവശ്യപ്പെടുന്നത്.
ഹോളിവുഡ് ആക്ഷന്‍ താരം അര്‍നോള്‍ഡ് ഷ്വാര്‍സനെഗറും പത്രപ്രവര്‍ത്തക മരിയ ഷിവറും ഔദ്യോഗികമായി വിവാഹബന്ധം വേര്‍പ്പെടുത്തി. പത്ത് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും ബന്ധം വേര്‍പ്പെടുത്തിയത്. ലോസ് ആഞ്ചല്‍സ് കോടതിയിലാണ് വിവാഹമോചന നടപടികള്‍ നടന്നത്.
1986ലാണ് അര്‍നോള്‍ഡ് ഷ്വാര്‍സനെഗര്‍ പത്രപ്രവര്‍ത്തകയായ ഷിവറിനെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും കാതറിന്‍, ക്രിസ്റ്റീന, പാട്രിക്, ക്രിസ്റ്റഫര്‍ എന്നിങ്ങനെ നാല് മക്കളുണ്ട്. 2011ല്‍ ഷിവറാണ് വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്തുവന്നത്. അര്‍നോള്‍ഡിന് തന്‍റെ വീട്ടുജോലിക്കാരിയായ സ്ത്രീയില്‍ വര്‍ഷങ്ങള്‍ക്കു മുന്നേ ഒരു കുഞ്ഞ് പിറന്നിരുന്നുവെന്ന വെളിപ്പെടുത്തലോടെയാണ് ഷിവര്‍ വിവാഹമോചനം ആവശ്യപ്പെടുന്നത്. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ടും സാമ്പത്തികവുമായ തര്‍ക്കങ്ങളെ തുടര്‍ന്നുമാണ് വിവാഹമോചന കേസ് പത്ത് വര്‍ഷത്തോളം നീണ്ടത്.
അര്‍നോള്‍ഡിന്‍റെ വെളിപ്പെടുത്തലോടെ വലിയ വാര്‍ത്താമുഖമാണ് ടാബ്ലോയ്ഡുകള്‍ തുറന്നിട്ടത്. അതെ സമയം കോടതിയിലോ പുറത്തോ ഇരുവരും ഒരുവിധത്തിലുള്ള ആരോപണങ്ങളും ഉയര്‍ത്തിയിരുന്നില്ല. വിവാഹമോചന നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങള്‍ അതീവ രഹസ്യമാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16