കലാസംവിധായകൻ ആർട്ടിസ്റ്റ് കിത്തോ അന്തരിച്ചു
'ഉണ്ണിക്കൃഷ്ണന്റെ ആദ്യ ക്രിസ്മസ്' എന്ന സിനിമയുടെ നിർമാതാവാണ്
കൊച്ചി: പ്രശസ്ത കലാസംവിധായകൻ ആർട്ടിസ്റ്റ് കിത്തോ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 30ലേറെ സിനിമകൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. 'ഉണ്ണിക്കൃഷ്ണന്റെ ആദ്യ ക്രിസ്മസ്' എന്ന സിനിമയുടെ നിർമാതാവാണ്.
കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. എറണാകുളം കലൂർ സെന്റ് അഗസ്റ്റിൻ'സ് ഹൈസ്‌കൂളിൽ നിന്നു പ്രാഥമിക പഠനം. മഹാരാജാസ് കോളേജിൽ പ്രീയൂണിവേഴ്‌സിറ്റി തലത്തിൽ പഠിക്കുമ്പോൾ മികച്ച ആർട്ടിസ്റ്റിനുള്ള ഗോൾഡ് മെഡലായ കോന്നോത്ത് ഗോവിന്ദമേനോൻ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.
കലൂർ ഡെന്നിസ് 'ചിത്രകൗമുദി' എന്ന സിനിമാ മാസികയിൽ എഴുതിയിരുന്ന നീണ്ട കഥകൾക്ക് ചിത്രം വരച്ച് കൊടുത്തു കൊണ്ടായിരുന്നു തുടക്കം. ജേസി, ഐ.വി. ശശി എന്നീ സംവിധായകരുടെ ചിത്രങ്ങളിലൂടെ സിനിമാമേഖലയിൽ സജീവമായ കിത്തോയുടെ പരസ്യങ്ങൾ പിന്നീട് മലയാള ചലച്ചിത്രലോകത്ത് ട്രെൻഡ് സെറ്ററുകളായി.
കലാസംവിധാനവും പരസ്യകലയും ഒരുപോലെ കൈകാര്യം ചെയ്ത കിത്തോ തിരക്കുള്ള ചലച്ചിത്രപ്രവർത്തകരിൽ ഒരാളായി മാറി. പരസ്യകലയോടൊപ്പം തന്നെ സിനിമ നിർമ്മിക്കുകയും സിനിമക്ക് കഥയെഴുതുകയും ചെയ്തിട്ടുണ്ട്. 'ആലോലം' (1982) എന്ന സിനിമയുടെ കഥാ രചനയും 'ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്' (1988 സംവിധാനം: കമൽ) എന്ന സിനിമയുടെ നിർമ്മാണവും നിർവഹിച്ചു.
പിൽക്കാലത്ത് സിനിമാ മേഖലയിൽ നിന്ന് പതുക്കെ അകന്ന കിത്തോ ആത്മീയ ജീവിതത്തിലേക്കും ബൈബിൾ സംബന്ധിയായ പുസ്തകങ്ങളിലെ ഇല്ലസ്‌ട്രേഷനുകളിലേക്കും തിരിഞ്ഞു. 'കിത്തോസ് ആർട്ട്‌സ്' / Kithos Design Plus എന്ന സ്ഥാപനവുമായി എറണാകുളത്ത് പ്രവർത്തിക്കുകയായിരുന്നു. ഭാര്യ ലില്ലി. മക്കള്‍ അനിൽ (ദുബൈ), കമൽ കിത്തോ. ഇളയ മകൻ കമൽ കിത്തോ കലാരംഗത്ത് പ്രവർത്തിക്കുകയാണ്.
Adjust Story Font
16