Quantcast

252 കോടിയുടെ കടം; കലാസംവിധായകന്‍ നിതിന്‍ ദേശായി ജീവനൊടുക്കിയത് ജപ്തി ഭീഷണി മൂലം

പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിതിന്‍ കോടതിയെ സമീപിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    3 Aug 2023 2:55 AM GMT

Nitin Chandrakant Desai
X

നിതിന്‍ ചന്ദ്രകാന്ത് ദേശായി

മുംബൈ: കഴിഞ്ഞ ദിവസമാണ് പ്രശസ്ത കലാസംവിധായകനും നിര്‍മാതാവുമായ നിതിന്‍ ചന്ദ്രകാന്ത് ദേശായിയെ (57) മഹാരാഷ്ട്രയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കർജതിലുള്ള എന്‍ഡി സ്റ്റുഡിയോയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.നിതിന്‍ ദേശായിക്ക് കോടികളുടെ കടബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

252 കോടിയുടെ കടമുണ്ടായിരുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിതിന്‍ കോടതിയെ സമീപിച്ചിരുന്നു. ദേശായിയുടെ കമ്പനിയായ എൻഡിയുടെ ആർട്ട് വേൾഡ് പ്രൈവറ്റ് ലിമിറ്റഡ്, 2016ലും 2018ലും ഇസിഎൽ ഫിനാൻസിൽ നിന്ന് രണ്ട് വായ്പകളിലായി 185 കോടി രൂപ കടമെടുത്തിരുന്നു. 2020 ജനുവരി മുതൽ തിരിച്ചടവ് മുടങ്ങി. 2022 ജൂണ്‍ 30 ആയപ്പോഴേക്കും അടക്കേണ്ട തുക 251.48 കോടിയായി. 2021 മെയ് 7 ന് സ്റ്റുഡിയോയിൽ തീപിടിത്തമുണ്ടായെന്നും വലിയ തോതില്‍ നാശനഷ്ടമുണ്ടായെന്നും ദേശായിയുടെ കമ്പനി പറഞ്ഞിരുന്നു. ഇസിഎല്‍ ഫിനാന്‍സ് മാസങ്ങൾക്ക് മുമ്പ് എൻഡി സ്റ്റുഡിയോ കൈവശപ്പെടുത്താൻ റായ്ഗഡിലെ ജില്ലാ അധികാരികളെ സമീപിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

“ഞാൻ പലപ്പോഴും അവനോട് സംസാരിക്കുകയും ഉപദേശിക്കുകയും ചെയ്യുമായിരുന്നു. അമിതാഭ് ബച്ചൻ വലിയ നഷ്ടങ്ങൾ നേരിട്ടെന്നും വീണ്ടും തിരിച്ചെത്തിയെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ലോൺ കാരണം സ്റ്റുഡിയോ അറ്റാച്ച് ചെയ്‌താലും അയാൾക്ക് പുതുതായി തുടങ്ങാമെന്ന് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണവാർത്ത കേൾക്കുന്നത് വളരെ സങ്കടകരമാണ്. ” നിതിന്‍റെ ഉറ്റസുഹൃത്തും ബി.ജെ.പി ജനറല്‍ സെക്രട്ടറിയുമായ വിനോദ് താവ്ഡെ പറഞ്ഞു.

നിതിന്‍ ദേശായിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ സിനിമാലോകം അനുശോചിച്ചു. “എന്‍റെ പ്രിയ സുഹൃത്ത് നിതിൻ ദേശായിയുടെ മരണവാര്‍ത്ത കേട്ട് എന്‍റെ ഹൃദയം തകര്‍ന്നു. സങ്കടം സഹിക്കാനാകുന്നില്ല. ഒരു ഇതിഹാസ പ്രൊഡക്ഷൻ ഡിസൈനർ, എൻഡി സ്റ്റുഡിയോ നിർമ്മിച്ച ഒരു ദീർഘദർശി... പല്ലവിയെയും എന്നെയും മാത്രമല്ല നിതിൻ സ്നേഹിച്ചിരുന്നത്. ഞങ്ങൾ ഒരുമിച്ച് ചെയ്യാത്ത സിനിമകളിൽ പോലും അദ്ദേഹം എന്നെ എപ്പോഴും നയിച്ചു. എന്തിന് നിതിൻ? നീ എന്തിനിത് ചെയ്തു.ഓം ശാന്തി'' സംവിധായകന്‍ വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തു. അതേസമയം, അക്ഷയ് കുമാർ നിതിനോടുള്ള ആദരസൂചകമായി ഒഎംജി 2വിന്‍റെ ട്രെയിലര്‍ റിലീസ് മാറ്റിവച്ചു. “നിതിൻ ദേശായിയുടെ വിയോഗം അറിഞ്ഞതിൽ ദുഃഖമുണ്ട്. പ്രൊഡക്ഷൻ ഡിസൈനിലും നമ്മുടെ സിനിമാ കുടുംബത്തിന്‍റെയും വലിയൊരു ഭാഗമായിരുന്നു അദ്ദേഹം. എന്‍റെ പല സിനിമകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്... ഇത് വലിയ നഷ്ടമാണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായി, ഞങ്ങൾ OMG 2 ട്രെയിലർ ഇന്ന് റിലീസ് ചെയ്യുന്നില്ല. നാളെ രാവിലെ 11 മണിക്ക് ലോഞ്ച് ചെയ്യും. ഓം ശാന്തി,” അക്ഷയ് ട്വിറ്ററില്‍ കുറിച്ചു.

നിരവധി ഹിന്ദി,മറാത്തി സിനിമകളില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള കലാകാരനാണ് നിതിന്‍. ഹം ദിൽ ദേ ചുകേ സനം, ബാജിറാവു മസ്താനി എന്നിവയുൾപ്പെടെ നിരവധി സിനിമകൾക്കായി അദ്ദേഹം സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കൊപ്പം പ്രവര്‍ത്തിച്ചു. രാജ്കുമാർ ഹിരാനി, വിധു വിനോദ് ചോപ്ര, അശുതോഷ് ഗോവാരിക്കർ തുടങ്ങിയവര്‍ക്കൊപ്പവും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത 2019ല്‍ പുറത്തിറങ്ങിയ പാനിപ്പത്താണ് അദ്ദേഹം കലാസംവിധായകനായി പ്രവര്‍ത്തിച്ച അവസാന ചിത്രം.മികച്ച കലാസംവിധാനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നാല് തവണയും (ഡോ. ബാബാസാഹെബ് അംബേദ്കർ, ലഗാൻ, ദേവദാസ്, ഹം ദിൽ ദേ ചുകേ സനം) മികച്ച കലാസംവിധാനത്തിനുള്ള ഫിലിംഫെയർ പുരസ്‌കാരം മൂന്ന് തവണയും (ദേവദാസ്, ഖാമോഷി, 1942: എ ലവ് സ്റ്റോറി) നേടിയിട്ടുണ്ട്.

TAGS :

Next Story