കലാസംവിധായകൻ നിതിൻ ദേശായിയുടെ മരണം: 252 കോടിയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നുവെന്ന് റിപ്പോര്‍ട്ട്
252 കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകൾ നടപടി സ്വീകരിക്കാൻ തുടങ്ങിയിരുന്നുവെന്ന് റിപ്പോർട്ട്
മുംബൈ: കലാസംവിധായകന്‍ നിതിൻ ചന്ദ്രകാന്ത് ദേശായിയെ മഹാരാഷ്ട്രയിലെ റായ്ഗഡിലെ സ്വന്തം സ്റ്റുഡിയോയിൽ മരിച്ച നിലയിൽ കണ്ടെത്തി. 252 കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകൾ നിതിന്‍ ദേശായിക്കെതിരെ നടപടി സ്വീകരിക്കാൻ തുടങ്ങിയിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.
നിതിൻ ദേശായിയുടെ കമ്പനിയായ എൻ.ഡിയുടെ ആർട്ട് വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് 2016ലും 2018ലും ഇ.സി.എൽ ഫിനാൻസിൽ നിന്ന് രണ്ട് വായ്പകളായി 185 കോടി രൂപ കടമെടുത്തെന്നാണ് റിപ്പോര്‍ട്ട്. 2020 ജനുവരിയില്‍ അദ്ദേഹത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ ആരംഭിച്ചു. 2021 മെയ് 7ന് സ്റ്റുഡിയോയിലുണ്ടായ തീപിടിത്തത്തിലും നാശനഷ്ടങ്ങളുണ്ടായി.
ലഗാൻ, ദേവദാസ് തുടങ്ങിയ സിനിമകളിലൂടെ പേരുകേട്ട കലാസംവിധായകനാണ് നിതിന്‍ ദേശായി. ജോധ അക്ബർ പോലുള്ള സിനിമകൾ ചിത്രീകരിച്ചത് അദ്ദേഹത്തിന്‍റെ സ്റ്റുഡിയോയിലാണ്.
താന്‍ നിതിന്‍ ദേശായിയോട് സംസാരിക്കുകയും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് നിതിൻ ദേശായിയുടെ അടുത്ത സുഹൃത്തും ബി.ജെ.പി ജനറൽ സെക്രട്ടറിയുമായ വിനോദ് താവ്ഡെ പറഞ്ഞു- ''ഞാൻ പലപ്പോഴും അദ്ദേഹത്തോട് സംസാരിക്കുകയും ഉപദേശിക്കുകയും ചെയ്യാറുണ്ടായിരുന്നു. അമിതാഭ് ബച്ചൻ എങ്ങനെ വലിയ നഷ്ടങ്ങൾ നേരിട്ട ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നുവെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. സ്റ്റുഡിയോ ബാങ്ക് ജപ്തി ചെയ്താലും പുതുതായി തുടങ്ങാമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ മരണത്തില്‍ അതീവ ദുഃഖമുണ്ട്''-വിനോദ് താവ്ഡെ പറഞ്ഞു.
Adjust Story Font
16