നാട്ടുകാരെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം എന്നെ അന്വേഷിക്കുന്ന മിസ്റ്റർ വിജയകുമാറിന്റെ സഹായവും കരുതലും എനിക്ക് ആവശ്യമില്ല; നടന്‍റെ മകള്‍ അര്‍ഥന ബിനു
അന്ന് ഞാൻ സിനിമയിൽ അഭിനയിക്കുന്നു എന്നതിന്റെ പേരിൽ മിസ്റ്റർ വിജയകുമാറിന്റെ ക്രൂരതകൾ വീട്ടുകാർ സഹിക്കേണ്ടി വന്നു
അര്‍ഥന ബിനു/ വിജയകുമാര്‍
നടന്‍ വിജയകുമാറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മകളും നടിയുമായ അര്‍ഥന ബിനു. വിജയകുമാറിന്‍റെ സഹായത്തോടെയല്ല താനും അനിയത്തിയും വളര്‍ന്നതെന്നും അമ്മ കഷ്ടപ്പെട്ടാണ് തങ്ങളെ വളര്‍ത്തിയതെന്നും അര്‍ഥന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
‘‘ഞാനും എന്‍റെ കുടുംബവും എന്‍റെ ബയോളജിക്കൽ ഫാദർ ആയ മിസ്റ്റർ വിജയകുമാറിന്‍റെ സാമ്പത്തികത്തിന്‍റെയോ പ്രശസ്തിയുടെയോ ഇമോഷനൽ സപ്പോർട്ടിന്‍റെയോ തണലിൽ ജീവിച്ചിട്ടുള്ളവരല്ല. തുണികൾ തയ്ച്ചും ഡേ കെയറും ബ്യൂട്ടി പാർലറും നടത്തിയും കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെയും അനിയത്തിയെയും വളർത്തിയത്. അതുകൊണ്ടു തന്നെ ബിനുവിന്‍റെ മകളാണെന്ന് അഭിമാനത്തോടെ പറയുന്നതാണ് വിജയകുമാറിന്റെ മകളെന്ന് അറിയപ്പെടുന്നതിനേക്കാൾ എനിക്കിഷ്ടം. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടതുതന്നെ പൊലീസുപോലും പ്രൊട്ടക്‌ഷൻ ചെയ്യാനില്ലാല്ലോ എന്ന വിഷമത്തിലാണ്. പോസ്റ്റ് കണ്ടിട്ടെങ്കിലും പൊലീസ് ആക്‌ഷൻ എടുക്കട്ടെ എന്ന് മാത്രമായിരുന്നു എന്റെ ആഗ്രഹം.
അച്ഛൻ ഇവിടെ വീട്ടിൽ വന്നു പ്രശ്നമുണ്ടാക്കുന്നതിനിടയിൽ ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും അവിടെനിന്നും ആരും വരികയോ വിളിച്ചന്വേഷിക്കുകയോ ചെയ്തില്ല ( ഞങ്ങൾക്ക് കോടതിയുടെ പ്രൊട്ടക്‌ഷൻ ഓർഡർ ഉണ്ടായിട്ടു പോലും.) ഞങ്ങൾ മിസ്റ്റർ വിജയകുമാറിനെതിരെ ഫയൽ ചെയ്തിട്ടുള്ള നിരവധി നിയമപരമായ പരാതികൾ നിലനിൽക്കുമ്പോൾ തന്നെ ഇങ്ങനെയുള്ള കാര്യങ്ങൾ നടക്കുന്നത് ഭയപ്പെടുത്തുന്നതാണ്. ഒടുവിലത്തെ സംഭവം നടന്ന ദിവസം വൈകുന്നേരമാണ് ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റ് കണ്ട് രണ്ട് സ്‌പെഷൽ ബ്രാഞ്ച് ഓഫിസേഴ്സ് വന്നത്. മിസ്റ്റർ വിജയകുമാറിനെതിരെ പരാതി റജിസ്റ്റർ ചെയ്യണമെന്ന് ഞാൻ പറഞ്ഞപ്പോൾ അവരുടെ നിർദേശ പ്രകാരമാണ് ഒടുവിൽ ശ്രീകാര്യം സ്റ്റേഷനിൽ നിന്നും രണ്ട് ഉദ്യോഗസ്ഥർ വന്നു മൊഴി എടുത്തത്. ഇനി ഞാൻ വർഷങ്ങളായി കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ ഭീകരത അറിയിക്കുവാനായി ചില കാര്യങ്ങൾ ഷെയർ ചെയ്തുകൊള്ളട്ടെ.
ഓർമവച്ച കാലം തൊട്ടേ അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലാണ് ഞങ്ങളുടെ താമസം. എന്‍റെ ജീവിതത്തിൽ ആകെ രണ്ടു വർഷങ്ങൾ (LKG - UKG പഠിക്കുമ്പോൾ) മാത്രമാണ് അച്ഛനോടൊപ്പം എറണാകുളം ഫ്‌ളാറ്റിൽ ഞങ്ങൾ താമസിച്ചത്. അപ്പോൾ പോലും എറണാകുളത്ത് ഉണ്ടായിരുന്ന സമയത്ത് അദ്ദേഹം ഞങ്ങളുടെ കൂടെ താമസിക്കുന്നത് വല്ലപ്പോഴുമായിരുന്നു. എന്തെങ്കിലും അത്യാവശ്യ സാഹചര്യങ്ങളിൽ അയൽക്കാർ മാത്രമായിരുന്നു ഞങ്ങൾക്ക് സഹായത്തിന് ഉണ്ടായിരുന്നത്. അന്നൊരിക്കൽ ആത്മഹത്യയുടെ വക്കിൽ നിന്ന് അമ്മയെ ഒന്ന് പിന്തിരിപ്പിച്ച് സഹായിക്കാൻ ഞാൻ കാലുപിടിച്ചു പറഞ്ഞിട്ടു പോലും ഒന്ന് അനങ്ങാത്ത വ്യക്തിയാണ് എന്‍റെ അച്ഛൻ. ആ സമയത്ത് അമ്മയുടെ ജോലി സ്ഥലത്ത് പോലും ഇദ്ദേഹം ബഹളം വച്ചിട്ടുണ്ട്.
ഭക്ഷണത്തിനും വാടകയ്ക്കും പൈസ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് തിരിച്ച് അമ്മയുടെ വീട്ടിലേക്ക് ഞങ്ങൾ താമസമാക്കിയത്. അതുകഴിഞ്ഞ് അച്ഛൻ തിരുവനന്തപുരത്ത് വരുമ്പോഴും ഇവിടെ ഷൂട്ട് ഉള്ളപ്പോഴും അദ്ദേഹത്തിന് താമസിക്കാൻ മാത്രമായി ഞങ്ങൾ താമസിക്കുന്ന വീട്. ഇന്നുവരെ എന്റെ ഫാമിലി അദ്ദേഹത്തെ കാണുന്നതിൽ നിന്നും എന്നെ സ്റ്റോപ്പ് ചെയ്തിട്ടില്ല, അനിയത്തിയെയും. ഒരിക്കൽ ജോലിക്ക് പോകുന്ന ഒരു ഭാര്യയെ വേണ്ട എന്നു പറഞ്ഞ് അമ്മയുടെ അടുത്ത് ബഹളം വച്ച് കുഞ്ഞായിരുന്ന എന്റെ അനിയത്തിയെ ബലംപ്രയോഗിച്ച് എടുത്തുകൊണ്ടു പോയി. ഇങ്ങനെയുള്ള നിരവധി സംഭവങ്ങൾ ഉണ്ടായപ്പോഴാണ് 2015 ൽ നിയമപരമായി ബന്ധം വേർപെടുത്താൻ അമ്മ കുടുംബ കോടതിയെ സമീപിച്ചത്.
2017ൽ ഇദ്ദേഹം വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി എല്ലാവരെയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിയിച്ചതിനെ തുടർന്നെത്തിയ പൊലീസുകാർ ലാഘവത്തോടെ പെരുമാറുന്നത് കണ്ട ധൈര്യത്തിൽ അവരുടെ മുന്നിൽ വച്ചുപോലും എന്‍റെ മുഖത്തടിച്ചു മിസ്റ്റർ വിജയകുമാർ. സിനിമയിൽ അഭിനയിക്കുക എന്നത് അന്നും ഇന്നും എന്റെ ഏറ്റവും വലിയ ആഗ്രഹവും ലക്ഷ്യവുമാണ്. സാമൂഹികമാധ്യമങ്ങളിലുള്ള എന്റെ വിവിധ ഭാഷകളിലെ അഭിമുഖങ്ങൾ നോക്കിയാലും അറിയാം മിസ്റ്റർ വിജയകുമാറിന്റെ പേരോ അദ്ദേഹത്തിന് ഞാനുമായുള്ള ബന്ധമോ എവിടെയും പരാമർശിച്ചിട്ടില്ല.
ആങ്കറിങ്, മോഡലിങ്, ഷോർട്ട് ഫിലിംസ് എന്നിവയിൽ വർക്ക് ചെയ്ത് പതിയെയാണ് ഞാൻ എന്റെ പ്രഫഷൻ ഉണ്ടാക്കി എടുത്തത്. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ടെലിവിഷൻ ചാനലിലെ ഓൺ സ്ക്രീൻ പ്രോഗ്രാമിന്റെ അവതാരകയായിട്ടായിരുന്നു എന്റെ തുടക്കം. ഇദ്ദേഹത്തിന്റെ മകൾ എന്ന ലേബലിൽ അല്ല ഓഡിഷൻ വഴിയാണ് എനിക്ക് അവസരം ലഭിച്ചത്. ഇത് കേട്ടറിഞ്ഞ മിസ്റ്റർ വിജയകുമാർ തന്റെ സ്വാധീനം ഉപയോഗിച്ച് എന്നെ അതിൽ നിന്നും മാറ്റിച്ചു. മറ്റൊരു ചാനലിൽ സ്മാർട്ട് ഷോ എന്ന പ്രോഗ്രാം ഞാൻ അവതരിപ്പിക്കുന്നത് അറിഞ്ഞ് ഇദ്ദേഹം ചാനലിനെതിരെ ലീഗൽ നോട്ടീസ് അയയ്ക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തു. പക്ഷേ ചാനലിൽ ഉള്ളവർ എന്നെ മനസ്സിലാക്കി സപ്പോർട്ട് ചെയ്തു.
പലപ്പോഴും ക്ലാസ്സ് അല്ലെങ്കിൽ പരീക്ഷയുടെ സമയത്ത് എറണാകുളത്ത് ഷൂട്ട് നടക്കുമ്പോൾ ഒഴിവുസമയങ്ങളിൽ അവിടെ തന്നെ ഇരുന്നായിരുന്നു പഠിത്തം. ഷൂട്ടിൽ എന്റെ സമയമാകുമ്പോൾ ഷൂട്ടിലും പങ്കെടുത്ത് വിശ്രമിക്കുക പോലും ചെയ്യാതെ അതിരാവിലെ ട്രെയിൻ കയറി തിരുവനന്തപുരം മാറിവാനിയസ് കോളജിൽ എത്തുമായിരുന്നു. അന്നും ഇന്നും സ്വന്തമായ ഒരു വീടും സാമ്പത്തിക ഭദ്രതയുമായിരുന്നു എന്റെ ലക്‌ഷ്യം. ഞാൻ എന്റെ പിതാവിന്റെ സ്ഥാനത്ത് കാണുന്നത് എന്റെ അപ്പച്ചനെയാണ്, അമ്മയുടെ അച്ഛനെ. അദ്ദേഹം ഇന്ന് ലോകത്ത് ഇല്ലെങ്കിൽ കൂടെ എന്നോട് കാണിച്ച സ്നേഹവും എന്നെയും എന്റെ കുടുംബത്തെയും സംരക്ഷിക്കാൻ അദ്ദേഹം കാണിച്ച കരുതലും ഒരിക്കലും മറക്കാൻ കഴിയില്ല. ആ അപ്പച്ചനെ പോലും തെറി വിളിക്കുകയും അക്രമിക്കുകയും ചെയ്ത മിസ്റ്റർ വിജയകുമാറിനെ ഞാൻ മരിക്കുന്നത് വരെ അച്ഛൻ എന്ന രൂപത്തിൽ കാണുവാൻ എനിക്ക് സാധിക്കില്ല.
അദ്ദേഹത്തിന്റെ ശരികളല്ല എന്റെ ശരികൾ. അദ്ദേഹം കണ്ട സിനിമയോ സിനിമക്കാരെയോ അല്ല ഞാൻ കണ്ടത്. ഞാൻ സിനിമയിൽ നിൽക്കുന്നത് ആ പ്രഫഷനെ ബഹുമാനിക്കുന്നത് കൊണ്ടാണ്. ഇത്രയും പുച്ഛമാണ് ഈ ജോലിയോട് എങ്കിൽ എന്തിന് വർഷങ്ങളായി അദ്ദേഹം ഇതിൽ തുടരുന്നു? അദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തിൽ ഒരു ജെൻഡർ മാത്രം വിചാരിച്ചാൽ ആണോ വ്യഭിചാരമോ സെക്ഷ്വൽ ആക്ടിവിറ്റിയോ നടക്കുന്നത്? ലൈംഗിക അതിക്രമം പ്രായഭേദമന്യേ ഏത് ജോലിയിലും ഏത് സമയത്തും സ്വന്തം വീട്ടിൽ പോലും സംഭവിച്ചേക്കാം. അതിന് സിനിമയിൽ തന്നെ ജോലി ചെയ്യണമെന്നില്ല. ഇഷ്ടമില്ലാത്ത കാര്യങ്ങളോട് എതിർപ്പ് പറയുവാനും ഏതെങ്കിലും രീതിയിൽ എവിടെവച്ച് ആണെങ്കിലും എന്നെ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ അവർക്കെതിരെ പ്രതികരിക്കാനും ഉള്ള ധൈര്യവും പിൻതുണയും എനിക്കുണ്ട്. ജീവിതത്തിലുടനീളം എന്റെ കുടുംബത്തെ ഉപേക്ഷിച്ച് കാത്തുരക്ഷിക്കാതെ വിട്ടിട്ട് നാട്ടുകാരെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം എന്നെ അന്വേഷിക്കുന്ന മിസ്റ്റർ വിജയകുമാറിന്റെ സഹായവും കരുതലും എനിക്ക് ആവശ്യമില്ല.
ഇതേ മീഡിയ തന്നെ വർഷങ്ങൾക്കു മുമ്പ് ഇദ്ദേഹത്തിന്റെ പല നിയമവിരുദ്ധ പ്രവർത്തികൾക്കും എതിരെ വാർത്തയിട്ട് ആഘോഷിച്ചിട്ടുള്ളതാണ്. നിരന്തരം അക്രമ സ്വഭാവം കാണിക്കുന്ന ഒരാളുടെ മകളായി പോയി എന്നുള്ളതുകൊണ്ട് കുട്ടിക്കാലം തൊട്ടേ പലയിടങ്ങളിലും ഞാൻ അവഗണിക്കപ്പെടുകയും ആക്ഷേപങ്ങൾക്ക് ഇരയാവുകയും ചെയ്തിട്ടുണ്ട്. 2020ൽ കോടതി ഡിവോഴ്സ് അനുവദിച്ചപ്പോൾ ഇനിയെങ്കിലും സമാധാനമായി ജീവിക്കാൻ ആകുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ 2021 ൽ ഒരു പരിപാടിയിൽ പങ്കെടുത്ത മിസ്റ്റർ വിജയകുമാർ എന്നെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ കാരണം ചില ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിച്ച കെട്ടുകഥകളും നെഗറ്റീവ് കമന്റ്സും കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണവും മാനസികമായും വൈകാരികമായും ഒരുപാട് തളർത്തി.
അപ്പച്ചന്‍റെ വിയോഗത്തിൽ നിന്ന് ഞങ്ങൾ കരകയറുന്നതിനു മുൻപേ ആയിരുന്നു ഇങ്ങനെ ഒരു പീഡനം. അന്ന് ഞാൻ സിനിമയിൽ അഭിനയിക്കുന്നു എന്നതിന്റെ പേരിൽ മിസ്റ്റർ വിജയകുമാറിന്റെ ക്രൂരതകൾ വീട്ടുകാർ സഹിക്കേണ്ടി വന്നു. ഇതെല്ലാം ജീവിതത്തോടുള്ള എന്റെ ഇഷ്ടത്തെയും ആത്മവിശ്വാസത്തെയും ബാധിച്ചു. അങ്ങനെ ഇവിടെ നിന്ന് മാറിനിൽക്കാൻ കൂടിയാണ് ഞാൻ കാനഡയിൽ സോഷ്യൽ സർവീസ് വർക്ക് എന്ന കോഴ്സ് പഠിക്കാൻ പോയത്. അതിനോടൊപ്പം പാർട്ടൈം ആയി ജോലി ചെയ്തു. ഈ പറഞ്ഞ ജോലിയും ഇനി മിസ്റ്റർ വിജയകുമാറിന്‍റെ കാഴ്ചപ്പാടിൽ വൃത്തികെട്ടത് ആണോ എന്ന് എനിക്കറിയില്ല കാരണം ഭിന്നശേഷിയുള്ള വ്യക്തികളെ പരിപാലിക്കുക അവരുടെ പേഴ്സണൽ കെയർ ചെയ്യുക, കുളിപ്പിക്കുക എന്നിവയൊക്കെയാണ് ഈ ജോലി ആവശ്യപ്പെടുന്നത്.
ആ സമയത്ത് അർഥനയെ എവിടേക്കാണ് വിറ്റത് എന്ന ചോദ്യവുമായി മിസ്റ്റർ വിജയകുമാർ വീട്ടിൽ കയറി ബഹളം ഉണ്ടാക്കി. ഈ വിവരം അറിഞ്ഞപ്പോൾ അമ്മയുടെ സമാധാനം ഓർത്ത് ഞാൻ മിസ്റ്റർ വിജയകുമാറിനെ വിളിച്ച് ഞാൻ സുരക്ഷിതയാണെന്നും ദയവുചെയ്ത് എന്റെ പേര് പറഞ്ഞു വീട്ടിൽ പോയി ശല്യം ചെയ്യരുതെന്നും അഭ്യർഥിച്ചിട്ടും എന്റെ കോൾ കട്ട് ചെയ്തു. തുടർന്ന് വിളിച്ച കോളുകൾ എടുക്കാതെ ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ ഞാൻ മിസ്സിങ് ആണെന്ന് വ്യാജ പരാതി നൽകുകയാണ് അദ്ദേഹം ചെയ്തത്. ഒടുവിൽ എനിക്ക് പൊലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും എൻആർഐ സെല്ലിൽ പരാതിപ്പെടുകയും ചെയ്യേണ്ടി വന്നു.
എന്‍റെ ബയോളജിക്കൽ ഫാദറിനെതിരെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഞാൻ നേരിട്ടതിന്റെയും അനുഭവിച്ചത്തിന്റെയും വെളിച്ചത്തിൽ മാത്രമാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഇദ്ദേഹം നൽകുന്ന അഭിമുഖങ്ങളിൽ നടത്തുന്ന പരാമർശങ്ങൾ വസ്തുതയില്ലാത്തവയാണ്. പണം ഡെപ്പോസിറ്റ് ചെയ്തതിനെ കുറിച്ച് അദ്ദേഹം പറയുന്നുണ്ടല്ലോ അത് കോടതി 2018 മുതൽ ഞങ്ങൾക്ക് അനുവദിച്ചിരിക്കുന്ന മെയിന്റനൻസിന്റെയും അമ്മയുടെ വീട്ടിൽ തിരിച്ചു കൊടുക്കാനുള്ള 10 ലക്ഷത്തിന്റെയും നൂറു പവന്റെയും വിഹിതങ്ങളാണ്. വല്ലപ്പോഴുമായി ഇതിൽ കുറച്ച് തിരിച്ച് നൽകിയതല്ലാതെ ഞാൻ പ്രായപൂർത്തിയായതിനുശേഷം എന്റെയോ കുടുംബത്തിന്റെയും ആവശ്യങ്ങൾക്കായി മിസ്റ്റർ വിജയകുമാർ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല.
കഴിഞ്ഞവർഷം ഏകദേശം ഈ സമയത്ത് അദ്ദേഹത്തിന്റെ പേരിലുള്ള മറ്റു കേസുകൾ ഒക്കെ കഴിഞ്ഞുവെന്നും ഇനി അമ്മ കൊടുത്ത ഡൊമസ്റ്റിക് വയലൻസ് പ്രൊട്ടക്‌ഷൻ ഓർഡർ കേസുകളും പണവും സ്വർണവും തിരിച്ചു നൽകാനുള്ള കേസ് മാത്രമേ നിലനിൽക്കുന്നുള്ളൂ എന്നും പറഞ്ഞ് മിസ്റ്റർ വിജയകുമാർ അമ്മയെ കാണാൻ എത്തി. ആ കേസുകൾ കൂടി പിൻവലിക്കണമെന്ന് ഭീഷണിയായും അപേക്ഷയായും ഒക്കെ നിരന്തരം ആവശ്യപ്പെട്ടപ്പോൾ സഹികെട്ട് പകുതി പണമെങ്കിലും തിരിച്ചു നൽകുകയും ഞങ്ങളുടെ കുടുംബത്തെ ശല്യം ചെയ്യുകയും ചെയ്യാതിരുന്നാൽ എല്ലാ പരാതികളും പിൻവലിക്കാമെന്ന് അമ്മ മറുപടി നൽകി. ഇത് നടപ്പിലാക്കാൻ മാത്രമാണ് 2022 ഡിസംബറിൽ 5 ലക്ഷം രൂപ നൽകാം എന്ന് അദ്ദേഹം വാക്കു നൽകിയത്. പറഞ്ഞ സമയം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞിട്ടും പണം അയയ്ക്കാത്തത് തുടർന്ന് അമ്മ വിളിച്ച് അന്വേഷിച്ചപ്പോൾ ഈ തുക ഒരുമിച്ച് നൽകാൻ കഴിയില്ലെന്നും സിനിമയിൽ നിന്നും കിട്ടുന്നതുപോലെ തവണകളായി തന്നു തീർക്കാം എന്നും പറയുകയുണ്ടായി. 2020 ൽ കോടതി അമ്മയ്ക്ക് വിവാഹമോചനം അനുവദിച്ചിരുന്നു എന്നാൽ ഒരു മാസം മുൻപ് ഈ വിധിക്കെതിരെ മിസ്റ്റർ വിജയകുമാർ കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവാഹമോചനം ആയിട്ടില്ല എന്ന് പറയുന്നത് നിയമപരമായി എന്റെ അമ്മ അദ്ദേഹത്തിന്റെ ഭാര്യയല്ല.
അച്ഛന്റെ "ശത്രുക്കൾ" എന്ന് പറയപ്പെടുന്നവരുടെ "അന്വേഷിപ്പിൻ കണ്ടെത്തും" എന്ന സിനിമയിൽ ഞാൻ അഭിനയിച്ചു എന്നതാണ് മറ്റൊരു ആരോപണം. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തികച്ചും മാന്യവും പ്രഫഷനലും ആയിട്ടാണ് എന്നോട് പെരുമാറിയത്. സിനിമയിൽ ഉള്ളവരെ മാത്രമല്ല ഇദ്ദേഹം ശത്രുക്കളായി പറയുന്നത്. കോടതിയിൽ ഡിവോഴ്സ് മധ്യസ്ഥ ചർച്ച നടക്കുന്ന സമയത്ത് ഞാൻ ഉപരിപഠനത്തിനായി ബെംഗളൂർ ചെന്നൈയിലെ പോകുന്നതിനെ കുറിച്ച് ആലോചിക്കുന്ന കാര്യം സൂചിപ്പിച്ചു. എന്നാൽ തനിക്ക് ശത്രുക്കൾ ഉള്ള ഇടം ആയതിനാൽ അത് സമ്മതിക്കില്ലെന്ന് ആയിരുന്നു ഇദ്ദേഹം പറഞ്ഞത്. തനിക്ക് വിശ്വാസമുള്ള ഏതെങ്കിലും ഒരു കോളജിൽ താൻ പറയുന്ന ഡിപ്ലോമ കോഴ്സിന് ചേർക്കണം എന്നും മിസ്റ്റർ വിജയകുമാർ സമ്മർദ്ദം ചെലുത്തി. നാൽപതിനായിരം രൂപ അയച്ചത് കിട്ടിയോ എന്ന് അന്വേഷിച്ചപ്പോൾ മറുപടി കൊടുത്തില്ല എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത് ഇത് വസ്തുത അല്ല. അമ്മ താങ്ക്യൂ എന്ന് മറുപടി മെസ്സേജ് അയച്ചിട്ടുണ്ട്.
ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളൊക്കെ ആധാരമായ സംഭവം നടന്ന ജൂലൈ നാലിന് എന്‍റെ അനിയത്തി മേഖൽ അച്ഛനു കയറി വരാൻ ഗേറ്റ് തുറന്നു കൊടുത്തു എന്ന് പറയുന്നത് നുണയാണ്. തുറന്നു കിടന്ന ഗേറ്റ് ഉള്ളപ്പോൾ എന്തിനാണ് ഒരാൾ തിരിച്ചു മതിൽ ചാടി പോകുന്നത്. ഈ മതിൽ ചാട്ടം ആദ്യത്തെതല്ല. മുമ്പത്തെ ഇത്തരം ഒരു അതിക്രമിച്ചു കയറിയ വീഡിയോ കൂടി ഞാൻ അപ്‌ലോഡ് ചെയ്യുന്നുണ്ട്. ഇത്രയും കാലം ഞങ്ങളുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കുചേരാത്ത മിസ്റ്റർ വിജയകുമാർ എന്ന വ്യക്തി ഇത്രയും കാലം കഴിഞ്ഞ് ഞങ്ങൾ മുതിർന്ന കുട്ടികൾ ആയപ്പോൾ തിരിച്ചു വരുന്നത് അംഗീകരിക്കാൻ ഒരിക്കലും കഴിയില്ല. നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ നിങ്ങൾ ജീവിച്ചിട്ട് ഞങ്ങളെ ജീവിക്കാൻ അനുവദിക്കുക.’’–അർഥന പറയുന്നു.
Adjust Story Font
16