'അന്ന് റൂമിലിരുന്ന് കരഞ്ഞു, വീട് വെയ്ക്കാന്‍ പറ്റാത്തതില്‍ ഒരുപാട് സങ്കടമുണ്ടായിരുന്നു': കൊല്ലം സുധിയെ കുറിച്ച് ഉല്ലാസ് പന്തളം
'ഒരുപാട് കഷ്ടപ്പാടും ദുരിതവും അനുഭവിച്ച കലാകാരനാണ്. നിഷ്കളങ്കനായിരുന്നു സുധി'
ഉല്ലാസ് പന്തളം, കൊല്ലം സുധി
കൊച്ചി: വാഹനാപകടത്തില്‍ മരിച്ച നടന്‍ കൊല്ലം സുധിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് നടനും സുഹൃത്തുമായ ഉല്ലാസ് പന്തളം. ഒരുപാട് കഷ്ടപ്പാട് അനുഭവിച്ച കലാകാരനാണ് സുധിയെന്നും ഒരു വീടുവെയ്ക്കണമെന്നായിരുന്നു സുധിയുടെ ഏറ്റവും വലിയ മോഹമെന്നും ഉല്ലാസ് പന്തളം പറഞ്ഞു.
"രാവിലെ ഫോള്‍ കോള്‍ കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. സുധി പോയി എന്ന അലര്‍ച്ചയാണ് കേട്ടത്. അപ്പോഴേക്കും എന്‍റെ ശരീരമെല്ലാം തളര്‍ന്നുപോയി. കോഴിക്കോടെ ഷോയില്‍ ഞാനും പോകേണ്ടതായിരുന്നു. കഴിഞ്ഞ ഒന്നാം തിയ്യതി ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. അന്ന് പുള്ളിക്കാരന്‍ റൂമിലിരുന്ന് കരയുകയൊക്കെ ചെയ്തു. ഒരുപാട് കഷ്ടപ്പാടും ദുരിതവും അനുഭവിച്ച കലാകാരനാണ്. വീട് വെയ്ക്കാന്‍ പറ്റാത്തതില്‍ ഒരുപാടു സങ്കടമുണ്ടായിരുന്നു. ഇത്രയും നാളായിട്ടും ഒരു വീട് വെയ്ക്കാന്‍ പറ്റീല്ലളിയാ എന്നു പറഞ്ഞു. പരിപാടിയൊക്കെ സ്റ്റാര്‍ട്ടായിത്തുടങ്ങിയല്ലോ, ഹൌസിങ് ലോണെടുക്കാം എന്നെല്ലാം പറഞ്ഞ് സമാധാനിപ്പിച്ച് സന്തോഷമായി പിരിഞ്ഞതാണ്. സഹിക്കാന്‍ പറ്റാത്ത വാര്‍ത്തയായിപ്പോയി. സുധി ഒരു പാവമായിരുന്നു. നിഷ്‌കളങ്കനായ കലാകാരനായിരുന്നു"- ഉല്ലാസ് പന്തളം പറഞ്ഞു.
കാര്‍ ഓടിച്ചിരുന്ന ഉല്ലാസ് താനാണെന്ന് വിചാരിച്ച് ഒരുപാട് സുഹൃത്തുക്കള്‍ തന്നെ വിളിച്ചെന്നും ഉല്ലാസ് പന്തളം പറഞ്ഞു. കാറോടിച്ചിരുന്ന ഉല്ലാസ് അരൂര്‍, നടന്‍ ബിനു അടിമാലി, മഹേഷ് എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മൂവരും എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശൂര്‍ കയ്പമംഗലത്താണ് സുധിയുടെ ജീവന്‍ കവര്‍ന്ന അപകടമുണ്ടായത്. കോഴിക്കോട്ട് വടകരയില്‍ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിവരുമ്പോഴാണ് കാര്‍ മിനി വാനിലിടിച്ചത്. അപകടം നടക്കുമ്പോള്‍ കാറിന്‍റെ മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു കൊല്ലം സുധി. ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വര്‍ഷങ്ങളായി ചാനലുകളിലെ ഹാസ്യപരിപടികളിലൂടെയും സ്റ്റേജ് പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് കൊല്ലം സുധി. ദുരിതപൂര്‍ണമായ ജീവിത സാഹചര്യങ്ങളോട് നിരന്തരം പോരാടിയാണ് കൊല്ലം സുധി ഇന്നത്തെ നിലയില്‍ എത്തിയത്. 2015ല്‍ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
Adjust Story Font
16