ബോളിവുഡ് സംവിധായകരായ അശ്വിനി അയ്യർ തിവാരിയും നിതേഷ് തിവാരിയും മലയാളത്തിലേക്ക്, കൂടെ സംഗീത ജനചന്ദ്രനും; പുതിയ സിനിമ പ്രഖ്യാപിച്ചു
എർത്ത് സ്കൈ പിച്ചേഴ്‌സിന്‍റെ ആദ്യ മലയാള ചിത്രവും സ്റ്റോറീസ് സോഷ്യലിന്‍റെ ആദ്യ നിർമ്മാണ സംരംഭവുമായിരിക്കുമിത്
ബോളിവുഡിലെ പ്രശസ്ത ചലച്ചിത്ര പ്രവർത്തകരായ അശ്വിനി അയ്യർ തിവാരി, നിതേഷ് തിവാരി എന്നിവരുടെ എർത്ത് സ്കൈ പിച്ചേഴ്‌സും, ഡോ. സംഗീത ജനചന്ദ്രന്‍റെ സ്റ്റോറീസ് സോഷ്യലും ചേർന്ന് പുതിയ മലയാള സിനിമ നിർമ്മിക്കുന്നു. മിന്നൽ മുരളിയുടെ സഹ-എഴുത്തുകാരൻ ജസ്റ്റിൻ മാത്യുവും ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന സിനിമ 'നെയ്മര്‍'ന്‍റെ രചന നിർവഹിക്കുന്ന പോൾസൺ സ്കറിയയും ചേർന്നാണ് സിനിമക്ക് തിരക്കഥ ഒരുക്കുന്നത്. സോഷ്യൽ കോമഡി വിഭാഗത്തിൽ പെടുന്ന സിനിമയായിരിക്കും നിര്‍മിക്കുകയെന്ന് സംഗീത ജനചന്ദ്രന്‍ അറിയിച്ചു.
'ഗർ കി മുർഗി', നെറ്റ്ഫ്ലിക്‌സിന്‍റെ ആന്തോളജി 'അൻകഹി കഹാനിയാ', 'ബ്രേക്ക് പോയിന്‍റ്', വരാനിരിക്കുന്ന 'ഹർല', 'ബവാൽ' തുടങ്ങിയ സിനിമകൾ ഉൾപ്പെടെ ഏറെ പ്രശംസ നേടിയ ഹിന്ദി ചിത്രങ്ങൾ എർത്ത്‌സ്കൈ പിച്ചേഴ്‌സ് നിർമ്മിച്ചിട്ടുണ്ട്. എർത്ത്‌സ്കൈ പിച്ചേഴ്‌സ് പ്രൊഡക്ഷൻ കമ്പനി ഹെഡും എഴുത്തുകാരിയും സംവിധായികയുമായ അശ്വിനി തന്‍റെ ഇൻസ്റ്റാഗ്രാമയിലൂടെയാണ് മലയാളത്തിലേക്കുള്ള പുതിയ ചുവടുവെപ്പ് പ്രഖ്യാപിച്ചത്.
"മലയാളത്തിൽ കഥകൾ പറയുന്നതിനും സിനിമകൾ നിർമ്മിക്കുന്നതിനുമായി സംഗീത ജനചന്ദ്രനുമായി എർത്ത്‌സ്കൈ പിച്ചേഴ്‌സ് ചേരുന്നു എന്ന് പറയുന്നതിൽ അതിയായ സന്തോഷം. എന്‍റെ പൂർവികർക്കും വളർന്നു വരുമ്പോൾ ഒരുപാട് മലയാളം സിനിമകൾ കാണാൻ എന്നെ പ്രേരിപ്പിച്ച എന്‍റെ അമ്മക്കുമുള്ള ആദരവാണിത്. പ്രതിഭാധനരായ എഴുത്തുകാർ ജസ്റ്റിൻ മാത്യുവും പോൾസൺ സ്കറിയയും എഴുതുന്ന ഒരു സോഷ്യൽ കോമേഡിയാണ് ഞങ്ങൾ ആദ്യം പറയുന്ന കഥ", അശ്വിനി കുറിച്ചു.
മലയാള ചിത്രമായ ഉദഹരണം സുജാതയ്ക്ക് പ്രചോദനമായ 'നീൽ ബാട്ടെ സന്നാട്ട' എന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്തതുകൊണ്ടാണ് അശ്വിനി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 'ബറേലി കി ബർഫി', 'പംഗ', 'അൻകഹി കഹാനിയാ' തുടങ്ങിയ വിജയചിത്രങ്ങള്‍ക്ക് പിന്നില്‍ അശ്വനിയാണ്. കുട്ടികളുടെ ചിത്രത്തിന് ദേശിയ അവാർഡ് നേടിയ 'ചില്ലർ പാർട്ടി'യിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിതേഷ് തിവാരി ജനപ്രിയ സിനിമകളായ 'ദംഗൽ', 'ചിച്ചോരെ' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചു.
സിനിമകളും, ബ്രാൻഡുകളും, സെലിബ്രിറ്റി കമ്മ്യൂണിക്കേഷനുകളും കൈകാര്യം ചെയ്യുന്ന കൊച്ചി ആസ്ഥാനമായുള്ള 360 ഡിഗ്രി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഏജൻസിയാണ് സ്റ്റോറീസ് സോഷ്യൽ. 'ഉയരെ', 'നായാട്ട്', 'വൈറസ്', 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ 5.25' , 'കള' , 'ആർക്കറിയാം', 'ഒരുത്തി', 'പുഴു' എന്നിവയുൾപ്പെടെയുള്ള ജനപ്രിയ ചിത്രങ്ങളുടെ ഔദ്യോഗിക മാർക്കറ്റിംഗ് പങ്കാളിയായിരുന്ന സ്റ്റോറീസ് സോഷ്യലിന്‍റെ ആദ്യ നിർമ്മാണ സംരംഭമാണിത്.
"മലയാളത്തിലെ ഞങ്ങളുടെ ആദ്യ നിർമ്മാണ സംരംഭം അശ്വിനി അയ്യർ തിവാരിയുടെയും നിതേഷ് തിവാരിയുടെയും എർത്ത്‌സ്കൈ പിച്ചേഴ്‌സിനൊപ്പമാകുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു, കഥകൾ പറയാനുള്ള ഞങ്ങളുടെ ആഗ്രഹവുമായി സിനിമയുടെ അതിശയകരമായ ലോകത്തേക്കുള്ള അടുത്ത ചുവടുവെയ്പ്പാണിത്. സിനിമയിലേക്ക് ഞങ്ങൾ ചുവടുവെച്ചത് മുതൽ ഞങ്ങൾക്കൊപ്പം നിന്ന എല്ലാ ഉപഭോക്താക്കള്‍ക്കും, സുഹൃത്തുക്കളോടും, മാധ്യമങ്ങളോടും, കുടുംബാംഗങ്ങളോടും, അഭ്യുദയാകാംക്ഷികളോടും നന്ദി അറിയിക്കുന്നു", സ്റ്റോറീസ് സോഷ്യൽ ഫൗണ്ടർ ഡോ. സംഗീത ജനചന്ദ്രൻ തന്‍റെ സന്തോഷം പങ്കുവെച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
Adjust Story Font
16