അട്ടപ്പാടി മധു കൊലപാതകം: കേസ് സർക്കാർ തന്നെ നടത്തും; കുടുംബത്തിനു വേണ്ട നിയമസഹായങ്ങളെല്ലാം മമ്മൂട്ടി നൽകും- പിആർഒ
കുടുംബത്തിന് ആവശ്യമായ നിയമോപദേശം ലഭ്യമാക്കാൻ മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനായ അഡ്വ. നന്ദകുമാറിനെ മമ്മൂട്ടി ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് നടന്റെ പിആർഒ റോബർട്ട് കുര്യാക്കോസ് അറിയിച്ചു
അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ തന്നെയാണ് കേസ് നടത്തുന്നതെന്ന് നടൻ മമ്മൂട്ടിയുടെ ഓഫീസ്. കുടുംബത്തിന് ആവശ്യമായ നിയമോപദേശസഹായമോ, അവർ ആവശ്യപ്പെടുന്ന നിയമസഹായങ്ങളോ ആണ് മമ്മൂട്ടി ലഭ്യമാക്കുകയെന്നും നടന്റെ പിആർഒ റോബർട്ട് കുര്യാക്കോസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. വിഷയത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെടുമെന്ന് നിയമമന്ത്രി പി രാജീവ് മമ്മൂട്ടിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും പിആർഒ അറിയിച്ചു.
മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയിൽ ഹാജരാവാൻ കഴിയാതിരുന്നത് അറിഞ്ഞയുടൻ തന്നെ മമ്മൂട്ടിയുടെ നിർദേശപ്രകാരം മധുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് റോബർട്ട് പറഞ്ഞു. ഒരു കാലതാമസവും വരാതെ നമ്മളാൽ കഴിയുന്ന സഹായം അവർക്ക് എത്തിച്ചുകൊടുക്കണമെന്നായിരുന്നു അദ്ദേഹം എനിക്ക് തന്ന കർശന നിർദേശം. സംസ്ഥാന നിയമമന്ത്രി പി രാജീവിനെയും അദ്ദേഹം അന്നുതന്നെ ബന്ധപ്പെട്ടിരുന്നു. പ്രഗത്ഭനായ സർക്കാർ വക്കീലിനെ തന്നെ ഈ കേസിൽ ഏർപ്പാടാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു. വിഷയത്തിൽ സർക്കാർ വളരെ കാര്യക്ഷമമായി ഇടപെടുമെന്ന ഉറപ്പും മന്ത്രി നൽകിയെന്നും റോബർട്ട് അറിയിച്ചു.
സർക്കാരിൽനിന്ന് ഉറപ്പ് ലഭിച്ച വിവരം മധുവിന്റെ സഹോദരീ ഭർത്താവ് മുരുകനെ അറിയിച്ചപ്പോൾ, സർക്കാർ വക്കീലിന്റെ സേവനം പൂർണമായി ഉപയോഗപ്പെടുാനുള്ള തീരുമാനം അവർ ഞങ്ങളെ അറിയിക്കുകയുണ്ടായി. തുടർന്ന്, നിയമസഹായം ഭാവിയിൽ ആവശ്യമായി വരുന്ന ഏത് സാഹചര്യത്തിലും കുടുംബം ആവശ്യപ്പെടുന്നതിനനുസരിച്ച് ലഭ്യമാക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. കുടുംബത്തിന് ആവശ്യമായ നിയമോപദേശം ലഭ്യമാക്കാൻ മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനായ അഡ്വ. നന്ദകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മധുവിന്റെ കുടുംബത്തിനും അല്ലെങ്കിൽ മധുവിനുവേണ്ടി നിലകൊള്ളുന്ന എല്ലാവർക്കും അവർ ആവശ്യപ്പെടുന്ന നിയമോപദേശം നൽകുകയാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമെന്നും റോബർട്ട് കുര്യാക്കോസ് ഫേസ്ബുക്ക് കുറിപ്പിൽ സൂചിപ്പിച്ചു.
നേരത്തെ നിയമസഹായം നൽകുന്നതിന് നടപടികൾ സ്വീകരിക്കാൻ തയാറാണെന്ന് മമ്മൂട്ടിയുടെ ഓഫീസ് അറിയിച്ച വിവരം മധുവിന്റെ സഹോദരി സരസു വെളിപ്പെടുത്തിയിരുന്നു. മധുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും മറ്റുള്ള കാര്യങ്ങൾ ആദിവാസി സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മധുവിന്റെ സഹോദരി പറഞ്ഞു.
കേസിൽ ഗുരുതര വീഴ്ച
കേസിൽ തുടക്കം മുതൽ സർക്കാറിന് വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തൽ. സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടികാട്ടി രണ്ടുമാസം മുമ്പ് വി.ടി രഘുനാഥ് കത്ത് നൽകിയിട്ടും പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചില്ല. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദേശപ്രകാരം പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന പട്ടികജാതി, പട്ടികഗോത്രവർഗ കമ്മീഷനാണ് നിയമവകുപ്പ് സെക്രട്ടറിക്ക് ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയത്. പബ്ലിക്ക് പ്രോസിക്യൂട്ടർ ഹാജരാകാത്തതിനാൽ കോടതിയിൽ വിചാരണ നീണ്ടുപോകുന്നതായി വിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് കമ്മീഷൻ നിയമ വകുപ്പ് സെക്രട്ടറിയെ സമീപിച്ചത്.
2018 ഫെബ്രുവരി 22 നാണ് ആൾക്കൂട്ടം മധുവിനെ തല്ലികൊന്നത്. മാധ്യമങ്ങളിൽ വലിയ ചർച്ചയായെങ്കിലും കേസിന്റെ നിയമ നടപടികളിൽ സർക്കാർ കാര്യമായി ശ്രദ്ധിച്ചില്ല. മണ്ണാർക്കാട് എസ്.സി / എസ്.ടി കോടതിയിലാണ് കേസ് നടക്കുന്നത്. ഇവിടെ ഒരു സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ പോലും സർക്കാർ തയ്യറായില്ല. നൂറുകണക്കിന് കേസുകൾ വാദിക്കുന്ന മണ്ണാർക്കാട് എസ്.സി / എസ്.ടി കോടതിയിലെ പ്രോസിക്യൂട്ടർ തന്നെ മധു വധക്കേസും വാദിക്കട്ടെ എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
തുടർച്ചയായ മെല്ലെപ്പോക്ക്
വിമർശനങ്ങൾ ഉയർന്നു വന്നതോടെ ഒന്നര വർഷങ്ങൾക്ക് ശേഷം ഗോപിനാഥിനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. എന്നാൽ ഇദേഹത്തിന് ആവശ്യമായ സൗകര്യങ്ങൾ ഇല്ലെന്ന് പറഞ്ഞ് തൽസ്ഥാനത്ത് നിന്നും ഒഴിഞ്ഞു. പിന്നീട് ആക്ഷൻ കൗൺസിൽ നിർദേശപ്രകാരമാണ് വി.ടി. രഘുനാഥിനെ 2019 ൽ നിയമിച്ചത്. ഇദ്ദേഹം രണ്ടു തവണയാണ് കോടതിയിൽ ഹാജറായത്.
2021 നവംബർ 24 ന് ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടികാട്ടി കോടതിയിൽ ഹാജറാവാൻ കഴിയില്ലെന്ന് രഘുനാഥ് ഡി.ജി.പിയെ അറിയിച്ചിരുന്നു. എന്നാൽ രണ്ടു മാസത്തിന് ശേഷം കോടതി പ്രോസിക്യൂട്ടർ എവിടെയെന്ന് ചോദിക്കുകയും, ഇത് ചർച്ചയാവുകയും ചെയ്തതോടെയാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനിച്ചത്.
പുതിയ പ്രോസിക്യൂട്ടർ മുവായിരത്തിലധികം പേജുള്ള കുറ്റപത്രം പഠിച്ച് കോടതിയിൽ അവതരിപ്പിക്കാൻ ഇനിയും സമയമെടുക്കും. ഇത് കൂടാതെ പ്രതികൾ ആവശ്യപെട്ട രേഖകൾ കൈമാറാൻ പൊലീസ് വൈകുന്നത് കേസ് നീണ്ടു പോകുന്നതിനും കാരണമാകുന്നു.
Summary: Attappadi Madhu murder case: The actor will provide all the legal help needed for the family, says Mammootty's PRO
Adjust Story Font
16