'ദൈവ സങ്കൽപ്പങ്ങൾക്ക് അവമതിപ്പുണ്ടാക്കുന്നു'; ആദിപുരുഷ് സിനിമ ബഹിഷ്‌കരിക്കണമെന്ന് അയോധ്യരാമക്ഷേത്ര പുരോഹിതൻ
കാര്‍ട്ടൂണിനെ വെല്ലുന്ന ഗ്രാഫിക്സ് എന്നാണ് ടീസറിനെ പരിഹസിച്ച് സിനിമാ ആരാധകര്‍ പറയുന്നത്
ന്യൂഡൽഹി: ബോളിവുഡ് ചിത്രം ആദിപുരുഷ് ബഹിഷ്‌കരിക്കണമെന്ന് അയോധ്യ രാമക്ഷേത്ര പുരോഹിതൻ. കഥാപാത്രങ്ങൾ ദൈവ സങ്കൽപ്പങ്ങൾക്ക് അവമതിപ്പുണ്ടാക്കുന്നെന്ന് പുരോഹിതൻ ആരോപിച്ചു. ശ്രീരാമനെയും ഹനുമാനെയും രാവണനെയും യാഥാർഥ്യത്തോട് നിരക്കാത്ത തരത്തിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യ പുരോഹിതൻ സത്യേന്ദ്ര ദാസ് പറഞ്ഞു. സിനിമ നിർമ്മിക്കുന്നത് കുറ്റകരമല്ല, പക്ഷേ അവ ബോധപൂർവം വിവാദങ്ങൾ സൃഷ്ടിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദിപുരുഷ് സിനിമയുടെ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ വിവാദമാണ് ഉയർന്നത്.സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകളും വലതുപക്ഷ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
പ്രഭാസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി നിർമിച്ചിരിക്കുന്ന ചിത്രത്തിന് 500 കോടി രൂപയാണ് മുതൽമുടക്ക്. സിനിമയിലെ മോശം വി.എഫ്.എക്സ് ആണ് ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ടത്. ടീസറിന് ട്രോളുകൾ കൂടിയതോടെ പ്രമുഖ വി.എഫ്.എക്സ്. കമ്പനിയായ എൻ.വൈ. വി.എഫ്.എക്സ് വാല തങ്ങളല്ല ചിത്രത്തിനുവേണ്ടി പ്രവർത്തിച്ചതെന്ന് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ട്രോളുകൾ കാണുമ്പോൾ ഹൃദയം തകരുന്നെന്ന് സംവിധായകൻ ഓം റൗട്ടും പ്രതികരിച്ചിരുന്നു. രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണ് അഭിനയിക്കുന്നത്.
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യവും ബ്രജേഷ് പതകും സിനിമയുടെ ടീസറിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു .കാര്‍ട്ടൂണിനെ വെല്ലുന്ന ഗ്രാഫിക്സ് എന്നാണ് ടീസറിനെ പരിഹസിച്ച് സിനിമാ ആരാധകര്‍ പറയുന്നത്. ചിത്രത്തില്‍ രാവണനായി എത്തുന്ന സെയ്ഫ് അലിഖാന്‍റെ ഗെറ്റപ്പിനെയും ആരാധകര്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട്. നടന്‍ അവതരിപ്പിക്കുന്നത് രാവണനെയാണോ ഡ്രാക്കുളയെയാണോയെന്നും ചില ആരാധകര്‍ സംശയം പ്രകടിപ്പിച്ചു. ടീസര്‍ വീഡിയോയും കുട്ടികളുടെ കാര്‍ട്ടൂണ്‍ സംഭാഷണവും ചേര്‍ത്തുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ടീസറിനെതിരെ ട്വിറ്ററിലും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
Adjust Story Font
16