Quantcast

'മഞ്ഞുമ്മല്‍ ബോയ്‌സി'നെയും മലയാളികളെയും അധിക്ഷേപിച്ച് ജയമോഹന്‍

മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ജയമോഹന്‍

MediaOne Logo

Web Desk

  • Published:

    10 March 2024 11:37 AM GMT

മഞ്ഞുമ്മല്‍ ബോയ്‌സിനെയും മലയാളികളെയും അധിക്ഷേപിച്ച് ജയമോഹന്‍
X

തിയറ്ററില്‍ വന്‍ വിജയമായ ചിത്രം 'മഞ്ഞുമ്മല്‍ ബോയ്‌സി'നെയും മലയാളികളെയും അധിക്ഷേപിച്ച് തമിഴ് മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍. സിനിമ തന്നെ അലോസരപ്പെടുത്തിയെന്നും മറ്റു മലയാള സിനിമകളെ പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുകയാണ് സിനിമയെന്നും മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ജയമോഹന്‍ ആരോപിച്ചു. 'മഞ്ഞുമ്മല്‍ ബോയ്‌സ് പൊറുക്കികളിന്‍ കൂത്താട്ടം' എന്ന പേരില്‍ പ്രസിദ്ധീകരിച്ച വ്‌ലോഗിലാണ് വിമര്‍ശനം.

കുറിപ്പിലെ പ്രസക്തഭാഗം..

മഞ്ഞുമ്മല്‍ ബോയ്‌സ് എന്നെ അലോസരപ്പെടുത്തിയ സിനിമയാണ്. അതിന് കാരണം അതൊരു കെട്ടുകഥയല്ല എന്നതാണ്. തെന്നിന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മലയാളികളുടെ യഥാര്‍ഥ മനോനിലയാണ് സിനിമയില്‍ കാണുന്നത്. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മാത്രമല്ല വനങ്ങളിലേക്കും അവര്‍ എത്താറുണ്ട്. മദ്യപിക്കാനും ഓക്കാനിക്കാനും ഛര്‍ദ്ദിക്കാനും കടന്നുകയറാനും വീഴാനും ഒക്കെ മാത്രയാണ് അത്. മറ്റൊന്നിലും അവര്‍ക്ക് താല്‍പര്യമില്ല. സാമാന്യബോധമോ സാമൂഹികബോധമോ അവര്‍ക്ക് തൊട്ടുതീണ്ടിയിട്ടില്ല.

ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ പൊതുനിരത്തിലെ മലയാളികളായ മദ്യപാനികളുടെ മോശം പെരുമാറ്റം ഞാന്‍ പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ട്. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛര്‍ദ്ദില്‍ ആയിരിക്കും. സിനിമയില്‍ കാണിച്ചതു പോലെ കുടിച്ച ശേഷം അവര്‍ കുപ്പി വലിച്ചെറിഞ്ഞ് പൊട്ടിക്കും. സംശയമുണ്ടെങ്കില്‍ ചെങ്കോട്ട- കുറ്റാലം റോഡോ കൂടല്ലൂര്‍- ഊട്ടി റോഡോ പരിശോധിക്കുക. വഴിനീളെ കുപ്പികള്‍ കാണാനാവും. ഇത് അവര്‍ അഭിമാനത്തോടെ സിനിമയില്‍ കാണിക്കുന്നു. ഈ സിനിമയില്‍ തമിഴ്നാട് പൊലീസ് അവരോട് പെരുമാറുന്ന രീതിയും യഥാര്‍ഥമാണ്.

ഓരോ വര്‍ഷവും കുറഞ്ഞത് ഇരുപത് ആനകളെങ്കിലും കാലില്‍ കുപ്പിച്ചില്ല് തറച്ചുകയറി വൃണംവന്ന് ചരിയുന്നുണ്ട്. അതിനെ അപലപിച്ചാണ് ഞാന്‍ ആന ഡോക്ടര്‍ എന്ന നോവലെഴുതിയത്. എന്നാല്‍ ഈ സിനിമയുടെ സംവിധായകന്‍ ഇത് വായിച്ചിരിക്കാന്‍ സാധ്യതയില്ല.

കേരളത്തിലെ വിവാഹങ്ങള്‍ക്ക് പോവുക എന്നത് ഒരു പരീക്ഷണമാണ്. രണ്ട് തരം മലയാളികളാണ് ഉള്ളത്. ഒന്ന് വിദേശത്ത് ചോര വിയര്‍പ്പാക്കുന്നവര്‍. രണ്ട് നാട്ടില്‍ അവരെ വിറ്റ് ജീവിക്കുന്ന മദ്യപാനികള്‍. ലഹരി ആസക്തിയെ സാമാന്യവല്‍ക്കരിക്കുന്നവരാണ് മലയാളികള്‍. തമിഴ്‌നാടും ഇപ്പോള്‍ കേരളത്തിന്റെ പാതയിലേക്ക് സഞ്ചരിക്കുകയാണെന്ന് തോന്നുന്നു.കേരളത്തിലെ ബീച്ചുകളിലേക്ക് ഏഴ് മണിക്ക് ശേഷം പോകരുതെന്ന് സ്ത്രീകളോട് മാത്രമല്ല, സാധാരണ മനുഷ്യരോടും പൊലീസ് പറയാറുണ്ട്.

മലയാള സിനിമയില്‍ മദ്യമില്ലാതെ സന്തോഷത്തോടെ സംസാരിക്കുന്ന സാധാരണക്കാരെ കണ്ടിട്ടുണ്ടോ. ഇന്നത്തെ മലയാള സിനിമ നിയന്ത്രിക്കുന്നത് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിക്ക് അടിമകളായ ഒരു ചെറു സംഘമാണ്. കിളി പോയി, ഒഴിവുദിവസത്തെ കളി, വെടിവഴിപാട്, ജല്ലിക്കട്ട് തുടങ്ങി ആസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ കേരളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഇവ പ്രകൃതിദത്ത കലാസൃഷ്ടികളായി ബുദ്ധിജീവികള്‍ ആഘോഷിച്ചു. കേരളത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ഉണ്ടെങ്കില്‍ ഇത്തരം സംവിധായകര്‍ക്കെതിരെ നടപടി എടുക്കണം. അത്തരം സിനിമകള്‍ ആഘോഷിക്കുന്ന തമിഴ്‌നാട്ടുകാരെ ഞാന്‍ തെമ്മാടികളും നികൃഷ്ടരുമായാണ് കാണുന്നത്.

സാധാരണക്കാരെ ആഘോഷിക്കുന്നുവെന്ന തരത്തില്‍ 'പെറുക്കികളെ' സാമാന്യവല്‍ക്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ. അവരെ രക്തസാക്ഷികളായും സൗഹൃദത്തിന്റെ പതാകാവാഹകരായും ചിത്രീകരിക്കുന്നവെന്നും ജയമോഹന്‍ പറയുന്നു.

അതേസമയം ജയമോഹന്റെ വാക്കുകളെ വിമര്‍ശിച്ചും അനുകൂലിച്ചുമുള്ള നിരവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

TAGS :

Next Story