Quantcast

ബാഹുബലി വീണു, ടോളിവുഡിൽ ഇനി പുഷ്പയുടെ 'റൂൾ'

ഏറ്റവും വേഗത്തിൽ 1000 കോടി എന്ന റെക്കോർഡിന് പിന്നാലെ പുതിയ നേട്ടവുമായി പുഷ്പ 2; ദ റൂൾ

MediaOne Logo

Web Desk

  • Published:

    6 Jan 2025 11:08 AM GMT

ബാഹുബലി വീണു, ടോളിവുഡിൽ ഇനി പുഷ്പയുടെ റൂൾ
X

ഇന്ത്യൻ ബോക്സ്ഓഫീസ് റെക്കോർഡുകളെല്ലാം പഴങ്കഥയാക്കി അല്ലു അർജുൻറെ 'പുഷ്പ ദ റൂൾ'. ഇന്ത്യൻ സിനിമയിൽ ഏറ്റവും വേഗം 1000 കോടി കളക്ഷൻ നേടുന്ന ചിത്രം എന്ന റെക്കോഡിന് പുറമെ 'പുഷ്പ ദ റൂൾ' 32 ദിനം കൊണ്ട് 1831 കോടി ആഗോള ബോക്‌സോഫീസ് കളക്ഷൻ സ്വന്തമാക്കി ഇൻഡസ്ട്രി ഹിറ്റായി മാറി. ഇതോടെ ബാഹുബലി 2ൻറെ കളക്ഷനെയും മറികടന്നിരിക്കുകയാണ് ചിത്രം. നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

'പുഷ്പ' ആദ്യഭാഗം ആഗോളതലത്തിൽ 350 കോടിയോളം കളക്ഷനായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് 'പുഷ്പ 2' മറികടന്നിരുന്നു. ആദ്യദിനത്തിൽ മാത്രം സിനിമ ആഗോളതലത്തിൽ 294 കോടി കളക്ഷനാണ് നേടിയത്. ആറ് ദിവസം കൊണ്ട് ചിത്രം ആയിരം കോടി കളക്ഷൻ സ്വന്തമാക്കി.

റിലീസായി രണ്ട് ദിവസം കൊണ്ട് 500 കോടി ആഗോള ബോക്‌സോഫീസ് കളക്ഷനാണ് ചിത്രം നേടിയത്. ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 റിലീസ് ചെയ്തത്. പ്രീ സെയിലിൽ നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത് ഇ ഫോർ എൻറർടെയ്ൻമെൻറ്‌സാണ്.

സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്‌റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്‌സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

TAGS :

Next Story