Quantcast

പാട്ടുപാടി തരംഗമായി 'ബഛ്പൻ കാ പ്യാർ' ഫെയിം വീണ്ടും; ഇത്തവണ 'മണി ഹെയ്സ്റ്റ്' തീം സോങ്

19-ാം നൂറ്റാണ്ടിൽ ഇറ്റാലിയൻ കർഷകര്‍ തൊഴില്‍ചൂഷണങ്ങള്‍ക്കെതിരെ പാടിനടന്നിരുന്ന നാടോടിഗാനമാണ് 'ബെല്ല ഛാവ്'. വെബ് സീരീസ് പ്രേമികളുടെ വികാരമായി മണി ഹെയ്സ്റ്റ് മാറിയതിനു പിന്നാലെയാണ് ഈ പാട്ടും തരംഗമാകുന്നത്

MediaOne Logo

Web Desk

  • Updated:

    2021-09-09 15:55:35.0

Published:

9 Sep 2021 3:30 PM GMT

പാട്ടുപാടി തരംഗമായി ബഛ്പൻ കാ പ്യാർ ഫെയിം വീണ്ടും; ഇത്തവണ മണി ഹെയ്സ്റ്റ് തീം സോങ്
X

ഒറ്റദിനം തലവര തന്നെ മാറിയ പലരെക്കുറിച്ചും കേട്ടിട്ടുണ്ട്. എന്നാല്‍, ഒറ്റദിനം കൊണ്ട് ലോകമെങ്ങും ആരാധകരുള്ള സെലിബ്രിറ്റി താരമായയാളാണ് ചത്തീസ്ഗഢുകാരനായ 14കാരൻ സഹദേവ് ദിർദോ. സഹദേവിന്റെ പേരറിയില്ലെങ്കിലും അവന്റെ പാട്ട് കേൾക്കാത്തവരായി ആരുമുണ്ടാകില്ല. അധികമൊന്നും ആളുകള്‍ കേട്ടു പരിചയിച്ചിട്ടില്ലാത്ത 'ബഛ്പൻ കാ പ്യാർ' എന്ന ഗുജറാത്തി ഗാനം പാടി തരംഗമാക്കുകയായിരുന്നു സഹദേവ്. ബോളിവുഡ് താരങ്ങൾ, രാഷ്ട്രീയക്കാർ, ഗായകർ എന്നുവേണ്ട സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ള ആളുകൾ പയ്യന്‍റെ 'ബഛ്പൻ കാ പ്യാർ' കവർ വേർഷന് സ്വന്തമായി കവറുകളുമായി രംഗത്തെത്തി.

ആഗോളതലത്തില്‍ തന്നെ തരംഗമായ സ്പാനിഷ് വെബ്‌സീരീസ് 'മണി ഹെയ്സ്റ്റി'ന്റെ തീം സോങ് 'ബെല്ല ഛാവി'ന് കവറുമായി എത്തിയിരിക്കുകയാണ് സഹദേവ്. 19-ാം നൂറ്റാണ്ടിൽ ഇറ്റാലിയൻ കർഷകര്‍ തൊഴില്‍ചൂഷണങ്ങള്‍ക്കെതിരെ പാടിനടന്നിരുന്ന നാടോടിഗാനമാണ് 'ബെല്ല ഛാവ്'. വെബ് സീരീസ് പ്രേമികളുടെ വികാരമായി മണി ഹെയ്സ്റ്റ് മാറിയതിനു പിന്നാലെയാണ് ഈ പാട്ടും തരംഗമാകുന്നത്.

ആദ്യ പാട്ടില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ പ്രസന്നതയോടെയാണ് ഇത്തവണ 'ബെല്ല ഛാവി'ലൂടെ സഹദേവ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിഡിയോ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് സഹദേവ് പങ്കുവച്ചത്. നാല് ദിവസം മുൻപ് ഇൻസ്റ്റയിലിട്ട വിഡിയോ ഇതിനകം തന്നെ ലക്ഷക്കണക്കിനുപേര്‍ കണ്ടുകഴിഞ്ഞു. ഇൻസ്റ്റഗ്രാമിനു പുറമെ ട്വിറ്ററിലും ഫേസ്ബുക്കിലും മീമുകളും ട്രോളുകളുമായും ആളുകൾ വിഡിയോ പങ്കിടുന്നുണ്ട്. ദശലക്ഷക്കണക്കിനു പേരാണ് ഇങ്ങനെ ദിവസങ്ങൾക്കുള്ളിൽ സഹദേവിന്‍റെ 'ബെല്ല ഛാവ്' കണ്ടുകഴിഞ്ഞത്.

2019ൽ സ്‌കൂളിലെ ടീച്ചര്‍ ആവശ്യപ്പെട്ടു പാടിയ പാട്ടാണ് കഴിഞ്ഞ ജൂലൈയിൽ സമൂഹമാധ്യമങ്ങളില്‍ പുത്തന്‍ സെൻസേഷനായി മാറിയത്. ക്ലാസ്മുറിയിൽ ടീച്ചർ മൊബൈലിൽ പകർത്തിയ ആ വിഡിയോ കൈമാറിവന്ന് കഴിഞ്ഞ ജൂലൈയിലാണ് സമൂഹമാധ്യമങ്ങളിലെത്തുന്നത്. ഇതോടെ സഹദേവ് തന്നെ ഒരു സെലിബ്രിറ്റിയായി മാറി. ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അടക്കമുള്ള പ്രമുഖർ നേരിട്ടെത്തി കൊച്ചുമിടുക്കനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ആഗോളതലത്തിൽ തന്നെ വൻഹിറ്റായ മണി ഹെയ്സ്റ്റിന്‍റെ അഞ്ചാം സീസൺ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറത്തെത്തിയത്. സ്പാനിഷിൽ അധികം ശ്രദ്ധ നേടാതിരുന്ന സീരീസ് ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങിയതോടെയാണ് ആഗോളശ്രദ്ധ നേടുന്നതും ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കുന്നതും.

TAGS :

Next Story