ഇടവേളയ്ക്കു ശേഷം വീണ്ടും സഹാറ മരുഭൂമിയിൽ; ആടു ജീവിത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം പുരോഗമിക്കുന്നു
അടുത്ത നാൽപ്പത് ദിവസത്തോളം സഹാറ മരുഭൂമിയിലായിരിക്കുമെന്ന് പൃഥ്വിരാജ്
കോവിഡ് തീർത്ത ഇടവേളയ്ക്കു ശേഷം ആടു ജീവിത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. പരന്നു കിടക്കുന്ന സഹാറ മരുഭൂമിയിൽ നിന്നുള്ള ആദ്യ വിഡിയോ നടൻ പൃഥ്വിരാജ് സുകുമാരൻ പങ്കുവെക്കുകയും ചെയ്തു. സിനിമയുടെ അടുത്ത ഘട്ട ചിത്രീകരണത്തിന്റെ ഭാഗമായാണ് പൃഥ്വിരാജ് അൾജീരിയയിൽ എത്തിയത്.
അടുത്ത നാൽപ്പത് ദിവസത്തോളം സഹാറ മരുഭൂമിയിലായിരിക്കുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. ഇനി ജൂണിലാകും പൃഥ്വിയുടെ മടങ്ങി വരവ്. മാർച്ച് 31 നാണ് താരം അൾജീരിയയിലേക്കു പോയത്. സിനിമ ആസ്വാദകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസ്സിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. സിനിമയ്ക്കായി ശരീരഭാരം കുറച്ചതിന്റെ കഷ്ടപ്പാടുകൾ അടുത്തകാലത്ത് ഒരഭിമുഖത്തിൽ പൃഥ്വി തുറന്നു പറഞ്ഞിരുന്നു.'ശരീരത്തിന് മാറ്റം വേണമെന്ന് ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി 2008 ൽ കമ്മിറ്റ് ചെയ്യുമ്പോൾ തന്നെ എനിക്കറിയാമായിരുന്നു. അത് ഞാൻ ചെയ്തു. അതുപോലെ ഇനി ഒരു സിനിമയ്ക്ക് വേണ്ടിയും ഞാൻ ചെയ്യില്ല എന്ന് തീരുമാനിച്ചതാണ്. കാരണം, എന്റെ ശരീരത്തെ വീണ്ടും അത് പോലെയാക്കുക എന്നത് അസാധ്യമാണ്.
വാസ്തവത്തിൽ ആടുജീവിതത്തിന്റെ രൂപമാറ്റം നിങ്ങളാരും കണ്ടിട്ടില്ല. അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലെ സീനുകളോ സ്റ്റിൽസോ പുറത്ത് വന്നിട്ടില്ല. ആടുജീവിതത്തിനു ശേഷം ജോർദാനിൽനിന്ന് തിരിച്ച് വന്നപ്പോൾ ഞാൻ ഏറ്റവും മെലിഞ്ഞിരുന്ന അവസ്ഥ കഴിഞ്ഞിരുന്നു. അവിടെ ഷൂട്ടിങ് മുടങ്ങി അകപ്പെട്ടുപോയതിനു ശേഷം ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസം കഴിഞ്ഞുള്ള അവസ്ഥയാണ് നിങ്ങൾ കണ്ടത്. സിനിമ കാണുമ്പോൾ നിങ്ങൾക്ക് അത് മനസ്സിലാവും.''2020ലായിരുന്നു പൃഥ്വിയും സംഘവും ആടുജീവിതത്തിന്റെ ജോർദാനിലെ ചിത്രീകരണത്തിനു ശേഷം തിരിച്ചെത്തിയത്. ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടർന്ന് കുടുങ്ങിക്കിടക്കുകയായിരുന്നു.
Adjust Story Font
16