Quantcast

വയനാട്ടിൽ അത്യാധുനിക ആശുപത്രികളില്ല; ചുരത്തിലെ ബ്ലോക്കിൽ പെട്ട് കോഴിക്കോട് എത്തും മുമ്പ് ആളുകൾ മരിക്കുന്നു: ബേസിൽ

കാര്യം അൽപം സീരിയസാണെന്ന് കണ്ടാൽ അപ്പോൾ തന്നെ വയനാട്ടിലെ ആശുപത്രികൾ കോഴിക്കോടേക്ക് പോകാൻ പറയും. ചെറുപ്പം മുതലേ ഇതാണ് കാണുന്നത്. ഇപ്പോഴും വലിയ മാറ്റമില്ല. ചുരത്തിലെ ബ്ലോക്കിൽ പെട്ട് കോഴിക്കോട് എത്തും മുമ്പ് ആംബുലൻസിൽ കിടന്ന് ആളുകൾ ‌മരിക്കാറുണ്ട്.

MediaOne Logo

Web Desk

  • Updated:

    2023-04-22 16:23:54.0

Published:

22 April 2023 4:22 PM GMT

വയനാട്ടിൽ അത്യാധുനിക ആശുപത്രികളില്ല; ചുരത്തിലെ ബ്ലോക്കിൽ പെട്ട് കോഴിക്കോട് എത്തും മുമ്പ് ആളുകൾ മരിക്കുന്നു: ബേസിൽ
X

ആരോ​ഗ്യമേഖലയുമായി ബന്ധപ്പെട്ട് വയനാട് ജില്ല നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് തുറന്നുപറഞ്ഞ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിലാണ് താൻ ജനിച്ചുവളർന്ന നാടിനെ കുറിച്ച് താരം സംസാരിച്ചത്.

വയനാട്ടിൽ മെഡിക്കൽ കോളേജോ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയോ ഇല്ലാത്തത് മൂലം ആളുകളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുകയാണെന്ന് ബേസിൽ പറഞ്ഞു. വയനാട് ചുരത്തിലെ ബ്ലോക്കും ഇതിന് കാരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രോ​ഗം ​ഗുരുതരമാകുന്ന സാഹചര്യങ്ങളിൽ വയനാട്ടിലെ ആശുപത്രികളിൽ നിന്ന് കോഴിക്കോട്ടേക്ക് റഫർ ചെയ്യുന്നത് താൻ ചെറുപ്പം മുതൽ കാണുന്നതാണ്. ഇപ്പോഴും അക്കാര്യത്തിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും ബേസിൽ പറഞ്ഞു.

"വയനാട്ടുകാരനായതുകൊണ്ട് കോഴിക്കോടുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. കൊച്ചിയിൽ നിന്നാണെങ്കിൽ കോഴിക്കോട് കടക്കാതെ വയനാട്ടിലേക്ക് പോകാനാകില്ല. ചെറുപ്പക്കാലത്ത് എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ കോഴിക്കോടേക്കാണ് വരുക. ആശുപത്രിക്കേസുകളിൽ അടിയന്തര സാഹ​ചര്യമുണ്ടായാലും കോഴിക്കോട് വരണം.

ചെറിയ തോതിലെങ്കിലും കാര്യങ്ങൾ അൽപം സീരിയസാണെന്ന് കണ്ടാൽ അപ്പോൾ ആശുപത്രികളിൽ നിന്ന് കോഴിക്കോടേക്ക് പോകാൻ പറയും. പിന്നെ ആംബുലൻ‌സിൽ അങ്ങോട്ട് പോകുകയാണ്. ഇപ്പോഴും ഇക്കാര്യങ്ങളിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല.

ഈ കാലഘട്ടത്തിലും വയനാട്ടിൽ അത്ര നല്ല അൾ‌ട്രാ മോഡേൺ ആശുപത്രികളൊന്നും വന്നിട്ടില്ല. മെഡിക്കൽ കോളേജുമില്ല. ഒന്ന്-രണ്ട് നല്ല ആശുപത്രികളുണ്ടെെന്നേയുള്ളു. അപ്പോഴും ഒരു പരിധി വിട്ട എമർജൻസിയാണെങ്കിൽ കോഴിക്കോടേക്കോ മറ്റ് കൂടുതൽ സൗകര്യങ്ങളുള്ള സ്ഥലത്തേക്കോ പോകണം.

അങ്ങനെ ഒരു നല്ല ആശുപത്രിയിലെത്തണമെങ്കിൽ വയനാട് ചുരമിറങ്ങി വേണം പോകാൻ. അതിന് രണ്ടര മണിക്കൂറോളം സമയമെടുക്കും. ചുരത്തിൽ എപ്പോഴും ട്രാഫിക് ബ്ലോക്കുമായിരിക്കും. കോഴിക്കോട് ആശുപത്രിയിലേക്ക് പോകുന്ന സമയത്ത് ആ ബ്ലോക്കിൽ പെട്ട്, ആംബുലൻസിൽ കിടന്ന് ആളുകൾ മരിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോൾ വയനാടുമായി കോഴിക്കോടിന് ഇങ്ങനെയൊരു എമർജൻസി ബന്ധമുണ്ട്," ബേസിൽ പറഞ്ഞു.

കഠിന കഠോരമീ അണ്ഡകടാഹം എന്ന തന്റെ പുതിയ ചിത്രത്തിന്റെ ടീമിനൊപ്പം മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്. കോഴിക്കോട് പശ്ചാത്തലമാകുന്ന ചിത്രമാണിത്.



TAGS :

Next Story