മുസ്‌ലിം സംസ്‌കാരത്തിൽ വളരാനാകാത്തതിൽ ഖേദം; ഫലസ്തീനെ പിന്തുണച്ചതിന്റെ പേരിൽ ജോലി പോകുന്ന പേടിയില്ല: യു.എസ് മോഡൽ ബെല്ല ഹദീദ്
ഫലസ്തീനെക്കുറിച്ച് സംസാരിച്ചതിന് നിരവധി ജോലികളും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടിട്ടുണ്ടെന്നും ബെല്ല ഹദീദ്
ന്യൂയോർക്ക്: തന്റെ ഫലസ്തീൻ-മുസ്‌ലിം പാരമ്പര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അമേരിക്കൻ സൂപ്പർ മോഡൽ ബെല്ല ഹദീദ്. മുസ്‌ലിം സാമൂഹികാന്തരീക്ഷത്തിൽ വളരാനാകാത്തതിൽ ഖേദമുണ്ടെന്ന് ബെല്ല പറഞ്ഞു. ഫലസ്തീൻ വിഷയങ്ങളെ പിന്തുണയ്ക്കുന്ന പേരിൽ ജോലി പോകുന്ന പേടി തനിക്കില്ലെന്നും അവർ വ്യക്തമാക്കി.
''പിതാവിനൊപ്പം വളർന്നിരുന്നെങ്കിലെന്ന് കൊതിക്കുകയാണ് ഞാൻ. ദിവസവും അദ്ദേഹത്തിനൊപ്പം കഴിയുകയും പഠിക്കുകയും ചെയ്തിരുന്നെങ്കിൽ (ഇസ്‌ലാമിക കർമങ്ങൾ) അനുഷ്ഠിക്കാനും ഒരു മുസ്‌ലിം സംസ്‌കാരത്തിനകത്ത് വളരാനും കഴിയുമായിരുന്നു. എന്നാൽ, അതിനുള്ള അവസരം എനിക്ക് കിട്ടിയില്ല.'' അമേരിക്കൻ ഫാഷൻ മാഗസിനായ 'ജിക്യു'വിന് നൽകിയ അഭിമുഖത്തിൽ ബെല്ല ഹദീദ് പറഞ്ഞു.
2000ത്തിൽ അച്ഛനും അമ്മയും വേർപിരിഞ്ഞ ശേഷം സ്വന്തം വേരുകളിൽനിന്ന് പിഴുതെറിയപ്പെട്ട പോലെയാണ് അനുഭവപ്പെട്ടതെന്നും ബെല്ല വെളിപ്പെടുത്തി. അതിൽ അതീവ ദുഃഖിതയാണെന്നും ഒറ്റപ്പെട്ടുപോയ പോലെയാണെന്നും അവർ പറഞ്ഞു.
ഫലസ്തീൻ പ്രശ്‌നങ്ങളിൽ പ്രതികരിച്ചതിന്റെ പേരിൽ ജോലി പോകുന്ന പേടിയില്ലെന്നും ബെല്ല വ്യക്തമാക്കി. ഫലസ്തീനെക്കുറിച്ച് സംസാരിക്കുമ്പോൾ മറ്റു പല ലേബലുകളുമാണ് എനിക്ക് ലഭിക്കുന്നത്. അതിന്റെ പേരിൽ നിരവധി കമ്പനികൾ താനുമായുള്ള കരാർ അവസാനിപ്പിച്ചു. നിരവധി സുഹൃത്തുകൾ തന്നെ പാടേ ഉപേക്ഷിച്ചെന്നും ബെല്ല കൂട്ടിച്ചേർത്തു.
ഇനിയും ഫലസ്തീനെ സ്വതന്ത്രമായി കാണാനാകാത്ത അവിടെയുള്ള പ്രായമായവർക്കും സുന്ദരമായൊരു ജീവിതത്തിനു സാധ്യതയുള്ള കുട്ടികൾക്കും വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്ന് ബെല്ല പറഞ്ഞു. ഇത്തരം കാര്യങ്ങൾ സംസാരിക്കാവുന്ന ഒരു സ്ഥാനത്ത് എത്തിപ്പെട്ടതിൽ ഭാഗ്യവതിയാണ് താനെന്നും അവർ കൂട്ടിച്ചേർത്തു.
ഫലസ്തീൻ റിയൽ എസ്റ്റേറ്റ് വ്യവസായിയായ മുഹമ്മദ് ഹദീദും ഡച്ച് മോഡൽ യൊലാൻഡ ഹദീദുമാണ് ബെല്ലയുടെ മാതാപിതാക്കൾ. മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം അമ്മയ്‌ക്കൊപ്പം കാലിഫോർണിയയിലാണ് ബെല്ല കഴിഞ്ഞത്.
Summary: Famous supermodel Bella Hadid says she regrets not having grown up in a Muslim culture and clarifies that she is unafraid to lose modeling jobs for Palestinian activism
Adjust Story Font
16