പഥേർ പാഞ്ചാലിയിലെ ദുർഗ; ബംഗാളി നടി ഉമാ ദാസ്‍ഗുപ്ത അന്തരിച്ചു
അർബുദം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു
കൊൽക്കത്ത: സത്യജിത് റായിയുടെ ‘പഥേർ പാഞ്ചാലി’ യിലൂടെ ശ്രദ്ധേയയായ നടി ഉമാ ദാസ്‍ഗുപ്ത അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 8.15 ന് കൊൽക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നടൻ ചിരഞ്ജീത് ചക്രവർത്തിയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്.
കുട്ടിക്കാലം മുതൽ നാടകങ്ങളിൽ സജീവമായിരുന്നു ഉമ. അവരുടെ സ്കൂളിലെ അധ്യാപകൻ സത്യജിത് റായിയുടെ സുഹൃത്തായിരുന്നു. അദ്ദേഹം വഴിയാണ് ഉമ ‘പഥേർ പാഞ്ചാലി’യുടെ ഭാഗമാകുന്നത്. ചിത്രത്തിലെ ഉമയുടെ പ്രകടനം വളരെയേറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാൽ, പഥേർ പാഞ്ചാലിക്കുശേഷം ഉമ മുഖ്യധാരാ സിനിമയിൽ സജീവമായിരുന്നില്ല.
ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ 'പഥേർ പാഞ്ചാലി' എന്ന നോവലിനെ ആസ്പദമാക്കി സത്യജിത് റായി സംവിധാനം ചെയ്ത ചിത്രം 1955 ലാണ് പുറത്തിറങ്ങിയത്. റായിയുടെ ആദ്യസംവിധാന സംരംഭമായ ചിത്രം ലോകസിനിമയിലെ തന്നെ ക്ലാസിക്കുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. സുബിർ ബാനർജി, കനു ബാനർജി, കരുണ ബാനർജി, പിനാകി സെൻഗുപ്ത, ചുനിബാല ദേവി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
Adjust Story Font
16