'ആദ്യം വളയിലും കൈയിലും പിടിച്ചു; തോളിലും മുടിയിലും തലോടാൻ തുടങ്ങിയതോടെ ഞാന്‍ ഇറങ്ങിയോടി'; രഞ്ജിത്തിനെതിരെ ബംഗാളി നടി
''ആ രാത്രി മുഴുവൻ പേടിയോടെയാണു ഞാൻ കഴിഞ്ഞത്. ആരെങ്കിലും അകത്തു കയറിവരുമോ എന്നു പേടിച്ചു വാതിലിനു പിന്നില്‍ കസേര വലിച്ചിട്ട് ഇരിക്കുകയായിരുന്നു ഞാൻ.''
കൊൽക്കത്ത/കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി. 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ മുറിയിലേക്കു വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നാണു വെളിപ്പെടുത്തൽ. ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിക്കുകയും കഴുത്തിലും മുടിയിലും പിടിക്കുകയും ചെയ്തു. ഇതോടെ മുറിയിൽനിന്ന് ഇറങ്ങിയോടിയെന്നും നടി വെളിപ്പെടുത്തി. തൊട്ടടുത്ത ദിവസം നാട്ടിലേക്കു മടങ്ങാൻ ടിക്കറ്റ് എടുത്തുതരാൻ നിർമാതാവിനോട് ആവശ്യപ്പെട്ടെങ്കിലും ഒരു സഹായവുമുണ്ടായില്ലെന്നും നടി ഒരു മാധ്യമത്തോട് പറഞ്ഞു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം 'അകലെ'യിൽ ഞാൻ അഭിനയിച്ചിരുന്നു. ഇതിനുശേഷമാണ് മറ്റൊരാൾ വഴി സിനിമയിലേക്ക് വിളിവരുന്നത്. ആ സമയത്ത് വ്യക്തിപരമായ പ്രശ്‌നങ്ങൾ കാരണം മാനസികമായി തകർന്നിരിക്കുകയായിരുന്നു. അന്ന് എന്നോട് കൊച്ചിയിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് നടി പറഞ്ഞു.
2009ലോ 2010ലോ ആയിരുന്നു ഇത്. അങ്ങനെ ഞാൻ നിർദേശിച്ച പ്രകാരം കൊച്ചിയിലെത്തി. നല്ലൊരു ഹോട്ടലിൽ താമസമൊരുക്കിയിരുന്നു അവർ. രാവിലെ സംവിധായകൻ രഞ്ജിത്ത് കാണുകയും ശേഷം ഫോട്ടോഷൂട്ട് നടത്തുകയും സിനിമയെ കുറിച്ചു സംസാരിക്കുകയുമെല്ലാം ചെയ്തു. എന്റെ വ്യക്തിപരമായ വിഷയങ്ങളും സംസാരിച്ചിരുന്നുവെന്നും അവർ പറഞ്ഞു.
പാലേരി മാണിക്യം സിനിമയ്ക്കാണെന്നു തോന്നുന്നു. മമ്മൂട്ടിക്കൊപ്പമായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അത് എനിക്കു വലിയ കാര്യമായിരുന്നു. തെന്നിന്ത്യൻ സിനിമകൾ, പ്രത്യേകിച്ചും മലയാളം സിനിമകൾ ഏറെ ഇഷ്ടമുള്ളയാളായിരുന്നു ഞാൻ. അതുകൊണ്ടാണ് ഇവിടെ അഭിനയിക്കുന്ന കാര്യത്തിൽ ശ്രദ്ധിച്ചത്. ഏറെ പ്രതീക്ഷയോടെയായിരുന്നു ഇവിടെ എത്തിയതെന്നും നടി പറഞ്ഞു.
''വൈകുന്നേരം വീണ്ടും എന്നെ വിളിപ്പിച്ചു. നിർമാതാവ് ഉൾപ്പെടെ സിനിമയുടെ അണിയറ പ്രവർത്തകർ വന്നു. നല്ല കൂടിക്കാഴ്ചയായിരുന്നു അത്. സിനിമയെ കുറിച്ചു കൂടുതൽ കാര്യങ്ങൾ സംസാരിച്ചു.
ഞാൻ മുൻപ് പ്രവർത്തിച്ചിട്ടുള്ള ബുദ്ധദേവ് രാജ്ഗുപ്തയുമായി ഇതിനിടയിൽ അദ്ദേഹം(രഞ്ജിത്ത്) ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. എന്നോട് അക്കാര്യം പറയുകയും സംസാരിക്കണോ എന്നു ചോദിക്കുകയും ചെയ്തു. സംസാരിച്ചാൽ കൊള്ളാമെന്നു പറഞ്ഞപ്പോൾ കൂടെ വരാൻ പറഞ്ഞ് അദ്ദേഹം മറ്റൊരു മുറിയിലേക്കു പോയി. ബെഡ്‌റൂം ഇരുട്ടിലായതിനാൽ അപ്പുറത്തുള്ള ബാൽക്കണിയിലേക്കാണ് അദ്ദേഹം പോയത്. ഞാനും കൂടെപ്പോയി. അവിടെ എത്തിയപ്പോൾ അദ്ദേഹം എന്റെ വളകളിലും കൈയിലും തൊലിയിലുമെല്ലാം സ്പർശിക്കാൻ തുടങ്ങി. സ്ത്രീകൾക്ക് ഇതു മനസിലാക്കാൻ കഴിയും; എന്താണു സംഭവിക്കുന്നതെന്ന്.
എനിക്ക് അസ്വസ്ഥത തോന്നി. എന്നാൽ, എന്റെ അമിതമായ ചിന്തയാകുമെന്നു കരുതി അധികം പ്രതികരിച്ചില്ല. ഞാൻ പ്രതിഷേധിക്കുകയോ തടയുകയോ ചെയ്യുന്നില്ലെന്നു കണ്ടപ്പോൾ എന്റെ കഴുത്തിലും മുടിയിലുമെല്ലാം തലോടാന്‍ തുടങ്ങി. ഞാൻ അവിടെനിന്നു രക്ഷപ്പെട്ടു. മുറിയിൽനിന്നു പുറത്തിറങ്ങി.''
സിനിമാ ഇൻഡസ്ട്രിയുടെ സ്വഭാവം അറിയുന്നതുകൊണ്ട് വലിയ ഞെട്ടലൊന്നുമുണ്ടായിരുന്നില്ലെന്നും നടി പറഞ്ഞു. എന്നാൽ, ഇവർക്കൊപ്പം പ്രവർത്തിക്കാൻ എനിക്കു കഴിയില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. അസോഷ്യേറ്റ് ഡയരക്ടറെ വിളിച്ച് അക്കാര്യം അറിയിക്കുകയും ചെയ്തു. ആ രാത്രി ഒരിക്കലും മറക്കാനാകില്ല. വലിയ മാനസികാഘാതമായിരുന്നു അത്. അന്ന് ഭർത്താവുമായും സംസാരിക്കാൻ പറ്റിയ ഘട്ടത്തിലായിരുന്നില്ല. അന്ന് ഒന്നു ഫോണിൽ വിളിച്ചു സംസാരിക്കാൻ പോലും ഒരാളുമുണ്ടായിരുന്നില്ല.
ആ രാത്രി മുഴുവൻ പേടിയോടെയാണു ഞാൻ കഴിഞ്ഞത്. അന്ന് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ആരെങ്കിലും വാതിൽ തുറന്ന് വരുമോ എന്നു പേടിച്ച് കസേര അടുത്തു ചാരിയിട്ട് ഇരിക്കുകയായിരുന്നു ഞാൻ. പിറ്റേന്നു രാവിലെ നിർമാതാവിനെ വിളിച്ചു നാട്ടിലേക്കു മടങ്ങാൻ ടിക്കറ്റ് എടുത്തുതരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, അവർ ടിക്കറ്റോ മറ്റു സജ്ജീകരണങ്ങളോ ഒന്നും ചെയ്തുതന്നില്ല.
അന്നു വിഷയം പരസ്യമായി പറയാൻ സോഷ്യൽ മീഡിയയൊന്നും ഇത്ര സജീവമായിരുന്നില്ല. മലയാളം സിനിമയിൽ മാത്രമല്ല ബംഗാളിയിലും ഹിന്ദിയിലുമെല്ലാം ഇതുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
Summary: Bengali actress makes sexual allegations against Ranjith, director and chairman of the Kerala Chalachitra Academy chairman
Adjust Story Font
16